മനുഷ്യക്കടത്ത് തടയുന്നതിനായുള്ള ഏഴാമത് സർക്കാർ ഫോറത്തിന് ബി.ബി.കെ. സ്പോൺസർഷിപ്പ് നൽകുന്നു

മനാമ : മധ്യകിഴക്കൻ മേഖലയിൽ മനുഷ്യക്കടത്ത് തടയുന്നതിനായുള്ള ഏഴാമത് സർക്കാർ ഫോറത്തിന്റെ 'ഗോൾഡ് സ്പോൺസർ' ആയി ബഹ്റൈൻ ആൻഡ് കുവൈറ്റ് ബാങ്ക് പങ്കാളിയാകുന്നു. ഒക്ടോബർ 12 മുതൽ 14 വരെ നടക്കുന്ന ഈ ഫോറം, 'മനുഷ്യക്കടത്ത് തടയുന്നതിനുള്ള ദേശീയ സമിതി'യുമായി സഹകരിച്ച് 'ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി' ആണ് സംഘടിപ്പിക്കുന്നത്. 2019-ൽ ജിസിസി രാജ്യങ്ങൾ, മറ്റ് നിരവധി രാജ്യങ്ങൾ, ഐക്യരാഷ്ട്രസഭയുടെ വിവിധ സംഘടനകളുടെ പ്രതിനിധികൾ എന്നിവരുടെ പങ്കാളിത്തത്തോടെ ബഹ്റൈന്റെ മുൻകൈയിൽ ആരംഭിച്ച ഈ ഫോറത്തിന് ബഹ്റൈൻ ആതിഥേയത്വം വഹിക്കുന്നത് ഇത് രണ്ടാം തവണയാണ്.
'നൂതന ആശയങ്ങളിലൂടെയും പങ്കാളിത്തങ്ങളിലൂടെയും പ്രവർത്തനങ്ങളുടെ സുസ്ഥിരത വർദ്ധിപ്പിക്കുക' എന്നതാണ് ഈ വർഷത്തെ ഫോറത്തിന്റെ പ്രമേയം. മനുഷ്യക്കടത്ത് തടയുന്നതിനുള്ള അന്താരാഷ്ട്ര-പ്രാദേശിക ശ്രമങ്ങളെ പിന്തുണയ്ക്കുന്നതിലും, ഈ കുറ്റകൃത്യത്തിന്റെ മാറിക്കൊണ്ടിരിക്കുന്ന രീതികളെയും രീതിശാസ്ത്രങ്ങളെയും നേരിടാനുള്ള ശേഷിയും സുസ്ഥിരതയും ശക്തിപ്പെടുത്തുന്നതിലും ബഹ്റൈനും മേഖലയിലെ മറ്റ് രാജ്യങ്ങളും പുലർത്തുന്ന പ്രതിബദ്ധത ഇൗ ഫോറം എടുത്തുകാട്ടുന്നു. ഒപ്പം, പൊതു-സ്വകാര്യ പങ്കാളിത്തം, സാമൂഹിക പ്രതിബദ്ധത, മനുഷ്യക്കടത്തിനെതിരെ പോരാടുന്നതിനുള്ള സ്ഥാപനപരവും സാമൂഹികവുമായ സംസ്കാരം എന്നിവയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
മനുഷ്യക്കടത്തിനെതിരായ ബോധവൽക്കരണ പ്രവർത്തനങ്ങളിൽ പങ്കാളിത്തത്തിന്റെയും കലയുടെയും പങ്ക് എടുത്തുകാട്ടുന്നതിനായി നിരവധി കലാകാരന്മാരെ അണിനിരത്തിക്കൊണ്ടുള്ള 'ഇൻസാൻ' പ്രദർശനവും ഇൗ ഫോറത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. ദേശീയ തലത്തിലുള്ള ശ്രമങ്ങളെ പിന്തുണയ്ക്കുന്നതിലും, അതിർത്തി കടന്നുള്ള ഈ കുറ്റകൃത്യത്തിന്റെ അപകടങ്ങളെക്കുറിച്ച് സ്ഥാപനങ്ങളിലും സമൂഹത്തിലും അവബോധം വളർത്തുന്നതിലും സജീവ പങ്കാളിയാകാനുള്ള ബാങ്കിന്റെ പ്രതിബദ്ധതയാണ് ഇൗ സ്പോൺസർഷിപ്പ് വ്യക്തമാക്കുന്നതെന്ന് എൽ.എംആർ.ഏ. ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും 'മനുഷ്യക്കടത്ത് തടയുന്നതിനുള്ള ദേശീയ സമിതി'യുടെ ചെയർമാനുമായ നെബ്രാസ് താലിബ് അഭിപ്രായപ്പെട്ടു. ഫോറത്തിനായുള്ള ബി.ബി.കെ. യുടെ സംഭാവനയെ അദ്ദേഹം അഭിനന്ദിച്ചു.
മനുഷ്യക്കടത്ത് തടയുന്നതിനുള്ള ബഹ്റൈന്റെ ശ്രമങ്ങളെ പിന്തുണയ്ക്കുന്നതിൽ പൊതു-സ്വകാര്യ പങ്കാളിത്തത്തിനുള്ള പ്രാധാന്യം തിരിച്ചറിയുന്നതിനൊപ്പം ബാങ്കിന്റെ സാമൂഹിക പ്രതിബദ്ധതയും ഇൗ സ്പോൺസർഷിപ്പ് പ്രതിഫലിപ്പിക്കുന്നുവെന്ന് ബി.ബി.കെ. ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവ് ഒാഫീസർ യാസർ അൽ ഷരീഫി പറഞ്ഞു. സ്ഥാപനപരവും സാമൂഹികവുമായ അവബോധം വളർത്തുന്നതിനും, തൊഴിൽ അന്തരീക്ഷം ശക്തിപ്പെടുത്തുന്നതിനും എല്ലാ കക്ഷികളുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിനും സഹായിക്കുന്ന ദേശീയ സംരംഭങ്ങളെ പിന്തുണയ്ക്കാൻ ബി.ബി.കെ. പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി.
Content Highlights: BBK is the Gold Sponsor for the 7th Government Forum on Human Trafficking., The forum is organized by LMRA and the National Committee for Combating Trafficking in Persons., Event scheduled from October 12 to 14 in Bahrain., Theme focuses on sustainability of actions through innovative ideas and partnerships.