സോളാർ കുതിപ്പിന് തുരങ്കം വെക്കരുത്

സൗരോർജവൈദ്യുതി ഉത്പാദനമേഖലയിൽ കേന്ദ്രം കൊണ്ടുവരാനുദ്ദേശിക്കുന്ന പുതിയ കരടുചട്ടങ്ങൾ വലിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുന്നു. കേരളത്തിലെ റെഗുലേറ്ററി കമ്മിഷനും ഇതിന് സമാനമായ ചില ചട്ടങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. വലിയ ഇളവുകൾനൽകി സോളാർപദ്ധതികളെ പ്രോത്സാഹിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തതിനുശേഷം പൊടുന്നനെ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നത് ഈ മേഖലയിൽ വലിയ ആശങ്കയുണ്ടാക്കുന്നുണ്ട്. പകൽ സോളാർവൈദ്യുതി ഉത്പാദനം വർധിക്കുമ്പോൾ പവർ ഗ്രിഡിലുണ്ടാവുന്ന അമിതഭാരവും വോൾട്ടേജ് വ്യതിയാനവും നിയന്ത്രിക്കാനാണിത് എന്നാണ് കേന്ദ്രം പറയുന്നത്. എന്നാൽ, ഈ നിയന്ത്രണം ഗാർഹിക ഉപയോക്താക്കളെയും ചെറുകിട സോളാർനിക്ഷേപകരെയും ദോഷകരമായി ബാധിച്ചേക്കും.വർധിച്ചുവരുന്ന വൈദ്യുതി ആവശ്യങ്ങൾക്ക് ഏറ്റവും സുരക്ഷിതവും പ്രകൃതിസൗഹൃദപരവും ലാഭകരവുമായ സ്രോതസ്സ് എന്ന നിലയിലാണ് ഇന്ത്യയും സൗരോർജപദ്ധതികളെ പ്രോത്സാഹിപ്പിച്ചത്. ഇതിനായി സൂര്യഘർ മുഫ്ത് ബിജിലി യോജന എന്നപേരിൽ രാജ്യത്തെമ്പാടും പുരപ്പുറ സോളാർനിലയങ്ങൾ സ്ഥാപിക്കാൻ ആഹ്വാനംനൽകി. പി.എം.കുസും പദ്ധതിപ്രകാരം കർഷകർക്ക് സോളാർപമ്പുകൾ സ്ഥാപിക്കാൻ സഹായംനൽകി. അടൽജ്യോതി യോജന പ്രകാരം വൈദ്യുതി എത്താത്ത ഗ്രാമങ്ങളിൽ സോളാർ വഴി തെരുവുവിളക്കുകൾ പ്രകാശിപ്പിച്ചു.
നെറ്റ് മീറ്ററിങ് പ്രകാരം വീട്ടാവശ്യത്തിനുള്ളത് എടുത്ത് ബാക്കി ഗ്രിഡിലേക്ക് നൽകാൻ സംവിധാനമൊരുക്കി. അന്തഃസംസ്ഥാന പ്രസരണനിരക്കുകൾ ഒഴിവാക്കി. സോളാർ പ്ലാന്റുകൾക്ക് ബാങ്കുകളിൽനിന്ന് കുറഞ്ഞ പലിശനിരക്കിൽ ലോണുകളും സബ്സിഡിയും ലഭ്യമാക്കി. ഇങ്ങനെയെല്ലാം പ്രോത്സാഹനംനൽകി വലിയൊരുവിഭാഗം ഉപഭോക്താക്കളെയും വൻകിട-ചെറുകിട സോളാർ നിർമാതാക്കളെയും ഈ രംഗത്തിറക്കിയതിനുശേഷം കടുത്തനിയന്ത്രണങ്ങൾ കൊണ്ടുവരുന്നത് അവരോടുള്ള നീതികേടാണ്. പുതിയ കരട് നിർദേശങ്ങൾപ്രകാരം നെറ്റ് മീറ്ററിങ് എന്ന ലാഭകരമായ സംവിധാനത്തിന് പരിധിയുണ്ടാവും. പരിധിക്കുമുകളിലുള്ള വൈദ്യുതിയുത്പാദനത്തിന് പ്രത്യേകനിരക്ക് നിശ്ചയിക്കാൻ വൈദ്യുതി റെഗുലേറ്ററി കമ്മിഷനുകൾക്ക് അധികാരമുണ്ടാവും. നിശ്ചിതപരിധിക്കു മുകളിലുള്ള സോളാർപ്ലാന്റുകൾ ഗ്രിഡുമായി ബന്ധിപ്പിക്കുന്നതിനും നിയന്ത്രണമുണ്ട്. പത്ത് കിലോവാട്ടിനുമുകളിൽ പ്ലാന്റുള്ളവർ ഉത്പാദിപ്പിക്കുന്നതിന്റെ 10 ശതമാനം വൈദ്യുതി ബാറ്ററി ഉപയോഗിച്ച് ശേഖരിക്കണം എന്നാണ് കേരളത്തിന്റെ തീരുമാനം. കേന്ദ്രത്തിന്റെ ചട്ടപ്രകാരം 20 ശതമാനം വൈദ്യുതി ശേഖരിക്കണം. ഇതെല്ലാം നിലവിലെ ഉപയോക്താക്കൾക്ക് തിരിച്ചടിയാണ്. ഇപ്പോൾ ലഭിക്കുന്ന ആനുകൂല്യങ്ങൾ പലതും ഇല്ലാതാവുന്നതാവും ഫലം.
