സ്‌നേഹംകൊണ്ടൊരു പ്രതിരോധം

മിനിറ്റുകളോ മണിക്കൂറുകളോ മാത്രം ഉപയോഗിക്കുന്ന വസ്തു നൂറ്റാണ്ടുകളോളം ഭൂമിയെ പൊള്ളിച്ച് തരിശാക്കുന്നു എന്ന് തിരിച്ചറിഞ്ഞപ്പോഴേക്കും ഏറെ വൈകിപ്പോയിരുന്നു. ഭൂമിയെ മാത്രമല്ല, മനുഷ്യവംശത്തെപ്പോലും കാർന്നുതിന്നുന്ന ദംഷ്ട്രകൾ പുറത്തെടുത്തപ്പോഴാണ് നമ്മൾ കണ്ണുതുറന്നത്. അപ്പോഴേക്കും നമ്മുടെ അമ്മമാരുടെ മുലപ്പാലിലും മറുപിള്ളയിലും നമ്മുടെ തലച്ചോറിലുംവരെ പ്ലാസ്റ്റിക്കിന്റെ കുഞ്ഞുഭീകരൻമാർ കുടിയേറിക്കഴിഞ്ഞിരുന്നു. ഇനിയെന്ത് എന്ന് ലോകംമുഴുവൻ തലപുകയ്ക്കുമ്പോഴാണ് 'മാതൃഭൂമി'യും ഓർക്ക് ല ഇന്ത്യ ഈസ്റ്റേണുംചേർന്ന് വ്യത്യസ്തമായ പദ്ധതിയുമായി രംഗത്തെത്തിയത്.

മനുഷ്യകുലത്തിന്റെ നിലനിൽപ്പിനുതന്നെ ഭീഷണിയായ ഭീകരനെ 'സ്‌നേഹം' കൊണ്ട് നേരിട്ട വേറിട്ട പദ്ധതിയായിരുന്നു 'ലവ് പ്ലാസ്റ്റിക് '. പലരൂപത്തിൽ മണ്ണിനെയും വെള്ളത്തെയും വായുവിനെയും ഭക്ഷണത്തെയും എന്തിന്, തലച്ചോർവഴി നമ്മുടെ ചിന്തയെപ്പോലും പ്ലാസ്റ്റിക് മലിനമാക്കിക്കഴിഞ്ഞു. മനുഷ്യജീവിതത്തിൽനിന്ന് അടരാനാവാത്തവിധം ഒട്ടിച്ചേർന്ന പ്ലാസ്റ്റിക്കിനെ ഇനി വെറുത്തിട്ടു കാര്യമില്ലെന്ന തിരിച്ചറിവിൽനിന്നാണ് ‘ലവ് പ്ലാസ്റ്റിക്’ പദ്ധതി ജനിക്കുന്നത്. അതിപ്പോൾ പതിനാറാം വർഷത്തിലേക്ക് കടക്കുകയാണ്. വെറുക്കുകയല്ല, സ്‌നേഹിച്ച് വശത്താക്കുകയും നിയന്ത്രിക്കുകയുമാണ് പ്ലാസ്റ്റിക്കിനെ നേരിടാനുള്ള ബുദ്ധിപരമായ തന്ത്രമെന്ന് ഈ കാലയളവുകൊണ്ട് ലവ് പ്ലാസ്റ്റിക് പദ്ധതി കേരളത്തിൽ തെളിയിച്ചു. അതിന് മുന്നണിപ്പോരാളികളായത് പുതിയ തലമുറയിലെ കുട്ടികൾ, വേദിയായത് കേരളത്തിലെ വിദ്യാലയങ്ങളും.

