നിരത്തുകൾ സുരക്ഷിതമാകണം

നമ്മുടെ സംസ്ഥാനത്ത് ഒട്ടും കൂസലില്ലാതെ, പകൽവെളിച്ചത്തിലെന്നോ പാതിരാവിലെന്നോ ഭേദമില്ലാതെ നടത്തപ്പെടുന്ന നിയമലംഘനം വാഹനമോടിക്കലുമായി ബന്ധപ്പെട്ടതാണ്. ദേശീയപാതയിൽ കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലായി മോട്ടോർവാഹനവകുപ്പ് നടത്തിയ പട്രോളിങ്ങിൽ മൂന്നുമാസത്തിനിടെ കണ്ടെത്തിയത് 12,179 നിയമലംഘനങ്ങളെന്ന വാർത്ത ഞെട്ടലുണ്ടാക്കുന്നു. 22,505 വാഹനങ്ങൾ പരിശോധിച്ചതിലാണിത്. അതുകൊണ്ടാണ് ‘മാതൃഭൂമി’ ഇന്നലെ ഈ മുഖ്യവാർത്തയ്ക്ക് ‘രണ്ടിലൊരാൾ നിയമലംഘകൻ’ എന്ന ഉചിതമായ തലക്കെട്ടു നൽകിയത്. നൂറുകിലോമീറ്റർ വേഗത്തിൽവരെ വാഹനങ്ങൾ പോകുന്ന ആറുവരിപ്പാതയിൽ വണ്ടികൾ നിർത്തിയിടൽ, ട്രാക്ക് തെറ്റിച്ച് ഓടിക്കൽ, ഓവർടേക്കിങ് ട്രാക്കിലെ അപകടയാത്രകൾ, വൺവേ തെറ്റിച്ച് തെറ്റായ ദിശയിലൂടെയുള്ള ഡ്രൈവിങ് തുടങ്ങിയ നിയമലംഘനങ്ങളാണ് പ്രധാനമായും പിടികൂടിയത്. മോട്ടോർവാഹനവകുപ്പിന് ദേശീയപാതകളിൽ നിരീക്ഷണക്യാമറകളില്ല. അതിനാൽ പട്രോളിങ്ങിനിടെ നിയമലംഘനങ്ങളുടെ ചിത്രങ്ങൾ പകർത്തിയാണ് ഇപ്പോൾ നടപടിയെടുക്കുന്നത്.
കോഴിക്കോട് പന്തീരാങ്കാവിലെ ടോൾപ്ലാസയിലുള്ള ക്യാമറാ കൺട്രോൾറൂമിലിരുന്നാൽ ദേശീയപാതയിലെ നിയമലംഘനങ്ങളുടെ യഥാർഥചിത്രം ലഭിക്കുമെന്നാണ് ‘മാതൃഭൂമി’യുടെ ലേഖകൻ കെ.പി. ഷൗക്കത്തലി റിപ്പോർട്ടുചെയ്തത്. രാമനാട്ടുകരമുതൽ വെങ്ങളംവരെ 28.4 കിലോമീറ്ററിൽ ദിവസം നൂറ് നിയമലംഘനങ്ങളെങ്കിലും നിരീക്ഷണക്യാമറകൾ കണ്ടെത്തുന്നുണ്ടെന്നു റിപ്പോർട്ടിൽ പറയുന്നു. കൂടുതലും അപകടം ക്ഷണിച്ചുവരുത്തുന്ന സാഹസികതകളാണ്.
