ആപത്തുകാലത്ത് വേണ്ടത് ആർദ്രതയും ഉദാരതയും

-
-

കൊല്ലത്തെ സുബൈദ എന്ന വീട്ടമ്മ ആടിനെ വിറ്റുകിട്ടിയ  പണം കൈമാറിയത് വാ പിളർന്നുനിൽക്കുന്ന മഹാമാരിയെ തടയുന്നതിൽ  പങ്കാളിയാവാൻ വേണ്ടിയാണ്. കല്പറ്റയിലെ കവളക്കാട് റോയി ആന്റണി എന്ന കൃഷിക്കാരൻ 10 ടൺ കപ്പയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകിയത്. നെയ്യാറ്റിൻകര ബ്ലാത്താങ്കരയിലെ ആദർശ് എന്ന സ്കൂൾകുട്ടി ദുരിതമനുഭവിക്കുന്നവരുടെയാകെ മനസ്സിൽ സ്നേഹസ്പർശമാകുന്നത് മണി ബോക്സ് എന്ന നൂതന സംവിധാനത്തിലൂടെയാണ്. സഹജീവി സ്നേഹത്തിന്റെ ആയിരക്കണക്കിന് ഉദാഹരണങ്ങളിലേതാനും മാത്രമാണിവയെല്ലാം. മഹാത്മാഗാന്ധി 1934-ൽ ഹരിജൻഫണ്ട് പിരിവിനുവേണ്ടി കേരളത്തിൽ വന്നപ്പോൾ വടകര കോട്ടപ്പറമ്പിൽ കൗമുദി എന്ന സ്കൂൾ വിദ്യാർഥിനി മാലയും കമ്മലും അഴിച്ച് സമർപ്പിച്ച് ചരിത്രത്തിൽ സ്ഥാനംപിടിച്ചതടക്കമുള്ള സംഭവങ്ങൾ അക്കാലത്തെ മാതൃഭൂമി താളുകളിൽ നിറംമങ്ങാതെയുണ്ട്.  ക്ഷയരോഗത്താൽ മനുഷ്യൻ മരിച്ചുവീണുകൊണ്ടിരുന്നപ്പോൾ സ്വാതന്ത്യ്രസമരനായകരിലൊരാളും വ്യവസായിയുമായ സാമുവൽ ആറോൺ മുന്നൂറോളം ഏക്കർ സ്ഥലം ദാനം ചെയ്താണ് മലബാറിലെ ക്ഷയരോഗ സാനിറ്റോറിയം ഉണ്ടാക്കിയത്. അവിടെയാണ്  ഉത്തരകേരളത്തിലെ ഏറ്റവും വലിയ കോവിഡ്-19 ചികിത്സാലയമായി ഇപ്പോൾ മാറ്റിയ പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജ്.  

ലോകവും രാജ്യവും നമ്മുടെ സംസ്ഥാനവും കോവിഡിന്റെ  നിഴലിലാണ്. ധനസ്ഥിതിയാകെ പ്രതിസന്ധിയിലും.  സൗജന്യമായ ചികിത്സയും പരിചരണവും ഉറപ്പാക്കിയാണ് കേരളത്തിൽ മഹാമാരിയെ നേരിടുന്നത്. തെരുവിൽ കഴിഞ്ഞുപോന്നവരെയും ലക്ഷക്കണക്കായ അതിഥി തൊഴിലാളികളെയുമെല്ലാം മുമ്പില്ലാത്തവിധം കരുതലോടെ സംരക്ഷിക്കുന്ന സവിശേഷ കാലം. വരുമാനമില്ലാതെ ചെലവുകൾ മാത്രമുള്ള കെടുകാലത്തിലൂടെ കടന്നുപോകുമ്പോൾ അതിജീവനം പാരസ്പര്യത്തിലൂെടയും   ഐക്യത്തിലൂടെയും മാനുഷികതയിലൂടെയും മാത്രമേ സാധ്യമാകുകയുള്ളൂ എന്നതാണ് സത്യം.

ലോക്ഡൗൺ തുടങ്ങിയ ശേഷം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് കിട്ടുന്ന റിപ്പോർട്ടുകൾ മലയാളിസമൂഹം മുമ്പെന്നത്തെക്കാളും താത്‌പര്യത്തോടെ കാരുണ്യപ്രവർത്തനങ്ങളിൽ വ്യാപൃതരാകുന്നുവെന്നാണ്. സാമൂഹികവും ശാരീരികവുമായ അകലം പാലിക്കൽ കർശനമായി നടപ്പാക്കാൻ പൊരിവെയിലത്ത് കഠിനാധ്വാനം ചെയ്യുന്ന പോലീസുകാർക്ക് ദിവസേന കുടിവെള്ളമെത്തിക്കുന്നതിൽ സന്തോഷം കണ്ടെത്തുന്നവർ, ഭക്ഷണമെത്തിക്കുന്നവർ, സമൂഹ അടുക്കളയിൽ പ്രവർത്തിക്കുന്നവർ, അരിയും പലവ്യഞ്ജനവും പച്ചക്കറികളുമെത്തിക്കുന്നവർ,  വീടുകളിൽ കഴിയുന്ന കുടുംബങ്ങൾക്ക് അവശ്യസാധനങ്ങൾ എത്തിച്ചുകൊടുക്കുന്ന യുവാക്കൾ, കോവിഡിനെ തുരത്താൻ മുന്നണിപ്പടയാളികൾക്ക്് സഹായമെത്തിക്കുന്ന സന്നദ്ധ പ്രവർത്തകർ, ജില്ലാതലത്തിലും പഞ്ചായത്ത്-മുനിസിപ്പൽ തലത്തിലും ആവശ്യക്കാരുടെ കോളുകൾക്കായി ചെവിയോർത്ത് നിൽക്കുന്നവർ -അവരിൽ നേതാക്കളും കലാകാരന്മാരും കായികതാരങ്ങളുമെല്ലാമുണ്ട്. ദയയോ കാരുണ്യമോ അല്ല, അതിനെല്ലാമപ്പുറം മനുഷ്യൻ എന്ന നിലയിലുള്ള ഉത്തരവാദിത്വത്തോടെയാണ്‌ നമ്മുടെ ചുണക്കുട്ടികൾ ഈ യുദ്ധരംഗത്തുള്ളത്. ഇനിയും കുറെ നാൾ, മാസങ്ങൾതന്നെ വേണ്ടിവരാം ഈ മഹാമാരിയെ തുരത്താൻ. നിസ്വാർഥതയാണ് ഇക്കാലം ഓരോരുത്തരിൽനിന്നും പ്രതീക്ഷിക്കുന്നത്. ചികിത്സ നൽകുന്നതിനിടയിൽ രോഗബാധയുണ്ടായേക്കാമെന്നറിഞ്ഞിട്ടും നമ്മുടെ ആരോഗ്യപ്രവർത്തകർ കാണിക്കുന്ന ആ സമർപ്പണമനസ്കതയാണ്‌ മറ്റുള്ളവരിൽനിന്ന് നാം ആവശ്യപ്പെടുന്നത്. ആപത്തുകാലത്ത് എല്ലാവരെയും സഹായിക്കാനുള്ള  ആർദ്രതയും  ഉദാരതയുമാണ് ആവശ്യമായിട്ടുള്ളത്. 
 

Content Highlights: