അരക്ഷിതമായ തീവണ്ടിയാത്ര

തീവണ്ടികളിൽ സാമൂഹികവിരുദ്ധരുടെ അഴിഞ്ഞാട്ടത്തിന് കുറവൊന്നുമില്ല. യാത്രക്കാർക്കുനേരേ എത്രയൊക്കെ അതിക്രമങ്ങളുണ്ടായാലും അവ ആവർത്തിക്കുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതിൽ അധികാരികൾ പരാജയപ്പെടുന്നു. കേരളത്തിൽത്തന്നെ അടിക്കടി എത്രയെത്ര സംഭവങ്ങളാണ് ഇപ്പറഞ്ഞതിനെ സാധൂകരിക്കത്തക്കതായി ഉണ്ടായിട്ടുള്ളത്? അതിൽ ഏറ്റവും പുതിയതാണ്, മലബാർ എക്സ്പ്രസിൽ കഴിഞ്ഞദിവസം ചിറയൻകീഴിൽനിന്നു കയറിയ യാത്രക്കാരിക്കുണ്ടായ ദുരനുഭവം. ലൈംഗികാതിക്രമത്തെ എതിർത്ത യുവതിയെ തീവണ്ടിയിലെ സഹയാത്രികൻ മുഖത്തടിച്ചുവീഴ്ത്തി. ബോധരഹിതയായ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് വർക്കല വടശ്ശേരിക്കോണം ചീനിവിളവീട്ടിൽ കെ.എം. വിജേഷി(39)നെ തിരുവനന്തപുരം റെയിൽവേ പോലീസ് അറസ്റ്റുചെയ്തു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ജോലിചെയ്യുന്ന ചിറയിൻകീഴ് സ്വദേശിനി ജനറൽ കോച്ചിലാണു യാത്രചെയ്തത്. അതേ കോച്ചിലുണ്ടായിരുന്ന വിജേഷ് യാത്രയ്ക്കിടെ ലൈംഗികചേഷ്ടകൾ കാണിക്കുകയും മോശമായി പെരുമാറുകയുംചെയ്തു. യുവതി ബഹളംവെച്ചപ്പോൾ മറ്റുയാത്രക്കാർ ഇടപെട്ടു. തുടർന്ന് ഇയാൾ അവിടെനിന്നു മാറിപ്പോയി. യുവതി തിരുവനന്തപുരം പേട്ട റെയിൽവേ സ്റ്റേഷനിലിറങ്ങിയപ്പോൾ വിജേഷ് വീണ്ടും പിന്നാലെയെത്തി മോശമായി സംസാരിച്ചു. ചോദ്യംചെയ്തപ്പോൾ മുഖത്തടിക്കുകയും മർദിക്കുകയുമായിരുന്നു.

കൊല്ലം-ചെങ്കോട്ട പാലരുവി എക്സ്പ്രസിൽ ആറുവയസ്സുകാരി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടത് കഴിഞ്ഞ മേയ് മാസത്തിലാണ്. തെങ്കാശിയിൽനിന്ന് എടത്വാ പള്ളിയിൽ തീർഥാടനത്തിനെത്തി മടങ്ങുകയായിരുന്ന കുടുംബത്തിലെ കുട്ടിയെയാണ് ഉപദ്രവിച്ചത്. മുത്തച്ഛനൊപ്പം ഉറങ്ങുകയായിരുന്ന കുട്ടിയെ അക്രമി അപ്പുറത്തെ കംപാർട്ട്‌മെന്റിലേക്ക് എടുത്തുകൊണ്ടുപോകുകയായിരുന്നു. കുട്ടിയെ പീഡനത്തിനിരയാക്കുന്നത്, സമീപസീറ്റിലുണ്ടായിരുന്ന സ്ത്രീയുടെ ശ്രദ്ധയിൽപ്പെട്ടത് രക്ഷയായി. ‘‘പുതപ്പിനടിയിൽ അവൾ പീഡിപ്പിക്കപ്പെടുകയാണെന്നറിഞ്ഞനിമിഷം പ്രതികരിക്കാതിരിക്കാൻ കഴിഞ്ഞില്ല. ചാടിയെഴുന്നേറ്റ് കുഞ്ഞിനെ പിടിച്ചെടുത്തു. അയാൾക്ക് മുഖമടച്ച് ഒരെണ്ണം കൊടുത്തു’’ -രക്ഷകയായ സ്ത്രീ പിന്നീടുപറഞ്ഞു.

