ശ്രദ്ധ വേണം, ദുരന്തം ഒഴിയണം

പത്തനംതിട്ട/റാന്നി : കൊടുംവളവുകളും കുത്തിറക്കങ്ങളുമുള്ള മണ്ണാറക്കുളഞ്ഞി-പമ്പ ശബരിമലപാതയിൽ തീർഥാടനകാലത്ത് അപകടങ്ങൾ അനേകം. ഇതിൽ പ്രധാനം ളാഹയിലെ കൊടുംവളവുകളാണ്. വിളക്കുവഞ്ചിയിലും ളാഹ വലിയവളവിലും കമ്പകത്തുംവളവിലും കണമല അട്ടിവളവിലും ഒട്ടേറെ വാഹനങ്ങൾ അപകടത്തിൽപ്പെടുന്നു.
അതിവേഗവും വളവുകളിലെ ഓവർടേക്കിങ്ങുമാണ് പ്രധാന കാരണങ്ങൾ. കഴിഞ്ഞ ശബരിമല സീസണിൽ 490-ലേറെ അപകമുണ്ടായെന്നാണ് കണക്ക്. ശബരിമല ദർശനം കഴിഞ്ഞ് മടങ്ങുന്ന വാഹനങ്ങളാണ് വിളക്കുവഞ്ചിയിൽ അപകടത്തിൽപ്പെടുന്നത്. ഇറക്കമിറങ്ങിവന്ന് പെട്ടെന്ന് വളവ് തിരിക്കുന്നതോടെ വാഹനം നിയന്ത്രണംവിട്ട് റോഡിൽ മറിയും. തീർഥാടകരുമായി ഇതരസംസ്ഥാനങ്ങളിൽനിന്ന് എത്തുന്ന ബസുകളാണ് ഏറെയും. ബ്ലിങ്കിങ് ലൈറ്റും ഡെലിനേറ്റർ പോസ്റ്റുകളും സ്ഥാപിച്ചെങ്കിലും, മിക്കതും തകർന്നു. ഇരുമ്പുവേലി സ്ഥാപിച്ചിട്ടുള്ളതിനാൽ അതിൽത്തട്ടി റോഡിലേക്ക് മറിയും. ളാഹ വലിയവളവിൽ ബസുകൾ പലതവണ ഇരുമ്പുവേലി തകർത്ത് മുന്നോട്ടുപോയിട്ടുണ്ട്.
മണ്ണാറക്കുളഞ്ഞി-വടശ്ശേരിക്കര പാതയിലെ നരിക്കുഴി ഇടത്തറ ഭാഗവും ചമ്പോൺ വളവും കൂടുതൽ അപകടമുണ്ടാകുന്ന സ്ഥലങ്ങളാണ്. ചമ്പോണിൽ സ്ഥാപിച്ചിട്ടുള്ള ഹംപും വില്ലനാണ്. ഇവിടത്തെ ബ്ലിങ്കിങ് ലൈറ്റ് മിക്കവയും കത്തുന്നില്ല. അതിവേഗത്തിലെത്തുന്ന വാഹനങ്ങൾ ഹംപിൽ ചാടി നിയന്ത്രണംവിടും. മാടമൺ കല്ലറ പാലത്തിന്റെ ഭാഗത്തും ഇലവുങ്കൽ കണമല റോഡിലും ശബരിമല സീസണിൽ അപകടം പതിവാണ്. കണമല വളവുകളിലാണ് കൂടുതൽ അപകടമുണ്ടാകുന്നത്. പ്ലാപ്പള്ളി-ആലപ്പാട്ടുപടി റോഡ്, എരുമേലി റോഡിലേക്ക് ചേരുന്ന കുത്തിറക്കത്തിലൂടെ തീർഥാടകവാഹനങ്ങൾ കടത്തിവിടാറില്ല. എന്നാൽ, പോലീസിന്റെ ശ്രദ്ധയിൽപ്പെടാതെയെത്തുന്ന വാഹനങ്ങൾ ബ്രേക്ക് നഷ്ടപ്പെട്ട് ഇലവുങ്കൽ-എരുമേലി റോഡിലൂടെ പോകുന്ന വാഹനങ്ങളിലോ റോഡരികിൽ പാർക്കുചെയ്യുന്ന വാഹനങ്ങളിലോ ഇടിച്ച് മറിയും. ഏതാനും മാസം മുൻപ് അഗ്നിരക്ഷാസേനയുടെ വാഹനം ഇത്തരത്തിൽ മറിഞ്ഞ് ഉദ്യോഗസ്ഥന്റെ ജീവൻ നഷ്ടപ്പെട്ടിരുന്നു.ഇത്രയേറെ അപകടമുണ്ടായിട്ടും തീർഥാടനപാതയിലെ അപകടവളവുകളിൽ ഓവർടേക്ക് ചെയ്യുന്ന രീതി അറുതിയില്ലാതെ തുടരുകയാണ്. രാത്രിയിൽ ഉറക്കമിളച്ച് പുലർച്ചെ ദർശനം നടത്തി മടങ്ങുന്നവർതന്നെ വാഹനമോടിക്കുമ്പോൾ ഉറങ്ങിപ്പോകുന്നതും മറ്റൊരു പ്രധാന അപകടകാരണമാണ്.
(അവസാനിച്ചു)
ചെറിയ കരുതൽ, വലിയ കാര്യം