നാല്‍പതാം വാര്‍ഷികാഘോഷ നിറവില്‍ ബഹറൈന്‍ പ്രതിഭ

.
.

മനാമ: കഴിഞ്ഞ 40 വര്‍ഷമായി പ്രവാസികളുടെ എല്ലാ തരത്തിലുമുള്ള പ്രയാസങ്ങളിലും ഇടപെട്ടുകൊണ്ട് അവരുടെ സര്‍ഗ്ഗാത്മക പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായി പ്രവര്‍ത്തിക്കുന്ന ബഹ്‌റൈന്‍ പ്രതിഭ എന്ന പുരോഗമന ആശയത്തിലൂന്നിയ സംഘടനയുടെ നാല്‍പതാം വാര്‍ഷികാഘോഷം ഡിസംബര്‍ 12 , 13 തീയതികളില്‍ കേരളീയ സമാജം ഡയമണ്ട് ജൂബിലി ഹാളില്‍ വിവിധപരിപാടികളോടെ നടക്കും. കേരള വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് മുഖ്യാതിഥിയായി പങ്കെടുക്കും. ക്വിസ് ഷോ, കേരളത്തിന്റെ സമ്പന്നമായ സാംസ്‌കാരിക പൈതൃകം പ്രദര്‍ശിപ്പിക്കുന്ന സാംസ്‌കാരിക പരിപാടി, നാടക അവതരണം. അവാര്‍ഡ് ദാനചടങ്ങ് എന്നിവയും നടത്തും.

ടെലിവിഷന്‍ അവതാരകന്‍ ഗ്രാന്‍ഡ്മാസ്റ്റര്‍ ജി.എസ്. പ്രദീപ് അവതരിപ്പിക്കുന്ന ‘ബഹ്റൈന്‍ പ്രതിഭ മലയാളി ജീനിയസ്’ എന്ന വിജ്ഞാനോത്സവ മത്സര പരിപാടിയാണ് നാല്പതാം വാര്‍ഷികത്തിന്റെ മുഖ്യ ആകര്‍ഷണം. കഴിവുള്ള പ്രവാസി മലയാളികള്‍ക്ക് അവരുടെ അറിവും വൈദഗ്ധ്യവും സാംസ്‌കാരിക പൈതൃകവും പ്രദര്‍ശിപ്പിക്കാന്‍ ഉപകരിക്കുന്ന ഈ വേദിയില്‍ 500 മത്സരാര്‍ത്ഥികളാണ് മാറ്റുരയ്ക്കുക. ബഹ്റൈനിലെ മലയാളി സമൂഹത്തിലെ പ്രതിഭയെ കണ്ടെത്താനും ആഘോഷിക്കാനും ലക്ഷ്യമിട്ടുള്ള ജി.എസ്.പ്രദീപ് ഷോ ഡിസംബര്‍ 12-ന് വൈകുന്നേരം ഏഴ് മണിക്ക് ആരംഭിക്കും. മൂന്ന് മണിക്കൂറിലെറെ നീണ്ടുനില്‍ക്കുന്ന ഈ പരിപാടിക്ക് പ്രതിഭയുടെ നാലായിരം അംഗങ്ങള്‍ക്ക് പുറമെ പൊതുജനങ്ങളും കാണികളായി എത്തും. ഇതിനായി വിപുലമായ സംവിധാനങ്ങളും പരസ്യം ചെയ്യാനുള്ള സ്‌പേസും ലഭ്യമാക്കും. വിജയിക്ക് ബഹ്റൈന്‍ മലയാളി ജീനിയസ് എവര്‍ റോളിംഗ് ട്രോഫിയും 1,11,111 രൂപ ക്യാഷ് പ്രൈസും ലഭിക്കും. മറ്റ് അഞ്ച് ഫൈനലിസ്റ്റുകള്‍ക്ക് 11,111 രൂപ വീതവും ലഭിക്കും 

സമാപന ദിവസമായ ഡിസംബര്‍ 13 വെള്ളിയാഴ്ച നടക്കുന്ന പരിപാടികള്‍ വൈകുന്നേരം 5.30 മുതല്‍ ആരംഭിക്കും. സാംസ്‌കാരിക സമ്മേളനവും കലാപരിപാടികളുമാണ് മുഖ്യ ആകര്‍ഷണം. കേരള വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് മുഖ്യാതിഥി ആവുന്ന ഈ പരിപാടിയില്‍ ബഹ്‌റൈനിലെയും കേരളത്തിലെയും സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ ഉന്നതര്‍ പങ്കെടുക്കും. തുടര്‍ന്ന് പ്രശസ്ത സാഹിത്യകാരന്‍ എം.ടി. വാസുദേവന്‍ നായരുടെ വിവിധ കഥകളെ ഉപസംഹരിച്ച്, അന്തരിച്ച പ്രശസ്ത നാടക പ്രവര്‍ത്തകന്‍ പ്രശാന്ത് നാരായണന്‍ രൂപപ്പെടുത്തിയ 'മഹാസാഗരം' എന്ന നാടകം പ്രതിഭയുടെ നാടകസംഘം അരങ്ങിലെത്തിക്കും. പ്രതിഭ അംഗവും ബഹ്‌റൈനിലെ അറിയപ്പെടുന്ന നാടക കലാകാരനും പ്രശാന്ത് നാരായണന് കീഴില്‍ മഹാസാഗരത്തില്‍ വേഷമിടുകയും ചെയ്ത വിനോദ്. വി. ദേവനാണ് നാടകം സംവിധാനം ചെയ്യുന്നത്. പ്രവേശനം സൗജന്യമാണ്.

Content Highlights: Bahrain Prathibha 40th Anniversary: Quiz, Cultural Show, & `Malayali Genius` Contest