‘ഗേറ്റ് വേ ഗൾഫ് 2026’-ൽ നാല് പദ്ധതികൾക്ക് ബഹ്‌റൈൻ ഗോൾഡൻ ലൈസൻസ്

#അശോക് കുമാര്‍

മനാമ: ഉയർന്ന മൂല്യമുള്ള നിക്ഷേപങ്ങളുടെ ആഗോള കേന്ദ്രമെന്ന നിലയിലുള്ള സ്ഥാനം ശക്തിപ്പെടുത്തി ബഹ്‌റൈൻ. നാല് പ്രധാന പദ്ധതികൾക്ക് ഗോൾഡൻ ലൈസൻസ് അനുവദിച്ചതിലൂടെ 3.89 ബില്യൺ യുഎസ് ഡോളറിന്റെ നിക്ഷേപമാണ് രാജ്യം പ്രഖ്യാപിച്ചത്. വ്യോമയാന-ലോജിസ്റ്റിക്‌സ്, റിയൽ എസ്റ്റേറ്റ്, സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിലായി വ്യാപിച്ചുകിടക്കുന്ന പദ്ധതികൾ സാമ്പത്തിക വൈവിധ്യവൽക്കരണത്തിനും ദീർഘകാല വളർച്ചയ്ക്കും സംഭാവന നൽകുമെന്നാണ് പ്രതീക്ഷ.

ബഹ്‌റൈൻ ഇക്കണോമിക് ഡെവലപ്‌മെന്റ് ബോർഡ് സംഘടിപ്പിക്കുന്ന ‘ഗേറ്റ് വേ ഗൾഫ് 2026’-ന്റെ നാലാം പതിപ്പിലാണ് പ്രഖ്യാപനം. ഞായറാഴ്ച ആരംഭിച്ച ഫോറം ഫോർ സീസൺസ് ഹോട്ടൽ ബഹ്‌റൈൻ ബേയിൽ രണ്ട് ദിവസങ്ങളിലായി നടക്കുന്നു. ഗൾഫ് മേഖലയിലെ നിക്ഷേപ അവസരങ്ങളും പങ്കാളിത്തങ്ങളും കണ്ടെത്തുന്നതിനായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള 200-ലേറെ മന്ത്രിമാർ, മുതിർന്ന സർക്കാർ ഉദ്യോഗസ്ഥർ, ചീഫ് എക്‌സിക്യൂട്ടീവുകൾ, നിക്ഷേപകർ എന്നിവർ ഫോറത്തിൽ പങ്കെടുക്കുന്നുണ്ട്.

നാല് പദ്ധതികൾ

ഡിഎച്ച്എൽ: ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ തങ്ങളുടെ ആദ്യത്തെയും ഏകവുമായ പ്രാദേശിക മെയിന്റനൻസ്, റിപ്പയർ ആൻഡ് ഓവർഹോൾ (എംആർഒ) കേന്ദ്രം സ്ഥാപിക്കാനാണ് ഡിഎച്ച്എൽ പദ്ധതിയിടുന്നത്. മിഡിൽ ഈസ്റ്റ്, വടക്കേ ആഫ്രിക്ക മേഖലകളിലെ പ്രവർത്തന കേന്ദ്രമെന്ന നിലയിൽ ബഹ്‌റൈനോടുള്ള കമ്പനിയുടെ പ്രതിബദ്ധത ശക്തിപ്പെടുത്തുന്നതാണ് പദ്ധതി. വിമാനങ്ങളുടെ എണ്ണം വർധിക്കുന്നതിനനുസരിച്ച് അവയുടെ പരിപാലനത്തിന് സഹായകമാകുന്ന കേന്ദ്രം ബഹ്‌റൈനിൽനിന്നുള്ള ആഗോള പ്രവർത്തനശേഷി വിപുലീകരിക്കാനും സഹായിക്കും.

ക്യാപിറ്റൽ എ: എയർ ഏഷ്യയുടെ മാതൃകമ്പനിയായ ക്യാപിറ്റൽ എ മൂന്ന് പ്രധാന വ്യോമയാന പദ്ധതികൾക്ക് നേതൃത്വം നൽകും. വിദൂര കിഴക്കൻ രാജ്യങ്ങളുമായും യൂറോപ്പുമായും വ്യോമബന്ധം മെച്ചപ്പെടുത്തുക, ചരക്കുനീക്കം ഘട്ടംഘട്ടമായി വികസിപ്പിച്ച് എയർ കാർഗോ ശേഷി വർധിപ്പിക്കുക, പ്രാദേശിക വിമാന അറ്റകുറ്റപ്പണി സൗകര്യങ്ങൾ വികസിപ്പിക്കുക എന്നിവയാണ് ലക്ഷ്യങ്ങൾ. പ്രാദേശിക വ്യോമയാന ഹബ് എന്ന നിലയിൽ ബഹ്‌റൈന്റെ സ്ഥാനം ശക്തിപ്പെടുത്താൻ പദ്ധതികൾ സഹായിക്കുമെന്നാണ് പ്രതീക്ഷ.

