മുട്ടാർ നീർച്ചാലിൽ കുട്ടവഞ്ചിക്കുപകരം കുളവാഴ

പാഴായത് 30 ലക്ഷം
പന്തളം : മുട്ടാർ നീർച്ചാൽ വൃത്തിയാക്കാൻ ലക്ഷങ്ങൾ ചെലവഴിച്ചത് തുടർപ്രവർത്തനങ്ങൾ നടത്താതിരുന്നതോടെ വെള്ളത്തിലായി. 30 ലക്ഷത്തിലധികം രൂപ മുടക്കി വൃത്തിയാക്കിയ നീർച്ചാലിൽ വീണ്ടും പായലും പോളയും കുളവാഴയും മാലിന്യവും നിറഞ്ഞു. മാലിന്യം മാറ്റി വൃത്തിയാക്കിയ മുട്ടാർ നീർച്ചാലിൽ വിനോദസഞ്ചാരപദ്ധതി നടപ്പാക്കാൻ കഴിഞ്ഞ നഗരസഭ നടത്തിയ പദ്ധതിയും വെളിച്ചം കാണാതെപോയി.
കടയ്ക്കാട് കിളിവെള്ളൂർ പുഞ്ചയിൽനിന്നും പന്തളം, മൂട്ടാർ കവലകൾക്ക് സമീപത്തുകൂടി ഒഴുകി കരിങ്ങാലി പാടത്തിന്റെ ഭാഗമായ വാളകത്തിനാൽ പുഞ്ചയിൽ പതിക്കുന്ന നീർച്ചാലിന്റെ മുട്ടാർ മുതൽ കിളിവെള്ളൂർ പുഞ്ചവരെയുള്ള ഭാഗമാണ് മണ്ണുമാന്തി ഉപയോഗിച്ച് പായലും പോളയും മാലിന്യവും നീക്കി വൃത്തിയാക്കിയത്. 2961 മീറ്റർ നീളത്തിൽ ചാൽ വൃത്തിയാക്കിയതായാണ് കണക്ക്. കേന്ദ്ര സർക്കാരിന്റെ ടൈഡ് ഫണ്ടുപയോഗിച്ച് 16.7 ലക്ഷം രൂപയുടേയും 15 ലക്ഷം രൂപയുടേയും രണ്ട് പദ്ധതികളായിട്ടാണ് നീർച്ചാൽ വൃത്തിയാക്കൽ നടത്തിയത്.
ചാലിൽനിന്നും കരകയറ്റിയ പ്ലാസ്റ്റിക് പാഴ് വസ്തുക്കളുൾപ്പെടെ 383 ടൺ മാലിന്യം ക്ലീൻകേരള കമ്പനി നീക്കംചെയ്തിരുന്നു. കിലോയ്ക്ക് എട്ടുരൂപ ക്ലീൻകേരളാ കമ്പനിക്ക് നൽകിയാണ് നഗരസഭ മാലിന്യം നീക്കിയത്. മാലിന്യം ചാലിലേക്ക് ഇടാതിരിക്കാനായി അരികിൽ വലകെട്ടുമെന്നും മറ്റുമുള്ള പ്രഖ്യാപനവും നടപ്പായില്ല.
മുട്ടാർ നീർച്ചാൽ വൃത്തിയാക്കുന്ന പദ്ധതിയിൽ മൂന്നാംതവണയാണ് പാളിച്ചപറ്റിയത്. പഞ്ചായത്തായിരുന്ന കാലത്ത് നടത്തിയ പദ്ധതികളിൽ നീർച്ചാലിൽനിന്നും കരയിൽ വാരിവെച്ച മാലിന്യം വെള്ളപ്പൊക്ക സമയത്ത് വീണ്ടും ചാലിലേക്കുതന്നെ പതിച്ചതിനാൽ നടപ്പിലാക്കിയ പദ്ധതി പ്രയോജനം ചെയ്തില്ല. ഇതുണ്ടാകാതിരിക്കാനായാണ് ക്ലീൻ കേരള കമ്പനിക്ക് കൈമാറിയത്. തുടർപ്രവർത്തനങ്ങൾ നടത്താതിരുന്നതുകാരണം മാലിന്യംവീണ്ടും ചാലിലേക്കുതന്നെ എത്തിക്കൊണ്ടിരിക്കുകയാണ്. പായലും പോളയും മുമ്പത്തേക്കാൾ ഇരട്ടിയായി നിറഞ്ഞിട്ടുമുണ്ട്.