ഉച്ചകോടിയുടെ പരാജയം

ഭൂമിയിലെ ചൂട് വ്യവസായവിപ്ലവത്തിനുമുൻപുള്ള അളവിനെ അപേക്ഷിച്ച് ഒന്നര ഡിഗ്രി സെൽഷ്യസ് വർധിക്കുകയെന്ന അപകടകരമായ പരിധിയിലേക്ക് ഇനി അധികദൂരമില്ലെന്ന് ഐക്യരാഷ്ട്രസഭ(യു.എൻ.) സ്ഥിരീകരിച്ചത് കഴിഞ്ഞ സെപ്റ്റംബർ രണ്ടിനാണ്. ഏതാനും വർഷങ്ങൾക്കകം ആഗോളതാപനം നിശ്ചയമായും മേൽപ്പറഞ്ഞ പരിധി ലംഘിക്കുന്നത് ഒഴിച്ചുകൂടാനാകില്ലെന്നാണ് യു.എൻ. പരിസ്ഥിതി പ്രോഗ്രാം(യു.എൻ.ഇ.പി.) അന്നു പുറത്തിറക്കിയ റിപ്പോർട്ടിൽ പറഞ്ഞത്. ഈ നൂറ്റാണ്ടിന്റെ മധ്യമാകുമ്പോഴേക്ക് ചൂട് വ്യവസായവിപ്ലവത്തിനുമുൻപുള്ള നിലയെ അപേക്ഷിച്ച് 1.8 ഡിഗ്രി സെൽഷ്യസ് വരെയെത്താമെന്ന്, യു.എൻ.ഇ.പി. കഴിഞ്ഞമാസം പ്രസിദ്ധീകരിച്ച മറ്റൊരു റിപ്പോർട്ടിൽ പറയുന്നു. എന്നാൽ, ലോകരാജ്യങ്ങൾ കാർബൺ ബഹിർഗമനം സാരമായി നിയന്ത്രിക്കുകയാണെങ്കിൽ ഈ പരിധിലംഘിക്കൽ താത്കാലികപ്രതിഭാസമായേക്കാമെന്നും ചൂട് ക്രമേണ 1.5 ഡിഗ്രി സെൽഷ്യസ് പരിധിയിലേക്കു ചുരുക്കിക്കൊണ്ടുവരാനാകുമെന്നുമാണ് നിഗമനം. തുർക്കിയിലെ അന്റാല്യയിൽ കഴിഞ്ഞദിവസം സമാപിച്ച മുപ്പത്തിയൊന്നാമത് ലോക കാലാവസ്ഥാ ഉച്ചകോടിയിലെ പ്രസംഗത്തിൽ യു.എൻ. സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ഇക്കാര്യം ഓർമ്മപ്പെടുത്തുകയുംചെയ്തു. എന്നാൽ, ആഗോളതാപനം നിയന്ത്രണവിധേയമാക്കി മാനവരാശിയെ രക്ഷിക്കുകയെന്ന വെല്ലുവിളി ഏറ്റെടുക്കുന്നതിൽ ഉച്ചകോടി പരാജയപ്പെടുകയാണുണ്ടായത്. രണ്ടാഴ്ചത്തെ സമ്മേളനം അഭിപ്രായൈക്യമുണ്ടാക്കാനായി രണ്ടുദിവസം നീട്ടിയിട്ടും സമവായത്തോടെ പ്രമേയം പാസാക്കാനാകാതെയാണ് പിരിഞ്ഞത്. ലോകത്തിന്റെ ഭാവിയെക്കാളും സർക്കാരുകൾ നടപ്പുകാലത്തെ വികസനതാത്പര്യങ്ങൾക്കാണ് പ്രാമുഖ്യംകല്പിക്കുന്നതെന്നത് നൈരാശ്യജനകമാണ്.
