ആര്യാടൻ മുഹമ്മദിന്റെ രാഷ്ട്രീയ ജീവിതം പുതിയ തലമുറയ്ക്ക് മാതൃക: ഒ.ഐ.സി.സി. മലപ്പുറം ജില്ലാ കമ്മിറ്റി

#ന്യൂസ് ഡെസ്ക്

ജിദ്ദ: ജനാധിപത്യ മൂല്യങ്ങളിലും മതേതര രാഷ്ട്രീയത്തിലും ഉറച്ചുനിന്ന് പൊതുപ്രവർത്തനത്തിന് സമർപ്പിതമായ ജീവിതം നയിച്ച മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ആര്യാടൻ മുഹമ്മദിന്റെ ഓർമ്മകൾ പ്രവാസി സമൂഹത്തിന് എന്നും വലിയൊരു പ്രചോദനമാണെന്ന് ഒ.ഐ.സി.സി. മലപ്പുറം ജില്ലാ കമ്മിറ്റി ജിദ്ദ അനുസ്മരിച്ചു. ഒ.ഐ.സി.സി. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച നാലാമത് ആര്യാടൻ മുഹമ്മദ് അനുസ്മരണ സമ്മേളനത്തിലാണ് ഭാരവാഹികൾ ഇക്കാര്യം വ്യക്തമാക്കിയത്.

ജിദ്ദ ഷറഫിയ സഫയർ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ജനശ്രീ കരുളായി ചെയർമാനും മണ്ഡലം കോൺഗ്രസ് സെക്രട്ടറിയുമായ കബീർ കരുളായി ഉദ്ഘാടനം ചെയ്തു. സൈഫു വാഴയിൽ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു. ആര്യാടന്റെ രാഷ്ട്രീയ ജീവിതത്തിലെ ജനാധിപത്യ പ്രതിബദ്ധതയും മതേതര മൂല്യങ്ങളും സാമൂഹിക നീതിയോടുള്ള തത്വദീക്ഷയുള്ള സമീപനവും പുതിയ തലമുറയിലെ പൊതുപ്രവർത്തകർ കണ്ടുപഠിക്കേണ്ടതാണെന്ന് സമ്മേളനം അഭിപ്രായപ്പെട്ടു.

ചടങ്ങിൽ മുസ്തഫ പെരുവള്ളൂർ, യാസിർ നായിഫ്, സക്കീർ എടവണ്ണ, നാസർ സൈൻ, പ്രിൻസാദ് കോഴിക്കോട് തുടങ്ങിയ പ്രമുഖ നേതാക്കൾ സംസാരിച്ചു. ഒ.ഐ.സി.സി. മലപ്പുറം ജില്ലാ കമ്മിറ്റി ജിദ്ദയുടെ പ്രവർത്തകരും നേതാക്കളും അനുസ്മരണ ചടങ്ങിൽ സംബന്ധിച്ചു. യു. എം. ഹുസ്സൈൻ മലപ്പുറം സ്വാഗതവും ഫൈസൽ മക്കരപ്പറമ്പ് നന്ദിയും രേഖപ്പെടുത്തി.

Content Highlights: OICC Malappuram District Committee in Jeddah hosted the 4th memorial event for Aryadan Muhammed., Speakers highlighted his commitment to democratic values and secular politics., The event was inaugurated by Kabir Karulai at Safir Auditorium, Sharafiyah, Jeddah.