ഇരുചക്രവാഹനങ്ങൾക്കും ഓട്ടോറിക്ഷകൾക്കും ആറുവരിപ്പാതയിൽ അനുമതിയില്ലെങ്കിലും അവയെ തടയാൻ സംവിധാനമില്ല. നൂറുകിലോമീറ്റർ വേഗത്തിൽ വാഹനങ്ങൾ കടന്നുപോകുന്ന അതിവേഗ ട്രാക്കിലൂടെയാണ് പലപ്പോഴും ഇരുചക്രവാഹനങ്ങൾ പോകുന്നത്. വിലക്കുള്ള പാതയിൽ അപകടത്തിൽപ്പെട്ടാൽ ഇൻഷുറൻസ് തുകപോലും ലഭിക്കില്ലെന്നതാണു വസ്തുത. കാസർകോടുമുതൽ തിരുവനന്തപുരംവരെയുള്ള ദേശീയപാതയുടെ പണി പൂർത്തിയാക്കി കമ്മിഷൻചെയ്താലേ മോട്ടോർവാഹനവകുപ്പിന് ക്യാമറ സ്ഥാപിച്ചുള്ള നിരീക്ഷണം സാധ്യമാകൂ.
റോഡപകടങ്ങളിൽ പൊലിയുന്ന ജീവനുകൾക്ക് നമ്മുടെ നാട്ടിൽ കൈയുംകണക്കുമില്ല. അശ്രദ്ധമായ ഡ്രൈവിങ് തനിക്കുമാത്രമല്ല, മറ്റുള്ളവർക്കും ഭീഷണിയാണെന്ന തിരിച്ചറിവുണ്ടാകുന്നില്ല. കർശനമായ നിയമവ്യവസ്ഥകൊണ്ടുമാത്രമേ ഇതിനൊരു അറുതിവരുത്താനാകൂ. കാൽനടയാത്രക്കാരുടെ സുരക്ഷയും അതിപ്രധാനമാണ്. സ്പീഡ് ഗവർണർ ചട്ടത്തെ പുച്ഛിച്ചുതള്ളി, ഹോൺനിരോധനത്തിന് പുല്ലുവിലകല്പിച്ച് നിയമപാലകരുടെ മുന്നിലൂടെ മരണപ്പാച്ചിൽ നടത്തുന്ന ബസുകൾ നമ്മുടെ നിയമസംവിധാനത്തിന്റെ പരിഹാസ്യമായ അവസ്ഥ തുറന്നുകാട്ടുന്നു. ബസുകൾമാത്രമല്ല, നിയമം കാറ്റിൽപ്പറത്തുന്ന കാറുകൾ, പിക്കപ്പ് വാഹനങ്ങൾ, ഇരുചക്രവണ്ടികൾ, ഓട്ടോറിക്ഷകൾ എന്നിവയെല്ലാം നമ്മുടെ വികലമായ ഡ്രൈവിങ് സംസ്കാരത്തിന്റെ ഉദാഹരണങ്ങളാണ്.
മുഖ്യമന്ത്രി വി.ഡി. സതീശൻ കഴിഞ്ഞദിവസം ഉദ്ഘാടനംചെയ്ത, കേരള റോഡ് സുരക്ഷാ മിഷന്റെ ‘ജീവ-സുയാത്ര മിഷൻ’ പദ്ധതി സംസ്ഥാനത്തെ നിരത്തുകളിൽ നവയുഗപ്പിറവികുറിക്കുമെന്നു പ്രത്യാശിക്കാം. റോഡപകടങ്ങളിലെ മരണങ്ങളും പരിക്കും നാലുവർഷംകൊണ്ട് പകുതിയായി കുറയ്ക്കാൻ ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നത്. അപായരഹിതമായ റോഡുകൾ, അപകടമുണ്ടായാൽ അടിയന്തരപ്രതികരണം, സുരക്ഷിതവേഗം ഉറപ്പാക്കൽ എന്നിവയാണ് കാര്യപരിപാടി. പദ്ധതി ഉദ്ഘാടനംചെയ്തുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞ ഈ വാക്കുകൾ ശ്രദ്ധേയമാണ്: “ഗൾഫിൽ മലയാളികൾ വളരെ ശ്രദ്ധയോടെയാണു വാഹനമോടിക്കുന്നത്. അവിടത്തെ നിയമത്തിന്റെ കാർക്കശ്യംതന്നെയാണു കാരണം.” വിലപ്പെട്ട ജീവനുകൾ നഷ്ടപ്പെടാതിരിക്കാൻ നമുക്കും റോഡുനിയമങ്ങൾ കർക്കശമാക്കണം.