സമരശക്തിയും സുപ്രീംകോടതിയും

കഴിഞ്ഞമാസം ഒൻപതിന് സുപ്രീംകോടതി നാലുപേജുള്ളൊരു ഉത്തരവ് പുറപ്പെടുവിച്ചു. രാജ്യതലസ്ഥാനത്ത് സമാധാനപരമായും നിയമപരമായും സമരംചെയ്യുന്നതിന് വിസ്താരമേറിയതും തുറസ്സായതുമായ ബദൽസ്ഥലം കണ്ടെത്തണമെന്നായിരുന്നു അതിന്റെ സാരം. ഉത്തരവിനു മുന്നോടിയായി നടന്ന വാദംകേൾക്കലിനിടെ, പ്രതിഷേധസമരങ്ങൾ നടത്താനാകാത്തവിധം മധ്യ ഡൽഹി തിങ്ങിഞെരുങ്ങിയിരിക്കുകയാണെന്നും യാത്രക്കാർക്കുംമറ്റും ഇത്തരം സമരങ്ങൾ വലിയ അസൗകര്യം സൃഷ്ടിക്കുന്നുണ്ടെന്നുമുള്ള സമാനവീക്ഷണം കേന്ദ്രസർക്കാരിന്റെ അഭിഭാഷകനും സുപ്രീംകോടതിയും പങ്കുവെച്ചു. കൃത്യം മൂന്നുദിവസത്തിനുശേഷം, അതായത് ഒക്ടോബർ 12-ന്, മധ്യഡൽഹിയിലെ ജന്തർമന്തറിനെ സമരവേദിയല്ലാതാക്കിക്കൊണ്ട് കേന്ദ്രസർക്കാർ വിജ്ഞാപനമിറക്കി. മുഖ്യ തിരഞ്ഞെടുപ്പുകമ്മിഷണറെ നീക്കണമെന്ന് ആവശ്യപ്പെട്ട് ഒക്ടോബർ പത്തിന് കോക്രോച്ച് ജനതാ പാർട്ടി(സി.ജെ.പി.) ആഹ്വാനംചെയ്ത സമരം പൊളിക്കാനായി, ഡൽഹിയിലേക്ക് ആളുകൾക്ക് എത്താനുള്ള വഴികൾ അടയ്ക്കുന്ന കേന്ദ്രസർക്കാരിന്റെ നടപടി വിലക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികളിലാണ് സുപ്രീംകോടതിയുടെ മേൽസൂചിപ്പിച്ച ഉത്തരവുണ്ടായത്. ജന്തർമന്തറിൽ സമരംചെയ്യാൻ അനുമതിതേടി പിന്നീട് യൂത്ത് കോൺഗ്രസ് നൽകിയ ഹർജി പരിഗണിച്ച ഡൽഹി ഹൈക്കോടതിക്കുമുൻപാകെ ഡൽഹി പോലീസിന്റെ അഭിഭാഷകൻ ബോധിപ്പിച്ചത്, ഒക്ടോബർ ഒൻപതിലെ സുപ്രീംകോടതിയുത്തരവിന്റെ അടിസ്ഥാനത്തിലാണ് ജന്തർമന്തർ സമരവേദിയല്ലാതാക്കിയത് എന്നാണ്. തുടർന്ന് മറ്റൊരു ഹർജിയിൽ സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകവേ കേന്ദ്രസർക്കാരിന്റെ അഭിഭാഷകൻ ഇത് മാറ്റിപ്പറഞ്ഞു. കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിയോഗിച്ച വിദഗ്ധസമിതി നേരത്തേതന്നെ നൽകിയ ശുപാർശയുടെ അടിസ്ഥാനത്തിലാണ് ജന്തർമന്തറിനെ സമരവേദിയല്ലാതാക്കിയതെന്നാണ് അതിൽ പറഞ്ഞത്.
കഴിഞ്ഞദിവസം മറ്റൊരു ഹർജി പരിഗണിക്കവേ, വ്യക്തികളോ സംഘടനകളോ നിർദിഷ്ട സമരവേദികളിൽ അനിശ്ചിതകാലപ്രക്ഷോഭം നടത്തുന്നതു ശരിയല്ലെന്ന് സുപ്രീംകോടതി വാക്കാൽ നിരീക്ഷിച്ചിരിക്കുന്നു. ചില കൂട്ടർ ദീർഘനാൾ ഇവിടെ സമരവുമായി തുടർന്നാൽ മറ്റു വിഭാഗങ്ങൾക്ക് പ്രതിഷേധം പ്രകടിപ്പിക്കാനാകുമോ എന്നാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് ചോദിച്ചത്. നിർദിഷ്ട സമരവേദികൾ നിർദിഷ്ട സമയത്തേക്കുമാത്രമേ അനുവദിക്കേണ്ടതുള്ളൂ എന്നും ബെഞ്ച് വാക്കാൽ അഭിപ്രായപ്പെട്ടു. ജനകീയപ്രക്ഷോഭങ്ങളെ അടിച്ചമർത്തുന്നതിന് ന്യായീകരണങ്ങൾ മെനയാൻ കേന്ദ്രസർക്കാർ ശ്രമിക്കുന്ന ഇക്കാലത്ത് സുപ്രീംകോടതിയുടെ ഈ നിരീക്ഷണം ചില സന്ദേഹങ്ങൾ ജനിപ്പിക്കുന്നുണ്ട്. കച്ചവടത്തെയും വരുമാനത്തെയും സാരമായി ബാധിക്കുന്നതിനാൽ സമരങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് തലസ്ഥാനനഗരിയിലെ വ്യാപാരികൾ നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി.
