ജി.സി.സി യോഗങ്ങളിൽ പങ്കെടുക്കുന്ന പ്രതിനിധി സംഘ തലവന്മാരുമായി കിരീടാവകാശി കൂടിക്കാഴ്ച നടത്തി

#അശോക് കുമാര്‍
വിവിധ ജി.സി.സി. യോഗങ്ങളില്‍ പങ്കെടുക്കുന്ന പ്രതിനിധി സംഘ തലവന്മാരുമായി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ കൂടിക്കാഴ്ച നടത്തുന്നു
വിവിധ ജി.സി.സി. യോഗങ്ങളില്‍ പങ്കെടുക്കുന്ന പ്രതിനിധി സംഘ തലവന്മാരുമായി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ കൂടിക്കാഴ്ച നടത്തുന്നു

മനാമ: ജി.സി.സി. സിവിൽ സർവീസ് ഏജൻസി മേധാവികളുടെയും മന്ത്രിമാരുടെയും സമിതിയുടെ 22-ാമത് യോഗം, തൊഴിൽ മന്ത്രിമാരുടെ 12-ാമത് യോഗം, സാമൂഹിക കാര്യ- വികസന മന്ത്രിമാരുടെ സമിതിയുടെ 12-ാമത് യോഗം എന്നിവയിൽ പങ്കെടുക്കുന്ന പ്രതിനിധി സംഘങ്ങളുടെ തലവന്മാരുമായും, ജിസിസി സെക്രട്ടറി ജനറൽ ജാസിം മുഹമ്മദ് അൽ ബുദൈവിയുമായും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ ഗുദൈബിയ കൊട്ടാരത്തിൽ കൂടിക്കാഴ്ച നടത്തി. ജി.സി.സി. സഹകരണം ശക്തിപ്പെടുത്തുന്നതിനും അംഗരാജ്യങ്ങൾക്ക് പ്രയോജനകരമാകുന്നതും ജനങ്ങളുടെ അഭിലാഷങ്ങൾ സാക്ഷാത്കരിക്കുന്നതുമായ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നതിൽ, രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ നേതൃത്വത്തിലുള്ള ബഹ്റൈൻ പ്രതിജ്ഞാബദ്ധമാണെന്ന് പ്രിൻസ് സൽമാൻ വ്യക്തമാക്കി.

ജി.സി.സി. സഹകരണത്തിന്റെ തുടർച്ചയായ വികസനവും വിവിധ മേഖലകളിൽ കൈവരിച്ച നേട്ടങ്ങളും അംഗരാജ്യങ്ങൾ തമ്മിലുള്ള ബന്ധത്തിന്റെ കരുത്തിനെ പ്രതിഫലിപ്പിക്കുന്നുവെന്ന് പ്രിൻസ് സൽമാൻ ബിൻ ഹമദ് ചൂണ്ടിക്കാട്ടി. സഹകരണത്തിനും ഏകോപനത്തിനുമുള്ള പുതിയ അവസരങ്ങൾ സൃഷ്ടിക്കുന്നതിനായി നേട്ടങ്ങളെ അടിസ്ഥാനമാക്കി മുന്നോട്ട് പോകേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം എടുത്തുപറഞ്ഞു. ജി.സി.സി. രാഷ്ട്രത്തലവന്മാരുടെ കാഴ്ചപ്പാടുകളും അഭിലാഷങ്ങളും കൂടുതൽ വികസനത്തിലേക്കും സമൃദ്ധിയിലേക്കും പരിവർത്തനം ചെയ്യേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ഊന്നിപ്പറഞ്ഞു.

കൂടിക്കാഴ്ചയ്ക്കിടെ, ജി.സി.സി. രാഷ്ട്രത്തലവന്മാരുടെ ആശംസകൾ പ്രതിനിധി സംഘങ്ങളുടെ തലവന്മാർ രാജാവിനും കിരീടാവകാശികൈമാറി. മറുപടിയായി, രാജാവിന്റെയും തന്റെയും ആശംസകൾ ജി.സി.സി. രാഷ്ട്രത്തലവന്മാർക്ക് പ്രിൻസ് സൽമാൻ കൈമാറി. പങ്കാളിത്തം മുന്നോട്ട് കൊണ്ടുപോകുന്നതിലും, രാജ്യങ്ങളുടെയും ജനങ്ങളുടെയും പുരോഗതിയും സമൃദ്ധിയും വർധിപ്പിക്കുന്ന സംയുക്ത സംരംഭങ്ങളും പരിപാടികളും വികസിപ്പിക്കുന്നതിലും യോഗങ്ങൾ വഹിക്കുന്ന പങ്ക് പ്രിൻസ് സൽമാൻ എടുത്തുപറഞ്ഞു.

തൊഴിൽ വിപണി, സിവിൽ സർവീസ്, സാമൂഹിക വികസന സംവിധാനങ്ങൾ എന്നിവ മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമങ്ങൾ തുടരുന്നതിനും, അതുവഴി ജി.സി.സി. രാജ്യങ്ങളിലെ പൗരന്മാർക്ക് കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിനും മേഖലയിലുടനീളം സുസ്ഥിര വികസനത്തെ പിന്തുണയ്ക്കുന്നതിനുമുള്ള ബഹ്റൈൻ രാജ്യത്തിന്റെ പ്രതിബദ്ധത പ്രിൻസ് സൽമാൻ ബിൻ ഹമദ് ആവർത്തിച്ചു വ്യക്തമാക്കി. ജി.സി.സി. രാജ്യങ്ങളുടെ അഭിലാഷങ്ങൾക്കനുസൃതമായി കൂട്ടായ സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധതയ്ക്ക് പ്രതിനിധി സംഘത്തലവന്മാർ നന്ദി രേഖപ്പെടുത്തി. ഒപ്പം ബഹ്റൈനും ജനങ്ങൾക്കും തുടർപുരോഗതിയും വികസനവും സമൃദ്ധിയും നേർന്നു.

ഉപപ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിൻ അബ്ദുല്ല അൽ ഖലീഫയും നിരവധി ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു. ജി.സി.സി. സുപ്രീം കൗൺസിലിന്റെ 46-ാമത് സമ്മേളനമായ 'ബഹ്റൈൻ ഉച്ചകോടി'യുടെ അധ്യക്ഷപദം വഹിക്കുന്നതിന്റെ ഭാഗമായാണ് ബഹ്റൈൻ ജി.സി.സി. യോഗങ്ങൾക്ക് ആതിഥേയത്വം വഹിച്ചത്.

Content Highlights: Bahrain Crown Prince meets GCC delegation heads at Gudaibiya Palace