സഹനസജ്ജരുടെ സമരരാജ്യം

മുഖ്യ തിരഞ്ഞെടുപ്പുകമ്മിഷണർ(സി.ഇ.സി.) ഗ്യാനേഷ്‌കുമാർ സ്ഥാനമൊഴിയണമെന്നും വോട്ടർപട്ടികയുടെ പ്രത്യേക തീവ്ര പരിഷ്‌കരണ(എസ്.ഐ.ആർ.) പ്രക്രിയ റദ്ദാക്കണമെന്നും ആവശ്യപ്പെട്ടുള്ള ജനകീയസമരം രാജ്യതലസ്ഥാനത്ത് തുടരുകയാണ്. ജനരോഷത്തിനുമുൻപിൽ സ്തബ്ധമായിപ്പോയ കേന്ദ്രഭരണകൂടം നിഷ്ഠുരമായ അടിച്ചമർത്തൽനടപടികളാണു കൈക്കൊള്ളുന്നത്. ബലപ്രയോഗവും മനുഷ്യാവകാശനിഷേധവുമാണ് സുരക്ഷാസേന നടത്തുന്നത്. യുവപ്രക്ഷോഭകർക്കും മുഖ്യധാരാ രാഷ്ട്രീയനേതാക്കൾക്കും മാധ്യമപ്രവർത്തകർക്കുമൊക്കെ കടുത്ത പീഡനം ഏറ്റുവാങ്ങേണ്ടിവന്നു. സമരക്കാരെ നേരിടാൻ രാഷ്ട്രീയഗുണ്ടകളെയും രംഗത്തിറക്കിയതായി ആരോപണമുണ്ട്. സമാധാനപരമായി പ്രതിഷേധിക്കാനുള്ള ഭരണഘടനാദത്തമായ അവകാശത്തിനുനേരേയാണ് ഭരണകൂടം അതിക്രമം കാട്ടുന്നത്. ഇതിന്റെ പശ്ചാത്തലത്തിൽ, അവധിദിനമായ ഞായറാഴ്ച ആവലാതി കേൾക്കാൻ പ്രത്യേക സിറ്റിങ് നടത്തുകയെന്ന അസാധാരണനടപടിക്ക് രാജ്യത്തിന്റെ പരമോന്നതകോടതി മുതിർന്നു.

ജനസഞ്ചാരത്തിന് തടസ്സമാകുന്ന എല്ലാ നിയന്ത്രണങ്ങളും നീക്കാനാണ് സുപ്രീംകോടതി ഇന്നലെ കേന്ദ്രസർക്കാരിനോടു നിർദേശിച്ചത്. നിരത്തുകളിലെ ബാരിക്കേഡുകൾ നീക്കാനും മെട്രോ, റെയിൽ ഗതാഗതം സാധാരണനിലയിലാക്കാനും ഉത്തരവിട്ടു. ഇന്റർനെറ്റ് ബന്ധം പുനഃസ്ഥാപിക്കണം. നിയമാനുസൃതമല്ലാതെ ആരെയും കസ്റ്റഡിയിലെടുക്കരുത്; പ്രത്യേകിച്ച് മധ്യ ഡൽഹിയിലെ നാലു കിലോമീറ്റർ നിരോധിതമേഖലയ്ക്കുപുറത്ത്. സുപ്രീംകോടതിയുടെയും തലസ്ഥാനത്തെ മറ്റു കോടതികളുടെയും പരിസരങ്ങളിലെ നിരോധനാജ്ഞ പിൻവലിക്കാനും ഉത്തരവിട്ടു. അഭിഭാഷകരുടെയും നീതിതേടുന്നവരുടെയും സഞ്ചാരങ്ങൾ തടസ്സപ്പെടാതിരിക്കാനാണ് ഈ നിർദേശമെന്ന് സുപ്രീംകോടതി എടുത്തുപറഞ്ഞു. അഭിഭാഷകർ, മാധ്യമപ്രവർത്തകർ തുടങ്ങിയവരുടെ കൃത്യനിർവഹണം തടസ്സപ്പെടുത്തരുതെന്നും നിർദേശിച്ചു.

