കുന്നന്താനത്തെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ വഴിയില്ലേ.....

കുന്നന്താനം: തിരുവല്ല-മല്ലപ്പള്ളി റോഡിൽ കുന്നന്താനം കവലയിലെ ഗതാഗതക്കുരുക്ക് കെണിയായി. സ്കൂൾ സമയങ്ങളിലും രാവിലെയും വൈകീട്ടും ഇതുവഴി വരുന്നവർ ഇതിനകത്ത് അകപ്പെട്ട് ബുദ്ധിമുട്ടുന്നു. പായിപ്പാട് കഴിഞ്ഞാൽ തിരക്കേറുന്ന ഇടമാണിത്. മൂന്നുവഴികൾ സംഗമിക്കുന്ന കവലയിൽ അപകടസാധ്യത ഏറെയാണ്. റോഡിന് ഇരുവശത്തും ഏകദേശം 500 മീറ്റർ ദൂരത്തിൽ വ്യാപരസ്ഥാപനങ്ങളാണ്. അനധികൃതമായ വാഹന പാർക്കിങ്ങ്. അശാസ്ത്രീയമായ ബസ് സ്റ്റോപ്പ് ഇവയൊക്കെ ഗതാഗതത്തിന് പ്രശ്നമാകുന്നു.
കവലയിലെ കച്ചവട സ്ഥാപനങ്ങളിലേക്ക് സാധാനങ്ങളുമായി എത്തുന്ന വണ്ടികൾ ഇവയിറക്കാൻ കടകളുടെ മുമ്പിലാണ് നിർത്തുക. ഇതോടെ ഇരുവശത്തേക്കുമുള്ള ഗതാഗതം തടസപ്പെടുന്നു. കാറുകൾ അടക്കം ജങ്ഷനിൽ തോന്നുംപടി നിർത്തി ആളുകൾ കടകളിലേക്ക് പോകുന്ന നില. ഒരുവാഹനത്തിന് വാഹനത്തിന് കഷ്ടിച്ച് പോകാൻ കഴിയുന്നിടത്താണ് ഇത്തരം അനധികൃത പാർക്കിങ്. ഒന്നിന് പിറകെ ഒന്നായി വണ്ടികകളുടെ നീണ്ടനിര.
ചങ്ങനാശ്ശേരി-കുന്നന്താനം പാത കവലയോട് ചേർന്ന് മഠത്തിൽക്കാവ് ഭഗവതിക്ഷേത്ര കാണിയക്കയ്ക്കമണ്ഡപത്തിന് മുമ്പിലാണ് സന്ധിക്കുന്നത്. അതുവഴി വരുന്ന വണ്ടികൾക്ക് തിരുവല്ല-മല്ലപ്പള്ളി റോഡിലൂടെ എത്തുന്ന വാഹനങ്ങൾ കാണാൻ കഴിയില്ല. ഇതേ അവസ്ഥ തിരുവല്ല-മല്ലപ്പള്ളി റോഡിലൂടെ വരുന്നവയും നേരിടുന്നു വരുന്നു.
ഇവിടെ വളവായത് കാരണം വണ്ടികൾ കൂട്ടിമുട്ടി അപകടങ്ങൾ പിണയുന്നു. ഇവിടെ സിഗ്നൽ ബോർഡുകളുമില്ല. കണിയാമ്പാറ-കുന്നന്താനം റോഡ് സന്ധിക്കുന്നത് കവലയുടെ മധ്യേയാണ്. ഈ പാതയുടെ ഒരുവശത്താണ് ഓട്ടോറിക്ഷ പാർക്കിങ്. ഇവിടേക്ക് വണ്ടികൾ തിരിഞ്ഞു കയറാനും ഇറങ്ങാനും സമയമെടുക്കും. അത്രയും നേരം തിരുവല്ല-മല്ലപ്പളളി േേറാഡിൽ വാഹനയോട്ടവും നിലയ്ക്കും. മഠത്തിൽക്കാവിൽ നിന്നെത്തുന്ന വഴി സന്ധിക്കുന്നതും കവലയിലാണ്.
ഇത്രയും പാതകൾ ഒരുമിക്കുന്നിടത്ത് ഗതാഗത നിയന്ത്രണ സംവിധാനങ്ങൾ, സ്പീഡ് ബ്രേക്കറുകൾ, സീബ്രാലൈനുകൾ തുടങ്ങിയവ ഒന്നുമേയില്ല. അനധികൃത പാർക്കിങ് തടയാനുള്ള ബോർഡുകൾപോലും വെച്ചിട്ടില്ല. പൊതുമരാമത്തും മോട്ടോർ വാഹന വകുപ്പും പോലീസുമൊന്ന് മനസ് വെച്ചാൽ പരിഹാരം ഉണ്ടാക്കാൻ കഴിയുന്ന കാര്യമേയൊള്ളൂ. കുന്നന്താനത്തെ കാണിയ്ക്കണമണ്ഡപം മുതൽ പെട്രോൾ പമ്പുവരെ പാർക്കിങ് നിയന്ത്രിച്ചാൽ ഇവിടത്തെ കുരുക്ക് ഒരുപരിധിവരെ ഒഴിവാകും.
Content Highlights: Commuters face severe traffic jams at Kunnanthanam junction on the Tiruvalla-Mallappally road due to illegal parking and lack of traffic control measures.