മോഡൽ യുനൈറ്റഡ് നേഷൻസ് കോൺഫറൻസിൽ നേതൃപാടവം വളർത്തി വിദ്യാർത്ഥികൾ

മനാമ: ഇന്ത്യൻ സ്‌കൂളിൽ സംഘടിപ്പിച്ച ബഹ്റൈൻ മോഡൽ യുണൈറ്റഡ് നേഷൻസ് കോൺഫറൻസ് വിദ്യാർത്ഥികളുടെ നേതൃപാടവത്തിന് മാറ്റുകൂട്ടി. രാജ്യത്തെ പ്രമുഖ സ്‌കൂളുകളിൽ നിന്നുള്ള ഏകദേശം 370 വിദ്യാർത്ഥി പ്രതിനിധികൾ ദ്വിദിന സമ്മേളനത്തിൽ ഒത്തുചേർന്നു. നിർണായകമായ ആഗോള വിഷയങ്ങളിൽ ചർച്ചകൾ നടത്താനും നേതൃപാടവം വളർത്താനും നയതന്ത്രം, അന്താരാഷ്ട്ര ബന്ധങ്ങൾ എന്നിവയെക്കുറിച്ച് പ്രായോഗിക അറിവ് നേടാനും ഈ സമ്മേളനം അവസരമൊരുക്കി. ഇസ ടൗൺ കാമ്പസിലെ സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിന് സ്‌കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ് തിരിതെളിയിച്ചു. പ്രിൻസിപ്പൽ ശാന്തകുമാർ ദസരി, ജൂനിയർ വിംഗ് പ്രിൻസിപ്പൽ പമേല സേവ്യർ, അക്കാദമിക് അഡ്മിനിസ്‌ട്രേഷൻ വൈസ് പ്രിൻസിപ്പൽ രാജേഷ് നായർ, എം.യു.എൻ ഡയറക്ടർ ഛായ ജോഷി, സെക്രട്ടറി ജനറൽ ജോയൽ ഷൈജു, ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഇവാന റേച്ചൽ ബിനു, സംഘാടക സമിതി സ്റ്റുഡന്റ് ഡയറക്ടർ ആര്യൻ സത്യൻ ദാസ്, ഗവേഷണ-പരിശീലന വിഭാഗം സ്റ്റുഡന്റ് ഡയറക്ടർ സഞ്ജയ് പ്രജി എന്നിവർ സന്നിഹിതരായിരുന്നു. ഇന്ത്യൻ സ്‌കൂൾ, അബ്ദുൾ റഹ്‌മാൻ കാനൂ ഇന്റർനാഷണൽ സ്‌കൂൾ, അൽ നൂർ ഇന്റർനാഷണൽ സ്‌കൂൾ, ഏഷ്യൻ സ്‌കൂൾ, ബഹ്റൈൻ ബയാൻ സ്‌കൂൾ, ബഹ്റൈൻ ഇന്ത്യൻ സ്‌കൂൾ, ഇബ്ൻ അൽ ഹൈതം ഇസ്ലാമിക് സ്‌കൂൾ, ന്യൂ ഹൊറൈസൺ സ്‌കൂൾ, ന്യൂ ഇന്ത്യൻ സ്‌കൂൾ, ന്യൂ മില്ലേനിയം സ്‌കൂൾ, സെന്റ് ക്രിസ്റ്റഫേഴ്‌സ് സ്‌കൂൾ തുടങ്ങി നിരവധി സ്‌കൂളുകളിൽ നിന്നുള്ള 6 മുതൽ 12 വരെ ക്ലാസുകളിലെ വിദ്യാർത്ഥികൾ സമ്മേളനത്തിൽ പങ്കെടുത്തു.
