ബഹ്റൈന്‍ കേരളീയ സമാജം പ്രവര്‍ത്തനങ്ങള്‍ മാതൃകാപരം- എം. വിന്‍സെന്റ് എം.എല്‍.എ

എം. വിന്‍സന്റ് സംസാരിക്കുന്നു
എം. വിന്‍സന്റ് സംസാരിക്കുന്നു

മനാമ: ബഹ്റൈന്‍ സമാജത്തില്‍ തുടരുന്ന ഓണാഘോഷങ്ങളുടെ ഭാഗമായി വ്യാഴാഴ്ച നടന്ന പൊതുസമ്മേളനത്തില്‍ കോവളം എം.എല്‍.എ. എം. വിന്‍സെന്റ് പങ്കെടുത്തു. ലോകമെമ്പാടുമുള്ള മലയാളി പ്രവാസി സംഘടനകള്‍ക്ക് ഏതൊരു കാര്യത്തിലും ഉദാത്ത മാതൃകയാണ് ബഹ്റൈന്‍ കേരളീയ സമാജം എന്ന് അദ്ദേഹം പറഞ്ഞു. ഒരുമാസത്തോളം നീണ്ടുനില്‍ക്കുന്നതും അത്യാകര്‍ഷകവുമായ ഓണാഘോഷം കുറ്റമറ്റതായി നടത്തികൊണ്ടുപോകുന്നതിനു സമാജം ഭാരവാഹികളെ അദ്ദേഹം അഭിനന്ദിച്ചു. ശരിയായ ഓണാഘോഷങ്ങള്‍ കാണണമെങ്കില്‍ നാട്ടില്‍ നിന്ന് ബഹ്റൈനില്‍ വരേണ്ട അവസ്ഥയായെന്നും അദ്ദേഹം പറഞ്ഞു.

പ്രവാസജീവിതം അവസാനിപ്പിച്ചു നാട്ടില്‍ പോയ അംഗങ്ങളെയും അവധിക്കു നാട്ടില്‍ വരുന്ന അംഗങ്ങളെയും ചേര്‍ത്ത് നടത്തുന്ന ബി.കെ.എസ്. ഹാര്‍മണി എന്ന പരിപാടി തന്നെ അത്ഭുതപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു. പോയ വര്‍ഷം ഉദയസമുദ്ര ഹോട്ടലില്‍ നടന്ന പരിപാടിയില്‍ പങ്കെടുത്തതിന്റെ ഓര്‍മ്മകള്‍ എം.എല്‍.എ. ഓര്‍ത്തെടുത്തു. പ്രവാസ ജീവിതം മതിയാക്കി നാട്ടില്‍ പോയവരുടെ ഒറ്റപ്പെടല്‍ മനസ്സിലാക്കി അവരെയും ചേര്‍ത്തുപിടിക്കുന്ന സമാജത്തിന്റെ ഹാര്‍മണി എന്ന പരിപാടിയെ എത്ര അഭിനന്ദിച്ചാലും മതിവരില്ലെന്നും അദ്ദേഹം പറഞ്ഞു.

സമാജം ജനറല്‍ സെക്രട്ടറി വര്‍ഗീസ് കാരക്കല്‍ സ്വാഗതം പറഞ്ഞ യോഗത്തില്‍ സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള അധ്യക്ഷനായിരുന്നു. ശ്രാവണം 2024 ജനറല്‍ കണ്‍വീനര്‍ വര്‍ഗ്ഗീസ് ജോര്‍ജ് നന്ദി പറഞ്ഞു. സമാജം എന്റര്‍ടൈന്‍മെന്റ് സെക്രട്ടറി റിയാസ് ഇബ്രാഹിം, ഇന്‍ഡോര്‍ ഗെയിംസ് സെക്രട്ടറി നൗഷാദ് ചേരിയില്‍, മെമ്പര്‍ഷിപ്പ് സെക്രട്ടറി വിനോദ് അളിയത്, ഇന്റെര്‍ണല്‍ ഓഡിറ്റര്‍ പോള്‍സണ്‍ ലോനപ്പന്‍, ശ്രാവണം 2024 ജോയിന്റ് കണ്‍വീനര്‍മാരായ ആഷ്‌ലി കുര്യന്‍, സുധി അച്ചാഴിയത്, നിഷ ദിലീഷ് എന്നിവരും സന്നിഹിതരായാരിന്നു.

തുടര്‍ന്ന് നടന്ന അനശ്വരഗാനങ്ങള്‍ എന്ന സംഗീത പരിപാടിയില്‍ പന്തളം ബാലന്‍, കമുകറ ശ്രീകുമാര്‍, രാധാകൃഷ്ണന്‍ നായര്‍, തേക്കടി രാജന്‍, രാജലക്ഷ്മി എന്നീ പ്രശസ്ത ഗായകര്‍ ഗാനങ്ങള്‍ ആലപിച്ചു.
 

Content Highlights: Bahrain Keraleeya Samajam M Vincent MLA