ബഹ്റൈൻ അന്താരാഷ്ട്ര സംഗീതോത്സവത്തിൽ ഖവ്വാലി സംഗീതം

മനാമ: 35-ാമത് ബഹ്റൈൻ അന്താരാഷ്ട്ര സംഗീതോത്സവത്തിന്റെ ഭാഗമായി, ബഹ്റൈൻ അതോറിറ്റി ഫോർ കൾച്ചർ ആൻഡ് ആന്റിക്വിറ്റീസും ബഹ്റൈനിലെ ഇന്ത്യൻ എംബസിയും സംയുക്തമായി 'കൾച്ചറൽ ഹാളി'ൽ യൂസഫ് ഖാൻ നിസാമിയുടെ ഖവ്വാലി സംഗീത സായാഹ്നം സംഘടിപ്പിച്ചു.

ബഹ്റൈനിലെ ഇന്ത്യൻ അംബാസഡർ ഡോ. പ്രദീപ് സിങ് രാജ്പുരോഹിത്, ബഹ്റൈൻ അതോറിറ്റി ഫോർ കൾച്ചർ ആൻഡ് ആന്റിക്വിറ്റീസിലെ കൾച്ചർ ഡയറക്ടറേറ്റ് ഡയറക്ടർ ഹുദ അൽ അലവി, അതോറിറ്റിയിലെ ഉദ്യോഗസ്ഥർ, വിവിധ രാജ്യങ്ങളിലെ അംബാസഡർമാർ, നയതന്ത്ര പ്രതിനിധികൾ, സാംസ്‌കാരിക-സംഗീത മേഖലകളിലെ പ്രമുഖർ എന്നിവരും പങ്കെടുത്തു.

പരിപാടിയുടെ തുടക്കത്തിൽ, ബഹ്റൈനും ഇന്ത്യയും തമ്മിലുള്ള ദീർഘകാല ചരിത്രപരമായ ബന്ധത്തെക്കുറിച്ച് ഡോ. പ്രദീപ് സിങ് രാജ്പുരോഹിത് എടുത്തുപറഞ്ഞു. ബഹ്റൈൻ അന്താരാഷ്ട്ര സംഗീതോത്സവത്തിൽ ഇന്ത്യൻ എംബസി പങ്കാളിയായതിൽ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു. സംഗീതം എന്നത് ഒരു കലാരൂപം എന്നതിലുപരി, സംസ്‌കാരങ്ങളെയും ജനങ്ങളെയും ഒന്നിപ്പിക്കുന്ന ഒരു പൊതു മാനുഷിക അനുഭവമാണെന്ന് ഹുദ അൽ അലവി അഭിപ്രായപ്പെട്ടു.

ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ പൈതൃകത്തിൽ വേരൂന്നിയ, ഏറ്റവും പ്രധാനപ്പെട്ട സംഗീത ആവിഷ്‌കാര രൂപങ്ങളിലൊന്നാണ് ഖവ്വാലി. സാംസ്‌കാരിക വൈവിധ്യത്തെ ആഘോഷിച്ചുകൊണ്ടും, ലോകമെമ്പാടുമുള്ള സംഗീത പാരമ്പര്യങ്ങൾ പരിചയപ്പെടാൻ അവസരമൊരുക്കിക്കൊണ്ടും 'ബഹ്റൈൻ ഇന്റർനാഷണൽ മ്യൂസിക് ഫെസ്റ്റിവൽ' ഈ സന്ദേശമാണ് പ്രചരിപ്പിക്കുന്നത്.

വാർത്ത അയച്ചത്: അശോക് കുമാർ

Content Highlights: The Bahrain Authority for Culture and Antiquities and the Indian Embassy in Bahrain jointly organized a Qawwali music evening by Yusuf Khan Nizami as part of the 35th Bahrain International Music Festival. The event was attended by notable figures including the Indian Ambassador to Bahrain, Dr. Pradeep Singh Rajpurohit, and various diplomats and cultural representatives, highlighting the long-standing historical ties between Bahrain and India. The festival celebrates cultural diversity and provides an opportunity to explore global musical heritage, with Qawwali being recognized as a significant musical expression rooted in the Indian subcontinent's heritage.