സുസ്ഥിരതാ ഫോറവും ബിബികെയും ചേർന്ന് ഉന്നതതല റൗണ്ട് ടേബിൾ സംഘടിപ്പിച്ചു

മനാമ: ബാങ്ക് ഓഫ് ബഹ്റൈൻ ആൻഡ് കുവൈത്ത് (ബിബികെ), സുസ്ഥിരതാ ഫോറം മിഡിൽ ഈസ്റ്റ് (എസ്എഫ്എംഇ) എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ഷെറാട്ടൺ ബഹ്റൈൻ ഹോട്ടലിൽ ഉന്നതതല റൗണ്ട് ടേബിൾ സംഘടിപ്പിച്ചു. ‘സുസ്ഥിര ധനകാര്യം പ്രയോജനപ്പെടുത്തൽ: പ്രതിരോധശേഷിയുള്ള വളർച്ചയും ബഹ്റൈന്റെ ഹരിത പരിവർത്തനവും’ എന്ന വിഷയത്തിലായിരുന്നു പരിപാടി.
ദേശീയ വികസന മുൻഗണനകൾ ത്വരിതപ്പെടുത്തുന്നതിനും ദീർഘകാല സാമ്പത്തിക പ്രതിരോധശേഷി വർധിപ്പിക്കുന്നതിനും സുസ്ഥിര ധനസഹായം എങ്ങനെ പ്രയോജനപ്പെടുത്താമെന്ന് ചർച്ച ചെയ്യുന്നതിനായി ബഹ്റൈനിലെ സാമ്പത്തിക മേഖല, സർക്കാർ, യഥാർഥ സമ്പദ്വ്യവസ്ഥ എന്നിവയിൽ നിന്നുള്ള പ്രമുഖ പങ്കാളികൾ പരിപാടിയിൽ ഒത്തുചേർന്നു. രാജ്യത്തെ ചെറുകിട, ഇടത്തരം സംരംഭങ്ങളെ (എസ്എംഇ) പിന്തുണയ്ക്കുന്നതിനായി ബിബികെ വികസിപ്പിച്ച സൗജന്യ എസ്എംഇ ടൂൾകിറ്റും റൗണ്ട് ടേബിളിൽ പ്രഖ്യാപിച്ചു.
2060ഓടെ നെറ്റ് സീറോ എമിഷൻ കൈവരിക്കാനുള്ള ബഹ്റൈന്റെ ലക്ഷ്യത്തെ പിന്തുണയ്ക്കുന്നതിനൊപ്പം സാമ്പത്തിക വളർച്ച, ബിസിനസ് പ്രതിരോധശേഷി, പരിസ്ഥിതി സംരക്ഷണം എന്നിവയ്ക്ക് സുസ്ഥിര ധനകാര്യത്തിന്റെ പ്രാധാന്യവും ചർച്ചയിൽ എടുത്തുകാട്ടി. മത്സരശേഷി ശക്തിപ്പെടുത്തുന്നതിനും പരിവർത്തനവുമായി ബന്ധപ്പെട്ട നിക്ഷേപ അവസരങ്ങൾ പ്രയോജനപ്പെടുത്തുന്നതിനും സുസ്ഥിര സാമ്പത്തിക വികസനം മുന്നോട്ടുകൊണ്ടുപോകുന്നതിനുമുള്ള പ്രായോഗിക മാർഗങ്ങളിലായിരുന്നു ചർച്ചകൾ കേന്ദ്രീകരിച്ചത്.
ബിബികെയുടെ സുസ്ഥിര ധനകാര്യ ചട്ടക്കൂടും സുസ്ഥിര ധനകാര്യ പരിഹാരങ്ങളുടെ വിപുലമായ പോർട്ട്ഫോളിയോയും വഴി സാമ്പത്തിക വ്യവസ്ഥയിൽ പരിസ്ഥിതി, സാമൂഹിക മുൻഗണനകൾ ഉൾപ്പെടുത്താനുള്ള ബാങ്കിന്റെ പ്രതിബദ്ധത ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ യാസർ അൽഷാരിഫി ഉദ്ഘാടന പ്രസംഗത്തിൽ വ്യക്തമാക്കി.
