93-ാമത് യു.എഫ്.ഐ. ഗ്ലോബൽ കോൺഗ്രസിന് ബഹ്റൈൻ ആതിഥേയത്വം വഹിക്കുന്നു

#അശോക് കുമാർ

മനാമ: പ്രദർശന വ്യവസായത്തിന്റെ ഭാവി ചർച്ച ചെയ്യുന്നതിനായി ലോകമെമ്പാടുമുള്ള മുതിർന്ന എക്സിക്യൂട്ടീവുകളെയും വ്യവസായ പ്രമുഖരെയും ഒന്നിപ്പിച്ച് 93-ാമത് യു.എഫ്.ഐ. ഗ്ലോബൽ കോൺഗ്രസിന് ‘എക്സിബിഷൻ വേൾഡ് ബഹ്റൈനിൽ’ തുടക്കമായി. ആദ്യമായാണ് ബഹ്റൈൻ ഈ കോൺഗ്രസിന് ആതിഥേയത്വം വഹിക്കുന്നത്. ബിസിനസ് ടൂറിസത്തിനും വലിയ അന്താരാഷ്ട്ര പരിപാടികൾക്കും അനുയോജ്യമായ കേന്ദ്രമെന്ന നിലയിൽ ആഗോളതലത്തിൽ ബഹ്റൈന്റെ സ്ഥാനം കൂടുതൽ ശക്തിപ്പെടുത്തുന്നതാണ് ഈ സമ്മേളനം.

ഉദ്ഘാടന ചടങ്ങിൽ ടൂറിസം മന്ത്രി ഫാത്തിമ ബിൻത് ജാഫർ അൽ സൈറാഫി, ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻസ് അതോറിറ്റി ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും ‘എക്സിബിഷൻ വേൾഡ് ബഹ്റൈൻ’ ചെയർപേഴ്സണുമായ സാറ അഹമ്മദ് ബുഹെജ്ജി, പ്രദർശന വ്യവസായത്തിന്റെ ആഗോള സംഘടനയായ യു.എഫ്.ഐ.യുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും മാനേജിങ് ഡയറക്ടറുമായ ക്രിസ് സ്‌കീത്ത് എന്നിവരും അന്താരാഷ്ട്ര വ്യവസായ പ്രമുഖരും പ്രതിനിധികളും പങ്കെടുത്തു.

അന്താരാഷ്ട്ര സമ്മേളനത്തിന് ആതിഥേയത്വം വഹിക്കുന്നത് ബഹ്റൈന്റെ ടൂറിസം, ബിസിനസ് ഇവന്റ് മേഖലകളിലെ സുപ്രധാന നാഴികക്കല്ലാണെന്ന് മന്ത്രി അൽ സൈറാഫി പറഞ്ഞു. അന്താരാഷ്ട്ര പ്രദർശന വ്യവസായത്തിൽ ബഹ്റൈൻ കൈവരിക്കുന്ന വളർച്ചയെയും വലിയ ആഗോള സമ്മേളനങ്ങൾ സംഘടിപ്പിക്കാനുള്ള രാജ്യത്തിന്റെ കഴിവിലുള്ള ആഗോള വിശ്വാസത്തെയും ഇത് പ്രതിഫലിപ്പിക്കുന്നുവെന്ന് അവർ വ്യക്തമാക്കി.

അന്താരാഷ്ട്ര പ്രദർശന സമൂഹത്തിന് മുന്നിൽ ബഹ്റൈനെ പരിചയപ്പെടുത്താനും ആഗോള പങ്കാളിത്തങ്ങൾ കൂടുതൽ ആഴത്തിലാക്കാനും ടൂറിസം, ബിസിനസ് ഇവന്റ് മേഖലകളുടെ ഭാവി രൂപപ്പെടുത്താൻ സഹായിക്കുന്ന ബന്ധങ്ങൾ ശക്തിപ്പെടുത്താനും കോൺഗ്രസ് അവസരമൊരുക്കുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു. അന്താരാഷ്ട്ര പ്രദർശന സമൂഹത്തെ ബഹ്റൈനിലേക്ക് സ്വാഗതം ചെയ്ത അവർ, പരിപാടി ടൂറിസത്തിനും വിശാലമായ സമ്പദ്‌വ്യവസ്ഥയ്ക്കും ദീർഘകാല അവസരങ്ങൾ സൃഷ്ടിക്കുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു.

ആഗോള ബിസിനസ് സാഹചര്യങ്ങളിലെ മാറ്റങ്ങൾ, പ്രദർശന വ്യവസായത്തിൽ ആത്മവിശ്വാസം വർധിപ്പിക്കൽ, പുതിയ പ്രവണതകളോട് പൊരുത്തപ്പെടൽ, വളർച്ച ത്വരിതപ്പെടുത്തൽ തുടങ്ങിയ വിഷയങ്ങളാണ് 93-ാമത് യു.എഫ്.ഐ. ഗ്ലോബൽ കോൺഗ്രസിൽ ചർച്ച ചെയ്യുന്നത്. പ്ലീനറി ചർച്ചകളും പ്രൊഫഷണൽ ആശയവിനിമയങ്ങളും പ്രാദേശിക, ആഗോള പ്രദർശന വ്യവസായങ്ങൾക്ക് മൂല്യവത്തായ സംഭാവനകൾ നൽകുന്നതിനായി പങ്കാളിത്തങ്ങൾ വളർത്താനും നൂതന ആശയങ്ങൾ രൂപപ്പെടുത്താനും വേദിയൊരുക്കുന്നു.

Content Highlights: Bahrain is hosting the 93rd UFI Global Congress for the first time, bringing international exhibition leaders together to discuss industry trends, partnerships and growth opportunities.