കുട്ടികളിൽ ആശയ വിനിമയം പ്രോത്സാഹിപ്പിക്കുക- അജ്മൽ സി

റയ്യാന്‍ സ്റ്റഡി സെന്റര്‍ സംഘടിപ്പിച്ച ഫ്യൂച്ചര്‍ ലൈറ്റ്സ് 3.0-യില്‍നിന്ന്
റയ്യാന്‍ സ്റ്റഡി സെന്റര്‍ സംഘടിപ്പിച്ച ഫ്യൂച്ചര്‍ ലൈറ്റ്സ് 3.0-യില്‍നിന്ന്

മനാമ: കുട്ടികളിൽ ആത്മാഭിമാനവും ആത്മവിശ്വാസവും വർധിപ്പിക്കാനും ചടുല വികാരങ്ങളെ നിയന്ത്രിക്കാനുള്ള മികച്ച കഴിവ് ലഭ്യമാക്കാനും പഠനത്തിലും സ്വന്തം കാര്യങ്ങളിലും മികച്ച വിജയം കൈവരിക്കാനും പരമ്പരാഗത നിയന്ത്രണങ്ങൾ ഒഴിവാക്കി ഉയർന്ന സ്‌നേഹവും അതോടൊപ്പം അനുസരണയും പഠിപ്പിക്കുന്ന പാരന്റിങ് രീതിയാണ് രക്ഷിതാക്കൾ അവലംബിക്കേണ്ടതെന്ന് പ്രമുഖ കരിയർ ഗൈഡൻസ് സ്‌പെഷ്യലിസ്റ്റും എക്‌സ് ആൻഡ് വൈ ലേണിങ് സെന്റർ സി.ഇ.ഒയുമായ അജ്മൽ സി.

ജെൻ ആൽഫാ, ജെൻ സി കുട്ടികളിൽ പഴയ കാലത്തെ കഠിനവും കടുപ്പമേറിയതുമായ നിയന്ത്രണ നിയമങ്ങൾ വിലപ്പോവില്ല. ഇന്നത്തെ കുട്ടികൾ സോഷ്യൽ മീഡിയയിൽനിന്നും മറ്റു ഇലക്ട്രോണിക് പ്ലാറ്റ്ഫോമുകളിൽനിന്നും സാങ്കേതിക വിവരങ്ങൾ കരസ്ഥമാക്കി പല മേഖലകളിലും രക്ഷിതാക്കളെക്കാളും അധ്യാപകരേക്കാളും മികച്ചു നിൽക്കുന്നവരാണ്. അതിനാൽ ഏകപക്ഷീയമായ തീരുമാനങ്ങളെടുക്കുന്നതും തെറ്റുകൾക്ക് കഠിന ശിക്ഷ നൽകുന്ന രീതികളും മാറ്റേണ്ടതുണ്ട്. കൃത്യമായ ഉപദേശ നിർദ്ദേശങ്ങളിലൂടെയും ചർച്ചകളിലൂടെയും മാത്രമേ ഇന്നത്തെ തലമുറയുടെ വിശ്വാസ്യത രക്ഷിതാക്കൾക്ക് പോലും നേടിയെടുക്കാൻ സാധിക്കുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

റയ്യാൻ സ്റ്റഡി സെന്റർ സംഘടിപ്പിച്ച 'ഫ്യൂച്ചർ ലൈറ്റ്സ് 3.0 എന്ന പരിപാടിയിൽ പാരന്റിങ് സെഷൻ കൈകാര്യം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. റയ്യാൻ സെന്ററിൽനിന്ന് പഠനം പൂർത്തിയാക്കി പോകുന്ന കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റും പുരസ്‌കാരങ്ങളും അജ്മൽ വിതരണം ചെയ്തു. പ്രോഗ്രാം കൺവീനർ അബ്ദുസലാം പരിപാടി ഉദ്ഘാടനം ചെയ്തു. തൗസീഫ് അഷ്റഫ്, ഫക്രുദ്ദീൻ അലി അഹ്‌മദ്, അബ്ദുൽ ഗഫൂർ എന്നിവർ സമ്മാനദാനം നിയന്ത്രിച്ചു.

മിൻഹാ അബ്ദുൽ സലാം, വിദാദ് അബ്ദുൽ ലത്തീഫ്, ഹയ അബ്ദുൽ ഗഫൂർ എന്നീ വിദ്യാർഥികൾ റയ്യാൻ സെന്ററിലെ അവരുടെ അനുഭവങ്ങൾ പങ്കുവെച്ചു. പ്രിൻസിപ്പൽ അബ്ദു ലത്തീഫ് ചാലിയം ഭാവി പരിപാടികളെക്കുറിച്ചും, വൈസ് പ്രിൻസിപ്പൽ കുട്ടികളിൽ ഇസ്ലാമിക ബോധം വളർത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും സംസാരിച്ചു. എഡ്യൂക്കേഷൻ സെക്രട്ടറി സാദിഖ് ബിൻ യഹ്യ നന്ദി പറഞ്ഞു.

Content Highlights: Career guidance specialist and X&Y Learning Centre CEO Ajmal C led a parenting session at the 'Future Lights 3.0' event in Bahrain.