തലസ്ഥാനത്തെ നിർദിഷ്ട സമരവേദികളിൽ അധികാരികളുടെ മുൻകൂർ അനുമതി സമ്പാദിക്കാതെ സമരം നടത്താൻ ഇപ്പോഴും സാധ്യമല്ല; സമയവ്യവസ്ഥയുമുണ്ട്. ഈ നിയന്ത്രണത്തിന് മുൻകാല സുപ്രീംകോടതിവിധികളുടെതന്നെ പിൻബലമുള്ളതുമാണ്. ജൂലായിലെ ‘നീറ്റ്’ സമരത്തിന് ഒരുദിവസത്തേക്കാണ് സി.ജെ.പി.ക്ക് അനുമതി നൽകിയതെങ്കിലും അത് പതിനേഴുദിവസം നീണ്ടെന്ന് കേന്ദ്രസർക്കാർ കഴിഞ്ഞദിവസത്തെ വാദംകേൾക്കലിനിടെ സുപ്രീംകോടതിയിൽ പറഞ്ഞു. ജനകീയസമരങ്ങൾക്ക് സ്ഥല-സമയ ക്ലിപ്തത നിഷ്കർഷിക്കുന്നതിലെ മൗഢ്യമാണ് ഈ വെളിപ്പെടുത്തലിൽ തെളിയുന്നത്. ദീർഘകാലം മൂടിവെച്ച സങ്കടമോ രോഷമോ അധികാരികളെ അറിയിക്കാനാണ്, സാധാരണഗതിയിൽ കാണപ്പെടുകയോ കേൾക്കപ്പെടുകയോ ചെയ്യാത്ത പൗരജനം സമരത്തിനിറങ്ങുന്നത്. അത്തരം സമരങ്ങൾ ജനാധിപത്യത്തിന്റെ അന്തസ്സത്തയാണ്. അതൊരു അണപൊട്ടലും അനുസ്യൂതമായ ഒഴുക്കുമാണ്. സമാധാനപരമായിരിക്കുന്നിടത്തോളം അത്തരം ജനസമരങ്ങളെ കെട്ടിവരിയാൻ ശ്രമിക്കരുത്. സമാധാനഭംഗമില്ലെങ്കിൽ, സമരംചെയ്യാനുള്ള അവകാശം നിഷേധിക്കാനാകില്ലെന്ന് 2012-ലെ രാംലീലാ മൈതാൻ കേസിൽ സുപ്രീംകോടതി വിധിച്ചിട്ടുള്ളതാണ്. 2018-ൽ മസ്ദൂർ കിസാൻ ശക്തിസംഘടനയും കേന്ദ്രസർക്കാരുംതമ്മിലുള്ള കേസിലെ വിധിയിൽ സുപ്രീംകോടതി സമരംചെയ്യാനുള്ള മൗലികാവകാശം അംഗീകരിച്ചെങ്കിലും അത് മറ്റുള്ളവരുടെ മൗലികാവകാശങ്ങളുമായി സമരസപ്പെടണമെന്ന് വ്യക്തമാക്കുകയുണ്ടായി. അതായത്, സമരംചെയ്യാനുള്ള ഒരു കൂട്ടരുടെ മൗലികാവകാശം ജീവിക്കാനോ യാത്രചെയ്യാനോ തൊഴിലെടുക്കാനോ ഒക്കെയുള്ള മറ്റുള്ളവരുടെ മൗലികാവകാശവുമായി പൊരുത്തപ്പെട്ടുപോകണം. ഈ തത്ത്വം ദുർവ്യാഖ്യാനംചെയ്യാനോ ദുരുപയോഗപ്പെടുത്താനോ, സമരശക്തിയെ ഭയക്കുന്ന ഇന്നത്തെയോ നാളത്തെയോ ഭരണകൂടങ്ങൾക്ക് അവസരം നിഷേധിക്കുകയാണ് സുപ്രീംകോടതി ഇപ്പോൾ ചെയ്യേണ്ടത്.