മെലിയ–ഇൻഫ്രാകോർപ്പ്: മെലിയയും ഇൻഫ്രാകോർപ്പും ചേർന്ന് അംവാജ് ദ്വീപുകളിൽ പ്രധാന വാട്ടർഫ്രണ്ട് റിയൽ എസ്റ്റേറ്റ് പദ്ധതി വികസിപ്പിക്കും. ഫൈവ് സ്റ്റാർ ഹോട്ടലും മെലിയ ബ്രാൻഡിലുള്ള താമസസൗകര്യങ്ങളും പദ്ധതിയുടെ ഭാഗമാണ്. ബഹ്‌റൈനിലെ പ്രീമിയം ടൂറിസം, ആധുനിക ജീവിതശൈലി മേഖലകളുടെ വളർച്ചയ്ക്ക് പദ്ധതി പിന്തുണയേകും.

ഡിജിറ്റൽ സിറ്റി ബഹ്‌റൈൻ: വിവരസാങ്കേതികവിദ്യ, ആശയവിനിമയ സാങ്കേതികവിദ്യ, വിദ്യാഭ്യാസം എന്നിവയുടെ നവീകരണത്തിനായി ലോകോത്തര അടിസ്ഥാനസൗകര്യങ്ങളോടുകൂടിയ കേന്ദ്രം സ്ഥാപിക്കുകയാണ് ലക്ഷ്യം. സാങ്കേതിക കമ്പനികളെ ആകർഷിക്കുകയും വിവിധ മേഖലകളെ ഏകീകൃത ആവാസവ്യവസ്ഥയിൽ വികസിപ്പിക്കുകയും ചെയ്യുന്നതിലൂടെ മേഖലയിലെ വളർച്ച ത്വരിതപ്പെടുത്താനും ബഹ്‌റൈന്റെ ഡിജിറ്റൽ ആവാസവ്യവസ്ഥ വികസിപ്പിക്കാനും പദ്ധതി ലക്ഷ്യമിടുന്നു.

നിക്ഷേപ വളർച്ചയ്ക്ക് ‘ടീം ബഹ്‌റൈൻ’ സമീപനം

‘ടീം ബഹ്‌റൈൻ’ സമീപനം രാജ്യത്തിന്റെ നിക്ഷേപാന്തരീക്ഷത്തിലെ പ്രധാന ഘടകമാണ്. സർക്കാർ സ്ഥാപനങ്ങളെയും ബിസിനസ് മേഖലയെയും ഒരുമിപ്പിച്ച് നിക്ഷേപങ്ങൾക്കും സംരംഭങ്ങൾക്കും വളരാനുള്ള സാഹചര്യം സൃഷ്ടിക്കുന്ന പൊതു-സ്വകാര്യ പങ്കാളിത്ത മാതൃകയാണിത്.

നിക്ഷേപകരെ സർക്കാർ സ്ഥാപനങ്ങളുമായി ബന്ധിപ്പിക്കുകയും നിക്ഷേപാവസരങ്ങളെ ദീർഘകാല സാമ്പത്തിക വളർച്ചയാക്കി മാറ്റാൻ സഹായിക്കുകയും ചെയ്യുന്നതിൽ ബഹ്‌റൈൻ ഇക്കണോമിക് ഡെവലപ്‌മെന്റ് ബോർഡ് നിർണായക പങ്കുവഹിക്കുന്നു.

ഡിജിറ്റൽ പരിവർത്തനത്തിലേക്കുള്ള തുടർച്ചയായ നിക്ഷേപം, നൂതന നിയന്ത്രണ ചട്ടക്കൂടുകൾ, ഭാവി ആവശ്യങ്ങൾക്കായി പ്രതിഭകളെ സജ്ജമാക്കൽ എന്നിവയിലൂടെയാണ് ഈ സഹകരണ സമീപനം ശക്തിപ്പെടുന്നത്. എണ്ണയിതര മേഖലകൾ മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിന്റെ ഏകദേശം 86 ശതമാനം സംഭാവന ചെയ്യുന്ന വൈവിധ്യവൽക്കരിക്കപ്പെട്ട സമ്പദ്‌വ്യവസ്ഥ സുസ്ഥിര വളർച്ചയ്ക്ക് ശക്തമായ അടിത്തറ നൽകുന്നതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

Content Highlights: Bahrain announced $3.89 billion in investments across four projects receiving Golden Licences at Gateway Gulf 2026, spanning aviation, real estate and technology