‘ഭൂമിക ബഹ്റൈൻ’ സാംസ്‌കാരിക സന്ധ്യ നവംബർ 5-ന്

മനാമ: ബഹ്റൈനിലെ പ്രമുഖ സാംസ്‌കാരിക കൂട്ടായ്മയായ ‘ഭൂമിക ബഹ്റൈൻ’ സംഘടിപ്പിക്കുന്ന സംവാദസന്ധ്യയും നോവൽ ചർച്ചയും 2026 നവംബർ 5 വ്യാഴാഴ്ച രാത്രി 8 മണിക്ക് അദ്ലിയ ഓറ ആർട്‌സ് സെന്ററിൽ നടക്കും.

പ്രശസ്ത സിനിമാ-സാഹിത്യ നിരൂപകനും സംവിധായകനുമായ ഡോ. വി. രാജകൃഷ്ണൻ ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കും. ബഹ്റൈനിലെ പ്രവാസി സഹൃദയരുമായി അദ്ദേഹം സംവദിക്കും. കലയെയും സിനിമയെയും സാഹിത്യത്തെയും വേറിട്ട കാഴ്ചപ്പാടിലൂടെ കാണാനും ആഴത്തിൽ ചിന്തിക്കാനും പ്രേക്ഷകരെ പ്രേരിപ്പിക്കുന്നതായിരിക്കും അദ്ദേഹത്തിന്റെ പ്രഭാഷണവും ആശയവിനിമയവും.

ഇതോടൊപ്പം ബഹ്റൈനിലെ പ്രമുഖ എഴുത്തുകാരനും പ്രഭാഷകനുമായ ഇ. എ. സലിം രചിച്ച ‘പൊന്നൊഴുകി വന്ന കാലം’ എന്ന നോവലിനെക്കുറിച്ചുള്ള സംവാദവും ആസ്വാദനചർച്ചയും നടക്കും.

വായനയും ചിന്തയും സംവാദവും ഇഷ്ടപ്പെടുന്ന ബഹ്റൈനിലെ മുഴുവൻ കലാ-സാഹിത്യപ്രേമികളെയും അദ്ലിയ ഓറ ആർട്‌സ് സെന്ററിലേക്ക് ഹൃദയപൂർവം സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

Content Highlights: Bhumika Bahrain will host a cultural evening and a discussion of E. A. Salim’s novel ‘Ponn ozhuki vanna kaalam’ on November 5, 2026, at Adliya Aura Arts Centre.