എന്നാൽ, 'ക്രമസമാധാനത്തിന്റെ പരിപാലനത്തിനു വിധേയമായി' എന്നൊരു ഉപാധിയോടെയാണ് സുപ്രീംകോടതി ഈ ഉത്തരവുകളെല്ലാം പുറപ്പെടുവിച്ചത്. ഭരണഘടനാതത്ത്വങ്ങളും പൗരാവകാശങ്ങളും ഉയർത്തിപ്പിടിക്കുന്നതിനൊപ്പം ക്രമസമാധാനപാലനം ഉറപ്പാക്കുന്നതിനുള്ള നിയന്ത്രണങ്ങൾ നടപ്പാക്കാൻ ഭരണകൂടത്തെ അനുവദിക്കുകയാണ് ഇതുവഴി കോടതി ചെയ്തത്. ഈ നിയന്ത്രണങ്ങൾ നടപ്പാക്കുന്നതിൽ ഭരണകൂടവും സുരക്ഷാസേനയും എത്രത്തോളം യുക്തിപരതയും നിയമബദ്ധതയും പുലർത്തുമെന്നതിലാണു സംശയമുള്ളത്. ഇന്നലെ കോടതിയുത്തരവിനുശേഷവും മാധ്യമപ്രവർത്തകരടക്കമുള്ളവർക്കുനേരേ സുരക്ഷാസേന അതിക്രമം തുടർന്നതായി റിപ്പോർട്ടുണ്ട്. 'ക്രമസമാധാനപാലനത്തിനു വിധേയമായി' എന്ന ഉപാധിവെക്കുകവഴി, അതിന്റെപേരിൽ മനുഷ്യാവകാശധ്വംസനങ്ങൾ തുടരാൻ ഭരണകൂടത്തിനു വഴിതുറന്നിടുകയാണു കോടതിചെയ്തത്. വ്യക്തിസ്വാതന്ത്ര്യങ്ങൾക്കുമേൽ ഏർപ്പെടുത്തുന്ന ഏതു നിയന്ത്രണവും 'നീതിയുക്തവും യുക്തിസഹവുമായ' നിയമനടപടിയുടെ അടിസ്ഥാനത്തിലായിരിക്കണമെന്ന, സുപ്രീംകോടതിയുടെതന്നെ 1978-ലെ ഐതിഹാസികവിധി(മേനകാഗാന്ധി കേസ്)യുടെ പൊരുൾ ജസ്റ്റിസുമാരായ ജോയ്മാല്യ ബാഗ്ചിയുടെയും വി. മോഹനയുടെയും ബെഞ്ചിന് ഇന്നലെ ഉയർത്തിപ്പിടിക്കാനായോ എന്നു സംശയിക്കാവുന്നതാണ്.

നിരോധനാജ്ഞയടക്കമുള്ള നിയന്ത്രണനടപടികളുടെ നിയമസാധുതയെപ്പറ്റിയോ നീതിയുക്തതയെപ്പറ്റിയോ എന്തെങ്കിലും പറയാൻ കോടതി ഇന്നലെ മുതിർന്നതുമില്ല. ഗ്യാനേഷ്‌കുമാർ സി.ഇ.സി.പദവിയൊഴിയുന്നതുവരെ സമരം തുടരുമെന്നാണ് കോക്രോച്ച് ജനതാ പാർട്ടി(സി.ജെ.പി.)യും മറ്റു പ്രക്ഷോഭകരും വ്യക്തമാക്കിയിട്ടുള്ളത്. ഡൽഹിമാത്രമല്ല, രാജ്യത്തിന്റെ മറ്റു ഭാഗങ്ങളും സമരാവേശത്തിലാണ്. ആ അർഥത്തിൽ ഇന്ത്യ ഇന്നൊരു സമരരാജ്യമായിട്ടുണ്ട്. വികാരതീവ്രമായ സന്നദ്ധതയോടെയാണ് ഓരോരുത്തരും പ്രക്ഷോഭത്തിരയിലേക്കിറങ്ങുന്നത്. ആദർശഭരിതരും സഹനസജ്ജരുമായൊരു ജനസഞ്ചയത്തെ ബലപ്രയോഗത്തിലൂടെ കീഴ്‌പെടുത്താമെന്ന് വ്യാമോഹിക്കേണ്ടതില്ല. ഭരണകൂടം അനുരഞ്ജനത്തിനും വിട്ടുവീഴ്ചയ്ക്കും തയ്യാറാകുകയേ നിർവാഹമുണ്ടാകൂ.