തുടർന്ന് ‘അഭിലാഷത്തിൽ നിന്ന് പ്രവർത്തനത്തിലേക്ക്: ബഹ്റൈന്റെ നെറ്റ് സീറോ പ്രതിബദ്ധത മുന്നോട്ടുകൊണ്ടുപോകുന്നതിൽ ധനകാര്യത്തിന്റെ പങ്ക്’ എന്ന വിഷയത്തിൽ സംവാദം നടന്നു. ബിബികെ ഗ്രൂപ്പ് ചീഫ് സ്ട്രാറ്റജി ആൻഡ് ട്രാൻസ്ഫർമേഷൻ ഓഫീസർ മുഹമ്മദ് അലാലി പങ്കെടുത്ത സംവാദം കെപിഎംജി ബഹ്റൈനിലെ പങ്കാളിയും അഡ്വൈസറി, റിസ്ക് കൺസൾട്ടിങ് വിഭാഗങ്ങളുടെ മേധാവിയുമായ ജെവായ്പ്രിയ പാർട്ടിബൻ മോഡറേറ്റ് ചെയ്തു.
തുടർന്ന് രണ്ട് പാനൽ ചർച്ചകൾ നടന്നു. ‘ചട്ടക്കൂടുകളിൽ നിന്ന് പ്രവർത്തനത്തിലേക്ക്: വ്യാപ്തിയും സ്വാധീനവും കൈവരിക്കാനുള്ള തന്ത്രങ്ങൾ’ എന്ന ആദ്യ പാനലിൽ എച്ച്എസ്ബിസി ബാങ്ക് മിഡിൽ ഈസ്റ്റ് ലിമിറ്റഡിന്റെ ബഹ്റൈൻ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും ബാങ്കിങ് മേധാവിയുമായ ജോസഫ് ഘോരായേബ്, ബഹ്റൈൻ അസോസിയേഷൻ ഓഫ് ബാങ്ക്സിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സീബ അസ്കർ, ബിബികെ ചീഫ് റീട്ടെയിൽ ബാങ്കിങ് ഓഫീസർ ഡോ. അഹമ്മദ് താഖി, എസ്എഎഫ്എ അസിസ്റ്റന്റ് മാനേജർ റസാൻ ബുച്ചീരി എന്നിവർ പങ്കെടുത്തു. കെപിഎംജിയിലെ ഇഎസ്ജി മാനേജർ നരേൻ പശുപലതി മോഡറേറ്ററായി.
സുസ്ഥിര ധനസഹായത്തിന്റെ വ്യാപ്തി വർധിപ്പിക്കൽ, സഹകരണം ശക്തിപ്പെടുത്തൽ, സുസ്ഥിരതാ ചട്ടക്കൂടുകളെ പ്രായോഗിക നടപടികളിലേക്ക് മാറ്റൽ തുടങ്ങിയ വിഷയങ്ങൾ പാനലിൽ ചർച്ച ചെയ്തു.
‘സുസ്ഥിര വളർച്ചയ്ക്കും ദേശീയ വികസനത്തിനുമായി എസ്എംഇകൾക്ക് ധനസഹായം’ എന്ന രണ്ടാമത്തെ പാനലിൽ ബഹ്റൈൻ ഡെവലപ്മെന്റ് ബാങ്ക് ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ദലാൽ അൽഖൈസ്, ബിബികെ ഗ്രൂപ്പ് ചീഫ് റിസ്ക് ഓഫീസർ ഇബ്രാഹിം മഷാൽ, യുണൈറ്റഡ് എന്റർപ്രൈസസിന്റെ മാനേജിങ് ഡയറക്ടർ മുഹമ്മദ് അൽ എഅലി, തംകീൻ പ്രോഗ്രാം ഡിസൈൻ ആൻഡ് ഡെലിവറി ഡെപ്യൂട്ടി ചീഫ് എക്സിക്യൂട്ടീവ് ഖാലിദ് അൽബയാത്ത് എന്നിവർ പങ്കെടുത്തു. ഘിത ബോർഡ് ചെയർമാൻ ബാസിം അൽസായി ചർച്ച നിയന്ത്രിച്ചു.
ബഹ്റൈന്റെ സാമ്പത്തിക വൈവിധ്യവൽക്കരണവും സുസ്ഥിരതാ ലക്ഷ്യങ്ങളും മുന്നോട്ടുകൊണ്ടുപോകുന്നതിനായി എസ്എംഇകൾക്കുള്ള ധനസഹായം ശക്തിപ്പെടുത്തുന്നതാണ് ചർച്ചയുടെ പ്രധാന വിഷയം. അനുയോജ്യമായ ധനസഹായ പരിഹാരങ്ങൾ, ഉപദേശക സേവനങ്ങൾ, ശേഷി വികസന പിന്തുണ, പ്രായോഗിക സമീപനങ്ങൾ എന്നിവയും പാനൽ ചർച്ച ചെയ്തു.
Content Highlights: BBK and Sustainability Forum Middle East hosted a high-level roundtable in Bahrain on sustainable finance, green transition and support for SMEs.