മൈത്രിയുടെ തിളക്കം

കേരളത്തിന്റെ പെരുമയാർന്ന മതസൗഹാർദപാരമ്പര്യത്തിൽ വിള്ളൽവീഴ്ത്താൻ ഒറ്റയ്ക്കും സംഘടിതമായും ശ്രമങ്ങൾ നടക്കുന്ന കാലമാണിത്. ഇത്തരം നീക്കങ്ങൾക്കെതിരേ വളരെ കരുതിയിരിക്കേണ്ടതുണ്ട്. ഭാഗ്യവശാൽ, മുഖ്യധാരാസമൂഹം അങ്ങനെ ചെയ്യുന്നുമുണ്ട്. ഇതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് കോട്ടയം പാലായിൽ കഴിഞ്ഞ ഞായറാഴ്ച കണ്ടത്. ക്രിസ്തീയദേവാലയത്തിലെ പെരുന്നാളിന്റെഭാഗമായി നടന്ന ഗാനമേളയിൽ അയ്യപ്പഭക്തിഗാനം തടസ്സപ്പെടുത്താൻ ശ്രമിച്ചയാളെ നാട്ടുകാരും പള്ളിക്കമ്മിറ്റിക്കാരുംചേർന്ന് ഇറക്കിവിടുകയാണുണ്ടായത്. വർഗീയത പറഞ്ഞ് ഗാനമേള തടസ്സപ്പെടുത്തിയ ആളെ പുറത്താക്കിയശേഷം അയ്യപ്പഭക്തിഗാനങ്ങൾ തുടരാൻ ഗായകസംഘത്തോട് പള്ളിക്കമ്മിറ്റി ഭാരവാഹികൾ ആവശ്യപ്പെട്ടു. മതമൈത്രിയുടെ തിളക്കമാർന്ന മാതൃകയായി ഇത്.
പാലാ കിഴപ്പാറ ഗ്രിഗോറിയസ് പള്ളിയുടെ നൂറാംവാർഷികവും പെരുന്നാളും ഒരുമിച്ച് ആഘോഷിക്കുന്ന വേളയിലാണ് സംഭവമുണ്ടായത്. ആലപ്പുഴ റൈബാൻ ട്രൂപ്പാണ് ആഘോഷത്തിന്റെഭാഗമായി ഞായറാഴ്ച രാത്രി ഗാനമേള അവതരിപ്പിച്ചത്. ‘പള്ളിക്കെട്ട് ശബരിമലയ്ക്ക്’ എന്നുതുടങ്ങുന്ന ഗാനം ആലപിച്ചപ്പോഴാണ് സദസ്സിൽനിന്നൊരാൾ പ്രശ്നംസൃഷ്ടിച്ചത്. ഇയാൾ സ്റ്റേജിലേക്ക് അതിക്രമിച്ചുകയറി വർഗീയപരാമർശങ്ങൾ നടത്തി. ക്രിസ്തീയദേവാലയപരിസരത്ത് അയ്യപ്പഭക്തിഗാനം പാടരുതെന്നായിരുന്നു ഇയാളുടെ ആവശ്യം. തുടർന്നാണ് നാട്ടുകാരുടെയും പള്ളിക്കമ്മിറ്റി ഭാരവാഹികളുടെയും ഇടപെടലുണ്ടായത്. ബഹളമുണ്ടാക്കിയ ആൾ പ്രദേശവാസിയല്ലെന്നു നാട്ടുകാർ പറഞ്ഞു. വർഗീയവിദ്വേഷം പടർത്താനുള്ള ഇത്തരം ഒറ്റപ്പെട്ട ശ്രമങ്ങളെപ്പോലും കേരളീയസമൂഹം ശക്തമായി ചെറുക്കുന്നു എന്നത് വലിയ സൗഭാഗ്യമാണ്.
ഹൈന്ദവഭക്തിഗാനമേളകൾ നടത്തി സമീപകാലത്ത് ഒട്ടനേകം ആരാധകരെ നേടിയെടുത്ത നന്ദഗോവിന്ദം ഭജൻസ് എന്ന ഗായകസംഘത്തിനുനേരേ ഇക്കഴിഞ്ഞ ഏപ്രിലിൽ ഹിന്ദുത്വസംഘടനകൾ നടത്തിയ കടന്നാക്രമണം ഈയവസരത്തിൽ ഓർക്കാവുന്നതാണ്. കോട്ടയം വേമ്പിൻകുളങ്ങര വിഷ്ണുക്ഷേത്രത്തിൽ ഭജന അവതരിപ്പിക്കുന്നതിനിടെ സംഘം ‘ഈ പരദേവനഹോ’ എന്നുതുടങ്ങുന്ന ക്രിസ്തീയഭക്തിഗാനം ആലപിച്ചതാണ് പ്രകോപനമായത്. ഗാനമേള നടന്ന ക്ഷേത്രത്തിനുസമീപം ക്രിസ്തീയദേവാലയമുണ്ട്. അവിടത്തെ അധികൃതരും വിശ്വാസികളും ക്ഷേത്രോത്സവ നടത്തിപ്പിൽ സഹകരിക്കുന്നുണ്ടായിരുന്നു. കൂടാതെ, ക്ഷേത്രത്തിന്റെ പുനരുദ്ധാരണപ്രവൃത്തികളിലുംമറ്റും അവരുടെ സഹകരണമുണ്ടായിരുന്നു. ആ ഹൃദയസോദരരോടുള്ള സ്നേഹപ്രകടനമെന്നനിലയിൽ, ഗാനമേളയിൽ ക്രിസ്തീയഭക്തിഗാനം ഉൾപ്പെടുത്തുന്നതിന് ക്ഷേത്രഭാരവാഹികളുടെ സമ്മതവും പിന്തുണയുമുണ്ടായി. എന്നാൽ, ഇതോടെ നന്ദഗോവിന്ദം ഭജൻസിനെതിരേ കടുത്ത വിമർശനങ്ങളും ശക്തമായ സാമൂഹികമാധ്യമ ആക്രമണവുമാണുണ്ടായത്. ഇരിക്കുന്ന കൊമ്പ് മുറിക്കരുതെന്നാണ് ഹിന്ദു ഐക്യവേദി നേതാവ് കെ.പി. ശശികല ഗാനമേളാസംഘത്തെ താക്കീതുചെയ്തത്. ‘’ചിക്കൻ മസാല നല്ലതാണ്, പക്ഷേ, അത് പായസത്തിൽ ചേർക്കരുത്’’ എന്ന നിന്ദാർഹമായ പ്രസ്താവനപോലും അവർ നടത്തി. പക്ഷേ, കേരളീയസമൂഹം അത്തരം പരാമർശങ്ങളെയും അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളഞ്ഞു.
കേരളത്തിന്റെ സമന്വയസംസ്കാരവും നവോത്ഥാനഘടനയും എന്തു വിലകൊടുത്തും സംരക്ഷിക്കേണ്ടതുണ്ട്. നാടിന്റെ വിശാലഹൃദയത്തിലേക്ക് ഇരുട്ടു കുത്തിവെക്കാൻ ശ്രമിക്കുന്നവരെ കരുതിയിരിക്കണം. ആരെന്തു പറഞ്ഞാലും ചെയ്താലും നാം മൈത്രിയുടെ പതാക കൈവിടാതിരിക്കുക. ക്രിസ്തുമതത്തിൽ പിറന്ന യേശുദാസിന്റെ ശബ്ദമന്ത്രാർച്ചന കേട്ട് ഹൈന്ദവദേവകൾ ഉണരുകയും ഉറങ്ങുകയുംചെയ്യുന്ന നാടാണിത്.