ബഹ്റൈൻ പ്രതിഭ ഫിലിം ക്ലബ്ബിന്റെ വർക്ക്ഷോപ്പ് സെപ്റ്റംബർ 9 മുതൽ 19 വരെ

മനാമ: ബഹ്റൈൻ പ്രതിഭ ഫിലിം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പത്ത് ദിവസം നീണ്ടുനിൽക്കുന്ന ആക്ടിങ് വർക്ക്ഷോപ്പ് സെപ്റ്റംബർ 9 മുതൽ 19 വരെ നടക്കും. പ്രശസ്ത നടനും കാസ്റ്റിങ് ഡയറക്ടറും ആക്ടിങ് ട്രെയിനറുമായ അബു വളയംകുളം വർക്ക്ഷോപ്പിന് നേതൃത്വം നൽകും. അഭിനയത്തിൽ താൽപര്യമുള്ളവർക്കായി വേദിയിലെയും ക്യാമറയ്ക്കു മുന്നിലെയും അഭിനയത്തിന്റെ വിവിധ ഘടകങ്ങൾ പരിചയപ്പെടുത്തുകയും പ്രായോഗിക പരിശീലനം നൽകുകയും ചെയ്യും. അഭിനയത്തിന്റെ അടിസ്ഥാന പാഠങ്ങൾ, ശരീരഭാഷ, മുഖഭാവങ്ങൾ, ശബ്ദ വിന്യാസം, കഥാപാത്രത്തെ മനസ്സിലാക്കൽ, ക്യാമറയ്ക്ക് മുന്നിലെ പ്രകടനം തുടങ്ങിയ വിഷയങ്ങൾക്ക് പരിശീലനത്തിൽ പ്രാധാന്യം നൽകും.
നാടകം, ഷോർട്ട് ഫിലിം, റീൽസ് ഉൾപ്പെടെയുള്ള ദൃശ്യകലാ മേഖലകളിൽ താൽപര്യമുള്ളവർക്ക് അവരുടെ കഴിവുകൾ കണ്ടെത്താനും വികസിപ്പിക്കാനും അവസരം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ബഹ്റൈൻ പ്രതിഭ ഫിലിം ക്ലബ് വർക്ക്ഷോപ്പ് സംഘടിപ്പിക്കുന്നത്. പരിമിതമായ സീറ്റുകളാണ് വർക്ക്ഷോപ്പിനായി ഒരുക്കിയിട്ടുള്ളത്. കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനും 34541346, 34099771, 34517952 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണെന്ന് ബഹ്റൈൻ പ്രതിഭ പ്രസിഡന്റ് മഹേഷ് കെ. വിയും ജനറൽ സെക്രട്ടറി വി. കെ. സുലേഷും വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.
Content Highlights: 10-day acting workshop from September 9 to 19., Led by renowned actor and casting director Abu Valayamkulam., Covers stage and camera acting, body language, and voice modulation., Organized by Bahrain Prathibha Film Club for aspiring artists.