സമ്മേളനത്തിന്റെ ആസൂത്രണം, സംഘാടനം, ഏകോപനം, നടത്തിപ്പ് എന്നിവയുടെ പൂർണ്ണ ഉത്തരവാദിത്തം വിദ്യാർത്ഥികൾ തന്നെ ഏറ്റെടുത്തു. വിദ്യാർത്ഥി പ്രതിനിധികൾ വിവിധ കൗൺസിലുകളിലായി വിശദമായ ചർച്ചാവേളകളിലും പങ്കെടുത്തു. ഓരോ കൗൺസിലിനും വിദ്യാർത്ഥി ചെയർമാൻമാർ നേതൃത്വം നൽകി; ഐക്യരാഷ്ട്രസഭയുടെ നടപടിക്രമങ്ങൾ പാലിച്ചുകൊണ്ട് ചർച്ചകൾ മുന്നോട്ട് കൊണ്ടുപോകാൻ അവർ പ്രതിനിധികളെ സഹായിച്ചു. ഉദ്ഘാടന പ്രസംഗം നടത്തിയ സ്‌കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ്, ആഗോള അവബോധമുള്ളവരും ഉത്തരവാദിത്തബോധമുള്ളവരുമായ യുവ പൗരന്മാരെ വളർത്തിയെടുക്കുന്നതിൽ മോഡൽ യുണൈറ്റഡ് നേഷൻസ് സമ്മേളനങ്ങൾക്കുള്ള സുപ്രധാന പങ്ക് എടുത്തുപറഞ്ഞു. ബഹ്റൈൻ ദേശീയ ഗാനത്തോടെയാണ് ഉദ്ഘാടന ചടങ്ങുകൾ ആരംഭിച്ചത്. തുടർന്ന് സെക്രട്ടറി ജനറൽ ജോയൽ ഷൈജു സ്വാഗത പ്രസംഗം നടത്തി.
ചർച്ചകളും മത്സരങ്ങളും മാത്രമല്ല, സഹപ്രതിനിധികളുമായുള്ള ആശയവിനിമയത്തിലൂടെ ലഭിക്കുന്ന സൗഹൃദങ്ങൾ, അനുഭവങ്ങൾ, വ്യത്യസ്ത കാഴ്ചപ്പാടുകൾ, മൂല്യങ്ങൾ എന്നിവയ്ക്കും പ്രാധാന്യം നൽകി സമ്മേളനം പരമാവധി പ്രയോജനപ്പെടുത്താൻ വിദ്യാർത്ഥി ഡയറക്ടർമാരായ സഞ്ജയ് പ്രെജി (ഗവേഷണം & പരിശീലനം), ആര്യൻ സത്യൻ ദാസ് (ഓർഗനൈസിംഗ് കമ്മിറ്റി), ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഇവാന റേച്ചൽ ബിനു എന്നിവർ അഭ്യർത്ഥിച്ചു. ഗവേഷണ വിഭാഗം മേധാവി അഭിനവ് ശ്രീജിത്ത്, പബ്ലിക് റിലേഷൻസ് മേധാവി ശ്രേയ രാജീവ് എന്നിവർ അവതാരകരായിരുന്നു. സ്‌കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ്, പ്രിൻസിപ്പൽ ശാന്ത കുമാർ ദസരി എന്നിവർക്ക് ഉപഹാരങ്ങൾ സമ്മാനിച്ചു.
വയിൽ ഫാർമസി, യുനീകോ, ഫോർഡ്, ഐ.ഡി.പി, അൽമറായി, എം.ഐ.ടി , അൽമൊയ്യദ് മോട്ടോഴ്‌സ്, ടൈലോസ്, ബ്ലൂ സ്‌കൈ ട്രേഡിംഗ് എന്നിവരുടെ ഉദാരമായ സ്‌പോൺസർഷിപ്പിലൂടെയാണ് സമ്മേളനം സാധ്യമായത്. ശനിയാഴ്ച നടക്കുന്ന അവാർഡ് ദാന ചടങ്ങോടെ സമ്മേളനം സമാപിക്കും; മികച്ച പ്രകടനം, നയതന്ത്രപാടവം, ഗവേഷണ മികവ്, നേതൃപാടവം, വാദപ്രതിവാദ ശേഷി എന്നിവ പ്രകടിപ്പിച്ച പ്രതിനിധികളെ ചടങ്ങിൽ ആദരിക്കും.