മികച്ച ഗായകരെ കണ്ടെത്താൻ പ്രതിഭ; ബഹ്റൈൻ ടോപ് സിങ്ങർ രജിസ്ട്രേഷൻ ആരംഭിച്ചു

മനാമ: ബഹ്റൈനിലെ മികച്ച ഗായകരെ കണ്ടെത്തുന്നതിനും അവരുടെ ആലാപനമികവ് പ്രകടിപ്പിക്കുന്നതിന് മികച്ച വേദിയൊരുക്കുന്നതിനുമായി ബഹ്റൈൻ പ്രതിഭ സംഘടിപ്പിക്കുന്ന 'ബഹ്റൈൻ ടോപ് സിംഗർ' സംഗീത മത്സരത്തിന്റെ രജിസ്ട്രേഷൻ ആരംഭിച്ചു. പ്രവാസലോകത്തെ ഗായകരെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുക, വളർന്നുവരുന്ന ഗായകർക്ക് തങ്ങളുടെ കഴിവുകൾ അവതരിപ്പിക്കാൻ അവസരമൊരുക്കുക, സംഗീതരംഗത്ത് കൂടുതൽ ഉയരങ്ങളിലേക്ക് കടന്നുചെല്ലാൻ അവരെ പ്രാപ്തരാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ബഹ്റൈൻ പ്രതിഭ ഈ സംഗീതമത്സരം സംഘടിപ്പിക്കുന്നത്.
മത്സരത്തിന്റെ പ്രാഥമിക ഓഡിഷൻ 2026 ഡിസംബർ 11 വെള്ളിയാഴ്ച സൽമാനിയയിലെ പ്രതിഭ സെന്ററിൽ നടക്കും. ഓഡിഷനിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന 18 മത്സരാർത്ഥികൾ 2027 ഫെബ്രുവരി 5 മുതൽ ആരംഭിക്കുന്ന വിവിധ മത്സരഘട്ടങ്ങളിൽ മാറ്റുരയ്ക്കും. ആറ് മത്സര റൗണ്ടുകളിലായി സംഘടിപ്പിക്കുന്ന സംഗീതമത്സരത്തിന്റെ ഗ്രാൻഡ് ഫിനാലെ 2027 മാർച്ച് 12 വെള്ളിയാഴ്ച പൊതുവേദിയിൽ വച് നടക്കും. പ്രധാനമായും മലയാള ഗാനങ്ങൾക്ക് പ്രാധാന്യം നൽകുന്ന മത്സരത്തിൽ സംഘാടകസമിതി നിർദേശിക്കുന്ന പ്രത്യേക റൗണ്ടുകളിൽ മറ്റു ഭാഷകളിലുള്ള ഗാനങ്ങൾ അവതരിപ്പിക്കുന്നതിനും അവസരമുണ്ടാകും. വ്യത്യസ്ത സംഗീതശൈലികളിലുള്ള മത്സരഘട്ടങ്ങളിലൂടെ ഗായകരുടെ ആലാപനമികവും സംഗീതപരമായ കഴിവുകളും വിലയിരുത്തും.
ബഹ്റൈനിൽ താമസിക്കുന്ന 16 വയസ്സും അതിൽ കൂടുതലും പ്രായമുള്ള സംഗീതപ്രതിഭകൾക്ക് മത്സരത്തിൽ പങ്കെടുക്കാം. 18 വയസ്സിൽ താഴെയുള്ള മത്സരാർത്ഥികൾക്ക് രക്ഷിതാക്കളുടെ സമ്മതം ആവശ്യമാണ്. വിജയികളെ ആകർഷകമായ ക്യാഷ് പ്രൈസുകൾ കാത്തിരിക്കുന്നു. ബഹ്റൈനിലെ കലാസാംസ്കാരിക, ജീവകാരുണ്യ പ്രവർത്തന രംഗത്ത് സജീവമായി പ്രവർത്തിച്ചുവരുന്ന ബഹ്റൈൻ പ്രതിഭയുടെ ഈ പുതിയ ഉദ്യമം സംഗീതത്തെ സ്നേഹിക്കുന്നവർക്കും വളർന്നുവരുന്ന ഗായകർക്കും ശ്രദ്ധേയമായ അവസരമായി മാറുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ. മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് ഔദ്യോഗിക വെബ്സൈറ്റിലൂടെ ഓൺലൈനായി രജിസ്റ്റർ ചെയ്യാവുന്നതാണ്. ബഹ്റൈനിലെ സംഗീതപ്രതിഭകൾ ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് ബഹ്റൈൻ പ്രതിഭ അഭ്യർത്ഥിച്ചു.
ഓൺലൈൻ രജിസ്ട്രേഷൻ: https://bts.bahrainprathibha.com/
ബഹ്റൈൻ ടോപ് സിംഗർ സംഘാടക സമിതി ചെയർപേഴ്സൺ ഗിരീഷ് മോഹൻ, വൈസ് ചെയർപേഴ്സൺ ഷീബ രാജീവൻ, ജനറൽ കൺവീനർ ഷിജു പിണറായി, ബഹ്റൈൻ പ്രതിഭ മുഖ്യ രക്ഷാധികാരി ബിനു മണ്ണിൽ, ജനറൽ സെക്രട്ടറി സുലേഷ് വി. കെ. എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
കൂടുതൽ വിവരങ്ങൾക്ക്: 34517952, 39556499, 35054669.