സോളാർ വൈദ്യുതി ഗ്രിഡിലേക്ക് കൊടുക്കുമ്പോഴും തിരിച്ചെടുക്കുമ്പോഴും പ്രസരണനഷ്ടമുണ്ടാകുന്നുണ്ടെന്നും അത് അധികച്ചെലവുണ്ടാക്കുന്നെന്നുമാണ് സർക്കാരിന്റെ വാദം. പകൽ വൈദ്യുതി അധികമാവുകയും രാത്രി ക്ഷാമമുണ്ടാവുകയും ചെയ്യുന്ന ‘ഡക്ക് കർവ്’ പ്രതിഭാസവും പ്രശ്നമുണ്ടാക്കുന്നുണ്ടെന്നു പറയുന്നു. എന്നാൽ, ഇത്തരം പ്രശ്നങ്ങൾക്ക് ഉത്പാദനം നിയന്ത്രിക്കലോ ഉപഭോക്താക്കളെ ഉപദ്രവിക്കലോ അല്ല പരിഹാരം. ഉത്പാദിപ്പിക്കപ്പെടുന്ന സോളാർ വൈദ്യുതിയെ ഫലപ്രദമായി സംഭരിക്കാനുള്ള സംവിധാനമൊരുക്കുകയാണ് വേണ്ടത്. അതിന് മികച്ച ബാറ്ററികൾ വേണം. സോഡിയം ബാറ്ററികൾ ഇതിന് ഉപയുക്തമാണെന്ന് വിദഗ്ധർ പറയുന്നു. കെ.എസ്.ഇ.ബി.ക്ക് സംഭരണക്കാര്യത്തിൽ ഒട്ടും താത്പര്യമില്ല എന്നാണ് വിമർശനം. നിലവിലുള്ള വൈദ്യുതിവിതരണ ശൃംഖലയെ ആധുനികീകരിച്ച് പ്രസരണനഷ്ടം കുറയ്ക്കണം. വ്യവസായസ്ഥാപനങ്ങൾ, ഇലക്ട്രിക് ചാർജിങ് സ്റ്റേഷനുകൾ തുടങ്ങിയവയുടെ പ്രവർത്തനം കൂടുതലും പകലാക്കാൻ പ്രേരിപ്പിക്കണം. ഇത് രാത്രിയിലെ അമിതഭാരം കുറയ്ക്കും. അതിനെല്ലാമുപരിയായി കേന്ദ്രവും കേരളവും നടപ്പാക്കാനൊരുങ്ങുന്ന ചട്ടങ്ങളിൽനിന്ന് ഗാർഹിക-ചെറുകിട ഉപയോക്താക്കൾക്ക് ഇളവ് നൽകണം. ആവശ്യമായ തിരുത്തലുകൾ നടപ്പാക്കിവേണം ചട്ടങ്ങൾ നടപ്പാക്കാൻ. രാജ്യത്ത് വലിയ പ്രതീക്ഷയോടെ തുടങ്ങിവെച്ച ഹരിതഊർജ പദ്ധതികൾ പാതിവഴിയിൽ നിലയ്ക്കാൻ അനുവദിക്കരുത്.