ഏറ്റവും മർമപ്രധാനമായ, കാർബൺ ബഹിർഗമനം കുറയ്ക്കുന്ന കാര്യത്തിലാണ് ഉച്ചകോടിയിൽ ഏറ്റവുമധികം ഭിന്നതയുണ്ടായത്. കാർബൺ ബഹിർഗമനം കുറയണമെങ്കിൽ എണ്ണ, പ്രകൃതിവാതകം, കൽക്കരി തുടങ്ങിയ ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം ഗണ്യമായി വെട്ടിക്കുറയ്ക്കേണ്ടിവരും. ഇതു ചെയ്താൽ വികസനത്തെയും സാമ്പത്തികവളർച്ചയെയും ബാധിക്കുമെന്നതിനാൽ ചൈനയും ഇന്ത്യയുമടക്കമുള്ള വികസ്വരരാജ്യങ്ങൾ കാര്യമായ വിട്ടുവീഴ്ചകൾക്കു സന്നദ്ധമല്ല. കാർബൺ ബഹിർഗമനത്തിൽ ചൈനയാണ് ഇപ്പോൾ ലോകത്ത് ഒന്നാമൻ. രണ്ടാംസ്ഥാനത്തുള്ള യു.എസാകട്ടെ, ഡൊണാൾഡ് ട്രംപ് പ്രസിഡന്റായതോടെ കാലാവസ്ഥാചർച്ചകളിൽനിന്നുതന്നെ പിന്മാറിയിരിക്കുകയാണ്. കാർബൺ ബഹിർഗമനം സാരമായി ചുരുക്കാൻ വികസ്വരരാജ്യങ്ങൾ തയ്യാറാകണമെന്നാണ് യൂറോപ്യൻ യൂണിയനടക്കമുള്ള വികസിത-സമ്പന്നചേരി ആവശ്യപ്പെടുന്നത്. എന്നാൽ, ഇതിനകം വികസനലക്ഷ്യങ്ങൾ കൈവരിച്ചുകഴിഞ്ഞ സമ്പന്നരാജ്യങ്ങൾക്കാണ് ആഗോളതാപനം ഇത്രത്തോളമെത്തിയതിന്റെ ചരിത്രപരമായ ഉത്തരവാദിത്വമെന്നും തങ്ങൾക്ക് വളർച്ചാപാതയിൽ ഇനിയും മുന്നോട്ടുപോകേണ്ടതിനാൽ ഫോസിൽ ഇന്ധനോപയോഗത്തിന്റെ കാര്യത്തിൽ ഇളവുകൾ വേണമെന്നുമാണ് ഇന്ത്യയടങ്ങുന്ന വികസ്വരചേരിയുടെ നിലപാട്. ഉച്ചകോടിക്ക് ആതിഥ്യമരുളിയ തുർക്കിയുടെ നേതൃത്വത്തിൽ തയ്യാറാക്കിയ കരടുപ്രമേയം ഈ നിലപാടിനെ പിന്താങ്ങുന്നവിധത്തിലായിരുന്നു. ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം കുറയ്ക്കുന്നതിനെപ്പറ്റിയുള്ള പ്രത്യക്ഷപരാമർശങ്ങളൊന്നും കരടുപ്രമേയത്തിൽ ഉണ്ടായിരുന്നില്ല. എന്നാൽ, യൂറോപ്യൻ യൂണിയന്റെ നേതൃത്വത്തിൽ സമ്പന്നചേരിയും കാലാവസ്ഥാമാറ്റത്തിന്റെ തീക്ഷ്ണഫലങ്ങളേറെയും അനുഭവിക്കുന്ന ചെറുരാജ്യങ്ങളും ഇതിനെ എതിർത്തു. വികസ്വരരാജ്യങ്ങളും സൗദി അറേബ്യ, റഷ്യ തുടങ്ങിയ എണ്ണയുത്പാദകരാജ്യങ്ങളും മറുചേരിയിലും നിലകൊണ്ടു.
കാലമിത്രയും കാർബൺ ബഹിർഗമനം വൻതോതിൽ നടത്തി സാമ്പത്തികവളർച്ച നേടിയെടുത്ത വികസിതരാജ്യങ്ങൾ ഇപ്പോൾ അതു ചുരുക്കാൻ വികസ്വരരാജ്യങ്ങളോട് ആഹ്വാനംചെയ്യുന്നതിൽ കാപട്യമുണ്ട്. എന്നിരിക്കിലും ഈ ഉത്തരവാദിത്വത്തിൽനിന്ന് ചൈനയും ഇന്ത്യയുമടക്കമുള്ള വികസ്വരരാജ്യങ്ങൾക്ക് എത്രകാലം ഓടിയൊളിക്കാനാകുമെന്ന ചോദ്യമുണ്ട്. വികസനക്കുതിപ്പിന് ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം അത്യാവശ്യമാണെന്നു വാശിപിടിക്കുമ്പോൾ, ലോകത്തിന്റെ ഭാവിയെക്കുറിച്ചുള്ള ചിന്തയ്ക്ക് ഒരു സ്ഥാനവുമില്ലെന്നോ? ആഗോളതാപനത്തിന്റെ തിക്തഫലങ്ങൾ നമുക്കും അനുഭവിക്കേണ്ടിവരുന്നുണ്ട്. വികസിതരാജ്യങ്ങളുടെ ചരിത്രപരമായ ഉത്തരവാദിത്വത്തെയും കാപട്യത്തെയുംപറ്റി പറഞ്ഞിട്ട് നമ്മൾ മനുഷ്യരാശിയോടുള്ള ബാധ്യത മറക്കാമോ? ‘നീയോ ഞാനോ’ എന്നമട്ടിൽ വാശി കാണിക്കുന്നതിലും നല്ലത് നമ്മുടെ ഉത്തരവാദിത്വം നീതിപൂർവം നിർവഹിക്കുന്നതാണ്.