2011 ഫെബ്രുവരി 19-ന് മുൻ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുൽ കലാമാണ് പദ്ധതി ഉദ്ഘാടനംചെയ്തത്. വെറും 70 സ്കൂളുകളിൽനിന്ന് തുടങ്ങി ഇപ്പോൾ 4000 സ്കൂളുകളിലായി വ്യാപിച്ചു. റെഡ്യൂസ്, റീയൂസ്, റീസൈക്കിൾ, റിഫൈൻ, റഫ്യൂസ് എന്നീ അഞ്ച് 'ആർ' ആയിരുന്നു ലവ് പ്ലാസ്റ്റിക്കിന്റെ വിജയമന്ത്രം. ഏറ്റവുംകുറച്ച് പ്ലാസ്റ്റിക് ഉപയോഗിക്കാൻ പുതുതലമുറയെ പരിശീലിപ്പിച്ചു. അതിനായി പ്ലാസ്റ്റിക്കിന്റെ ബദലുകളെ പരിചയപ്പെടുത്തി. നിലവിലുള്ളവയെ പരമാവധി ഉപയോഗിക്കാൻ പ്രേരിപ്പിച്ചു. രൂപമാറ്റം വരുത്തി വൈവിധ്യമാർന്ന ആവശ്യങ്ങൾ നിറവേറ്റി. അതും കഴിഞ്ഞാൽ ബാക്കിയുള്ളവയെ പുനരുപയോഗത്തിനായി പരുവപ്പെടുത്തി. പരമാവധി അകന്നുനിൽക്കാൻ പ്രോത്സാഹിപ്പിച്ചു. ഒരു നിവൃത്തിയുമില്ലെങ്കിൽമാത്രം പ്ലാസ്റ്റിക്കിനെ ഉപേക്ഷിക്കാനും പ്രേരിപ്പിച്ചു. ഈ അഞ്ചു തന്ത്രങ്ങൾ ഒരു സംസ്കാരമായി 'മാതൃഭൂമി' സീഡ് പദ്ധതിയോടൊപ്പം വിദ്യാലയങ്ങളിലേക്ക് പകർന്നു. പതിനായിരക്കണക്കിന് മിടുക്കരായ വിദ്യാർഥികളും അധ്യാപകരും ആ സംസ്കാരത്തിന്റെ പതാകവാഹകരായി. അതുണ്ടാക്കിയത് അദ്‌ഭുതകരമായ മാറ്റമായിരുന്നു. 15 വർഷം കൊണ്ട് 10,39,681.52 കിലോഗ്രാം പ്ലാസ്റ്റിക്കാണ് ഈ പദ്ധതിവഴി ശേഖരിച്ച് റീസൈക്കിൾ ചെയ്തത്. ഒരു പക്ഷേ, ലോകത്തുതന്നെ വിദ്യാർഥികളുടെ നേതൃത്വത്തിൽ നടന്ന ഏറ്റവുംവലിയ പ്ലാസ്റ്റിക് വിരുദ്ധമുന്നേറ്റമായിരിക്കും ഇത്.

മാതൃഭൂമി കോഴിക്കോട് കോർപ്പറേഷനിലെ എടക്കാട് വാർഡിൽ നടപ്പാക്കിയ എന്റെ എടക്കാട് പദ്ധതിയുമായി ബന്ധപ്പെട്ട് പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ചിരുന്നു. കേവലം 18 മാസത്തെ 2020 വീടുകളിലെ പ്രവർത്തനത്തിലൂടെ ശേഖരിച്ചത് മാത്രം 73000 കിലോ പ്ലാസ്‌റ്റിക് മാലിന്യമാണ്. ലോകത്ത് പ്രതിവർഷം 40 കോടി ടൺ പ്ലാസ്റ്റിക് ഉത്പാദിപ്പിക്കുന്നുണ്ടെന്നാണ് കണക്ക്. ഇതെല്ലാം പലരൂപങ്ങളിൽ ഭൂമിയെ പൊതിയുകയാണ്. ഇതിനെതിരേ ഒറ്റപ്പെട്ട പ്രതിരോധങ്ങൾ പോരാ, ആഗോളതലത്തിൽത്തന്നെ വലിയ മുന്നേറ്റങ്ങൾ ആവശ്യമാണ്. അതിന്റെ ആദ്യമാതൃകയാണ് കേരളത്തിലെ 'ലവ് പ്ലാസ്റ്റിക് ' പദ്ധതി. ഈ പദ്ധതി വരുംതലമുറകൾക്കായി കൈമാറേണ്ടത് കാലത്തിന്റെ ആവശ്യമാണ്. അതിന്റെ ഭാഗമായി പുതിയ വർഷത്തെ പ്രവർത്തനങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം ഞായറാഴ്ച പറവൂർ തോന്ന്യകാവ് എൻ.എസ്.എസ്. ഓഡിറ്റോറിയത്തിൽ രാവിലെ 11- ന്
മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിക്കും.