പന്നിക്കണക്കിൽ കാര്യമില്ല; കർഷകദുരിതത്തിന് കണക്കുമില്ല

തെങ്ങമം : പന്നികളെ വെടിവെച്ചുകൊന്നതിന്റെ കണക്കുകൾ പഞ്ചായത്തിന്റെ പക്കലുണ്ട്. ചത്തുവീണവയുടെ എണ്ണവും കുറവല്ല. എന്നിട്ടും കൃഷിയിടങ്ങളിൽ പന്നിക്കൂട്ടത്തിന്റെ വിളയാട്ടത്തിന് കുറവില്ല. പന്നിശല്യം കുറഞ്ഞെന്ന പ്രതീക്ഷയിൽ വീണ്ടും കൃഷിയിറക്കിയ കർഷകന് ഒടുവിൽ കിട്ടിയത് പഴയ ദുരിതത്തിന്റെ ആവർത്തനം. തെങ്ങമം ഇളംപള്ളിൽ തെക്കേക്കര പുത്തൻവീട്ടിൽ രവീന്ദ്രക്കുറുപ്പിന്റെ കൃഷിയിടത്തിലെത്തിയ പന്നിക്കൂട്ടം 30 മൂട് വാഴവിത്തുകളാണ് നശിപ്പിച്ചത്. ഏത്തൻ, ഞാലിപ്പൂവൻ ഇനങ്ങളിൽപ്പെട്ട വാഴവിത്തുകളാണ് നശിപ്പിച്ചത്. മുൻപും ഇദ്ദേഹത്തിന്റെ വാഴക്കൃഷി പന്നികൾ നശിപ്പിച്ചിരുന്നു. ഇതോടെ കൃഷി ഉപേക്ഷിച്ച രവീന്ദ്രക്കുറുപ്പ് ഏറെക്കാലത്തിനുശേഷമാണ് വീണ്ടും വാഴകൃഷിക്കിറങ്ങിയത്.
പള്ളിക്കൽ പഞ്ചായത്തിൽ അടുത്തിടെ 32 കാട്ടുപന്നികളെ വെടിവെച്ചുകൊന്നിരുന്നു. ഇതിനുപുറമേ ആറുമാസത്തിനിടെ വിവിധ സ്ഥലങ്ങളിൽ 73 പന്നികളെ ചത്തനിലയിലും കണ്ടെത്തി. ഇതോടെ പന്നിശല്യത്തിന് കുറവുണ്ടായിട്ടുണ്ടാകുമെന്ന പ്രതീക്ഷയിലാണ് രവീന്ദ്രക്കുറുപ്പ് വീണ്ടും വാഴ നട്ടത്. എന്നാൽ പ്രതീക്ഷ തകർത്തുകൊണ്ട് പന്നിക്കൂട്ടം വീണ്ടും കൃഷിയിടത്തിലെത്തി.
മേഖലയിൽ പന്നികളുടെ ആക്രമണത്തിൽ കൃഷിനാശം പതിവാകുകയാണ്. നവംബർ ആദ്യം തെങ്ങമം ഇളംപള്ളിൽ ചരുവിളയിൽ തുളസീധരന്റെ കൃഷിയിടത്തിലെത്തിയ പന്നിക്കൂട്ടം 30 മൂട് ചേമ്പും പത്ത് വാഴയും നശിപ്പിച്ചിരുന്നു. രണ്ടുമാസം മുൻപും ഇദ്ദേഹത്തിന്റെ കൃഷി പന്നികൾ നശിപ്പിച്ചിരുന്നു.
വരൾച്ചയും തുടർച്ചയായ കാലവർഷവും അതിജീവിച്ചാണ് കർഷകർ ഓരോ തവണയും കൃഷിയിറക്കുന്നത്. വിളവെടുപ്പിന് പാകമാകുമ്പോൾ പന്നിക്കൂട്ടമെത്തി നശിപ്പിക്കുന്നതോടെ അധ്വാനവും പ്രതീക്ഷയും ഒരുപോലെ നഷ്ടമാകുന്നു. പന്നികളെ വെടിവെച്ചുകൊന്നതിന്റെയും ചത്തനിലയിൽ കണ്ടെത്തിയതിന്റെയും കണക്കുകൾ ഉയരുമ്പോഴും കൃഷിയിടങ്ങളിൽ അവയുടെ സാന്നിധ്യം കുറയാത്തതാണ് കർഷകരെ ആശങ്കയിലാക്കുന്നത്.