ബാക്കിയായ സദ്യയിൽ നിന്ന് ‘പഴം കൂട്ടാൻ’ വരെ; ഭക്ഷണം കളയാതെ രുചിയാക്കാം

ഓണം കഴിഞ്ഞാൽ മലയാളി വീടുകളിൽ ബാക്കിയാകുന്ന സദ്യവിഭവങ്ങൾക്കും പറയാനുണ്ട് ഒരു കഥ. ഇലയിൽ വിളമ്പിയ കറികളും കൂട്ടാനുകളും മുഴുവൻ കഴിച്ചുതീർക്കാനാകാതെ വരുമ്പോൾ പലപ്പോഴും അവ ഫ്രിഡ്ജിൽ കയറി, ഒടുവിൽ വേസ്റ്റ് ബോക്സിലേക്കാണ് എത്തുന്നത്. എന്നാൽ ബാക്കിയായ ഭക്ഷണത്തിന് പുതിയൊരു രുചിയുടെ സാധ്യതയുണ്ടെന്ന് ഓർമിപ്പിക്കുകയാണ് ചാറ്റ് മസാല വിത്ത് അഖിൽ ശിവാനന്ദ് & ഷിനോയ്.

സദ്യയിലെ എല്ലാ വിഭവങ്ങളും ഒരുപോലെ വീണ്ടും ഉപയോഗിക്കാൻ കഴിയില്ലെങ്കിലും അച്ചാർ, ഇഞ്ചിക്കറി, പുളിശ്ശേരി, പച്ചടി തുടങ്ങിയ ചില വിഭവങ്ങൾ അടുത്ത ദിവസങ്ങളിലും ഉപയോഗിക്കാം. തിരുവനന്തപുരം ഭാഗത്ത് സദ്യയ്ക്കുശേഷം ബാക്കിയാകുന്ന പല കറികളും ചേർത്തു തയ്യാറാക്കുന്ന ‘പഴം കൂട്ടാൻ’ പോലുള്ള വിഭവങ്ങളും ഭക്ഷണത്തിന്റെ പുനരുപയോഗത്തിന്റെ രസകരമായ ഉദാഹരണമായി സംഭാഷണത്തിൽ എത്തുന്നു. ഓരോ വീട്ടിലും ബാക്കിവരുന്ന വിഭവങ്ങൾക്ക് അനുസരിച്ച് പഴം കൂട്ടാന്റെ രുചിയും മാറുമെന്നതാണ് അതിന്റെ മറ്റൊരു കൗതുകം.

ബാക്കിയായ ഭക്ഷണത്തെ പുതിയ രൂപത്തിലേക്ക് മാറ്റാനുള്ള മലയാളിയുടെ പഴയ ശീലങ്ങളും ചർച്ചയിൽ നിറയുന്നു. ബാക്കിയാകുന്ന ഇഡ്ഡലി ഉപയോഗിച്ച് ഉപ്പുമാവ്, പുട്ട് ഉപയോഗിച്ച് വിവിധ വിഭവങ്ങൾ, ഇടിയപ്പം ഉപയോഗിച്ച് ഫ്രൈഡ് റൈസ് അല്ലെങ്കിൽ നൂഡിൽസ് രീതിയിലുള്ള വിഭവങ്ങൾ, ചോറ് ഉപയോഗിച്ച് ഉള്ളിച്ചോറ്, തക്കാളിച്ചോറ്, പക്കോട തുടങ്ങിയവ തയ്യാറാക്കാം. പുട്ടും ബീഫും അല്ലെങ്കിൽ ചിക്കനും ചേർത്തു തയ്യാറാക്കുന്ന പുട്ട് ബിരിയാണിയും ഈ ‘റീയൂസ്’ സംസ്കാരത്തിന്റെ പുതിയ രൂപങ്ങളിലൊന്നാണ്.

പഴയ തലമുറയുടെ ഭക്ഷണശീലങ്ങളിലും ഈ പുനരുപയോഗത്തിന്റെ അടയാളങ്ങളുണ്ട്. മിച്ചംവരുന്ന ചോറ് ഉപയോഗിച്ച് തയ്യാറാക്കുന്ന ഉള്ളിച്ചോറ് മുതൽ അരി ഉപയോഗിച്ചുള്ള വറ്റൽ വിഭവങ്ങൾ വരെ ഭക്ഷണം പാഴാക്കാതിരിക്കാനുള്ള പല നാട്ടറിവുകളും കേരളത്തിന്റെ ഭക്ഷണസംസ്കാരത്തിലുണ്ട്.

എന്നാൽ ബാക്കിയാകുന്ന ഭക്ഷണം വീണ്ടും ഉപയോഗിക്കുമ്പോൾ സൂക്ഷിക്കേണ്ട കാര്യങ്ങളും പ്രധാനമാണ്. എല്ലാ ഭക്ഷണവും ഒരേ രീതിയിൽ ഫ്രിഡ്ജിൽ സൂക്ഷിച്ച് വീണ്ടും വീണ്ടും ചൂടാക്കി കഴിക്കാനാകില്ല. ഭക്ഷണത്തിന്റെ സ്വഭാവം, കാലാവസ്ഥ, സൂക്ഷിക്കുന്ന രീതി എന്നിവ പരിഗണിച്ച ശേഷമേ അവ വീണ്ടും ഉപയോഗിക്കാവൂ എന്ന ഓർമപ്പെടുത്തലും സംഭാഷണം നൽകുന്നു.

അവസാനം ചോദ്യം ഒന്നുമാത്രം — നമ്മുടെ അടുക്കളയിലെ ‘leftover’ ശരിക്കും പാഴാണോ, അതോ മറ്റൊരു രുചിയുടെ തുടക്കമാണോ?

കേൾക്കൂ ചാറ്റ് മസാല

അവതരണം: അഖിൽ ശിവാനന്ദ് & ഷിനോയ് മുകുന്ദൻ

നിർമ്മാണം: ആർ.ജെ. അച്ചൂ

Content Highlights: The article highlights creative and traditional Kerala methods to repurpose leftover Onam Sadya and everyday meals into dishes like 'Pazham Koottan' and fried rice, while emphasizing essential safety tips for storing and reheating food.