2011-ൽ എറണാകുളം-ഷൊർണൂർ പാസഞ്ചർ തീവണ്ടിയിൽ യുവതി ലൈംഗികാതിക്രമത്തിനിരയായി മരിച്ച സംഭവത്തിനുശേഷം, സുരക്ഷ വർധിപ്പിക്കാൻ നടപടികളെടുക്കുമെന്ന് റെയിൽവേ ഉറപ്പുനൽകിയെങ്കിലും പുരോഗതിയുണ്ടായിട്ടില്ല. സഹയാത്രികരും നാട്ടുകാരും ഇടപെട്ടില്ലായിരുന്നെങ്കിൽ ഷൊർണൂരിലെ യുവതിയുടെ ഗതി തനിക്കും വരുമായിരുന്നെന്ന് പേട്ട സ്റ്റേഷനിൽ അതിക്രമത്തിനിരയായ യാത്രക്കാരി പറയുന്നു. ‘‘തീവണ്ടിയിൽ ശല്യമേറിയപ്പോൾ ബഹളംവെച്ചതിനെത്തുടർന്ന് സഹയാത്രക്കാർ ഇടപെട്ട് അക്രമിയെ അവിടെനിന്നുമാറ്റി. പേട്ടയിലെത്തിയപ്പോൾ ആദ്യം അയാളാണ് വണ്ടിയിൽനിന്നു പുറത്തിറങ്ങിയത്. ഞാൻ ഇറങ്ങിയപ്പോൾ മുന്നിലെത്തി അസഭ്യംപറഞ്ഞു. പോലീസിൽ പരാതിനൽകുമെന്നു ഞാൻ പറഞ്ഞു. അപ്പോൾ പ്ലാറ്റ്‌ഫോമിൽവെച്ച് മർദിച്ചു. ഇതുകൂടി ചേർത്ത് പരാതികൊടുക്ക് എന്നാണു പറഞ്ഞത്’’ -യുവതി പറഞ്ഞു.

റെയിൽവേ പോലീസിലെ ആൾക്ഷാമവും വനിതാ കംപാർട്ട്‌മെന്റുകളുടെ സുരക്ഷിതമല്ലാത്ത ക്രമീകരണവുംതൊട്ട് ന്യൂനതകൾ ഒരുപാടുണ്ട്. സംസ്ഥാനത്ത് ഓടുന്ന തീവണ്ടികളിൽ പകുതിയെണ്ണത്തിലും പോലീസ് സാന്നിധ്യമില്ലെന്നാണു റിപ്പോർട്ട്. രാത്രികാലനിരീക്ഷണത്തിൽ പ്രത്യേകശ്രദ്ധയുമില്ല. സി.സി.ടി.വി. ക്യാമറപോലുള്ള സംവിധാനങ്ങൾ ചില തീവണ്ടികളിലേ ഉള്ളൂ; ദൃശ്യങ്ങൾ തത്സമയം പരിശോധിക്കാനുള്ള സൗകര്യമാകട്ടെ, വന്ദേഭാരത് തീവണ്ടികളിൽമാത്രം. ഇരുന്നൂറിലധികം തീവണ്ടികളാണ് സംസ്ഥാനത്ത് ദിവസവും ഓടുന്നത്. ഇവയിൽ സുരക്ഷ കർശനമാക്കാൻ അധികാരികൾ സത്വരശ്രദ്ധകാട്ടണം.