ബഹ്റൈൻ- യുഎഇ 'സിംഗിൾ ട്രാവൽ പോയിന്റ്' എയർ സംരംഭത്തിന് തുടക്കം കുറിച്ചു

മനാമ: ഒന്നിലധികം നിയന്ത്രണ പോയിന്റുകളിൽ ആവർത്തിച്ചുള്ള പരിശോധനകളില്ലാതെ എല്ലാ യാത്രാ നടപടിക്രമങ്ങളും ഒരൊറ്റ പോയിന്റിൽ പൂർത്തിയാക്കാൻ അനുവദിക്കുന്ന നൂതന സംവിധാനം, ജിസിസി ജനറൽ സെക്രട്ടേറിയറ്റുമായി സഹകരിച്ച് ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഔദ്യോഗികമായി ആരംഭിച്ചു. 2025 നവംബർ 12- ന് കുവൈറ്റിൽ നടന്ന ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) സംസ്ഥാനങ്ങളുടെ ആഭ്യന്തര മന്ത്രിമാരുടെ 42-ാമത് യോഗത്തിൽ, ബഹ്റൈൻ രാജ്യത്തിനും യുണൈറ്റഡ് അറബ് എമിറേറ്റ്സിനും ഇടയിലുള്ള 'സിംഗിൾ ട്രാവൽ പോയിന്റ്' എയർ സിസ്റ്റത്തിന്റെ ആദ്യ ഘട്ടത്തിന് അംഗീകാരം നൽകിയ തീരുമാനമാണ് നടപ്പിലാക്കിയിരിക്കുന്നത്.
ആഭ്യന്തര ഡെപ്യൂട്ടി മന്ത്രി ലെഫ്റ്റനന്റ് ജനറൽ ആദേൽ ബിൻ ഖലീഫ അൽ ഫാദേൽ, യുഎഇ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി ഡയറക്ടർ ജനറൽ മേജർ ജനറൽ സുഹൈൽ സയീദ് അൽ ഖൈലി, ജിസിസി സെക്രട്ടറി ജനറൽ ജാസിം മുഹമ്മദ് അൽ ബുദൈവി എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.
'സിംഗിൾ ട്രാവൽ പോയിന്റ്' എയർ പ്രൊജക്ടിന്റെ ആദ്യഘട്ടം ബഹ്റൈനും സഹജിസിസി അംഗരാജ്യങ്ങളും തമ്മിലുള്ള മാതൃകാപരമായ ബന്ധത്തിൽ നിന്നാണ് ആരംഭിച്ചതെന്ന് ആഭ്യന്തര ഉപമന്ത്രി പറഞ്ഞു. അതിർത്തി സുരക്ഷ വർധിപ്പിക്കുകയും യാത്രക്കാരുടെ അനുഭവം ഉയർത്തുകയും ചെയ്യുന്ന സ്മാർട്ട്- സംയോജിത മൊബിലിറ്റി സിസ്റ്റം സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ ഗൾഫ് സംയോജനത്തിലേക്കുള്ള തന്ത്രപരമായ പാത അദ്ദേഹം അടിവരയിട്ടു.
യാത്രക്കാർക്ക് പുറപ്പെടുന്ന രാജ്യത്ത് അവരുടെ നടപടിക്രമങ്ങൾ മുൻകൂട്ടി പൂർത്തിയാക്കാൻ കഴിയുന്ന നൂതന പ്രവർത്തന മാതൃകയാണ് പദ്ധതി അവതരിപ്പിക്കുന്നതെന്ന് ലെഫ്റ്റനന്റ് ജനറൽ അൽ ഫാദേൽ പറഞ്ഞു. ഡിജിറ്റൽ സാങ്കേതികവിദ്യ സ്വീകരിക്കുന്നതിനും പ്രവർത്തന കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനും സേവന നിലവാരം മെച്ചപ്പെടുത്തുന്നതിനും ഏറ്റവും പുതിയ സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തുന്നതിനുമുള്ള ബഹ്റൈൻ രാജ്യത്തിന്റെ പ്രതിബദ്ധത സംരംഭം പ്രതിഫലിപ്പിക്കുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
യാത്രക്കാർക്ക് യാത്ര സുഗമമാക്കുന്നതിനും സുരക്ഷിതവും സുഗമവുമായ യാത്രാനുഭവം നൽകുന്നതിനുമുള്ള ജിസിസി രാജ്യങ്ങളുടെ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്ന നൂതന സംരംഭങ്ങളിൽ ഒന്നാണ് സിംഗിൾ ട്രാവൽ പോയിന്റ് പദ്ധതിയെന്ന് മേജർ ജനറൽ അൽ ഖൈലി അഭിപ്രായപ്പെട്ടു. ഇലക്ട്രോണിക് കണക്റ്റിവിറ്റിയിലൂടെയും ഡാറ്റാ എക്‌സ്‌ചേഞ്ചിനും പ്രോസസിങ്ങിനുമായി നൂതന സാങ്കേതികവിദ്യകളുടെയും ആപ്ലിക്കേഷനുകളുടെയും വിന്യാസത്തിലൂടെയും പ്രാദേശിക, ആഗോള തലങ്ങളിൽ തന്ത്രപരമായ പങ്കാളികളുമായുള്ള സഹകരണവും പങ്കാളിത്തവും ശക്തിപ്പെടുത്തുന്നതിനുള്ള അതോറിറ്റിയുടെ താത്പര്യം അദ്ദേഹം എടുത്തുപറഞ്ഞു.
ഇരു രാജ്യങ്ങളും തമ്മിലുള്ള വിനോദസഞ്ചാരവും പ്രാദേശിക വ്യാപാരവും വർധിപ്പിക്കുന്നതിന് പദ്ധതി സംഭാവന ചെയ്യുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. നേരത്തേ, ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിലെ 'സിംഗിൾ ട്രാവൽ പോയിന്റിന്റെ' ആദ്യഘട്ടത്തിന്റെ നടപടിക്രമങ്ങളെക്കുറിച്ച് ഉദ്യോഗസ്ഥരെ വിശദീകരിച്ചു. ജിസിസി തലത്തിൽ ആദ്യ ഘട്ടമായി, ബഹ്റൈനിൽ നിന്നും അബുദാബിയിൽനിന്നും എത്തുന്ന ഇരുരാജ്യങ്ങളിലെയും പൗരന്മാർക്കായി ഡിസംബർ, ജനുവരി മാസങ്ങളിൽ എത്തിഹാദ് എയർവേയ്സ്, ഗൾഫ് എയർ വിമാനങ്ങളിൽ ഇരുപക്ഷവും പൈലറ്റ് നടപടിക്രമങ്ങൾ നടത്തിയിരുന്നു.
Content Highlights: Bahrain and UAE launch `Single Travel Point` air system at Bahrain International Airport for seamless travel. Enjoy faster, secure journeys