ഉപജില്ലാ കലോത്സവം: റാന്നി എം.എസ്. എച്ച്.എസ്.എസിന് കലാകിരീടം

റാന്നി : റാന്നി വിദ്യാഭ്യാസ ഉപജില്ലാ കലോത്സവത്തിൽ ഏറ്റവും കൂടുതൽ പോയിന്റുകളുമായി റാന്നി എം.എസ്. ഹയർസെക്കൻഡറി സ്‌കൂൾ കലാകിരീടം നേടി. ഹയർ സെക്കൻഡറി വിഭാഗത്തിൽ 292 പോയിന്റുകൾ റാന്നി എം.എസ്. ഹയർ സെക്കൻഡറി സ്‌കൂൾ നേടിയപ്പോൾ 232 പോയിന്റുകളോടെ റാന്നി എസ്.സി. ഹയർ സെക്കൻഡറി സ്‌കൂൾ രണ്ടാം സ്ഥാനത്തെത്തി.

155 പോയിന്റുകളുമായി ഈട്ടിച്ചുവട് എബനെസർ സ്‌കൂളാണ് മൂന്നാം സ്ഥാനത്ത്. ഹൈസ്‌കൂൾ വിഭാഗത്തിലും എം.എസ്. തന്നെയാണ്‌ ഒന്നാമത്. രണ്ട്, മൂന്ന് സ്ഥാനങ്ങളിൽ യഥാക്രമം എസ്.സി.യും കുന്നം മാർത്തോമ്മാ വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളും എത്തി. യു.പി. വിഭാഗത്തിൽ കുന്നം മാർത്തോമ്മാ സ്‌കൂളാണ് ചാമ്പ്യന്മാർ. എണ്ണൂറാം വയൽ സി.എം.എസ്. സ്‌കൂൾ രണ്ടാംസ്ഥാനവും വെച്ചൂച്ചിറ സെയ്ന്റ് തോമസ് ഹൈസ്‌കൂൾ മൂന്നാം സ്ഥാനവും നേടി.

എൽ.പി. വിഭാഗത്തിൽ നാറാണംമൂഴി എം.ടി. എൽ.പി.എസ്, കക്കാട് ജി.എൽ.പി.എസ്., മക്കപ്പുഴ ജി.എൽ.പി.എസ്., വെൺകുറിഞ്ഞി സെയ്ന്റ് ജോർജ് എൽ.പി.എസ്. എന്നിവർ ഒന്നാംസ്ഥാനം പങ്കിട്ടു. എണ്ണൂറാംവയൽ സി.എം.എസ്., റാന്നി എൽ.പി.ജി.എസ്., മന്ദമരുതി എൻ.എം.എൽ.പി.എസ്., മാടമൺ ജി.യു.പി.എസ്., വെച്ചൂച്ചിറ കോളനി ജി.എച്ച്.എസ്.എസ്. എന്നിവർക്കാണ് രണ്ടാംസ്ഥാനം. അരയൻപാറ ഇ.എ.എൽ.പി.എസ്. മൂന്നാം സ്ഥാനം നേടി.

സംസ്‌കൃതോത്സവത്തിൽ വൈക്കം എസ്.എൻ.ടി.യു.പി.എസ്. ഒന്നാം സ്ഥാനവും എസ്.സി.ഹയർ സെക്കൻഡറി സ്‌കൂൾ രണ്ടാംസ്ഥാനവും കൊല്ലമുള യു.പി.എസ്. മൂന്നാം സ്ഥാനവും നേടി. ഹൈസ്‌കൂൾ വിഭാഗം സംസ്‌കൃതോത്സവത്തിൽ റാന്നി എസ്.സി.യാണ് ഒന്നാംസ്ഥാനത്ത്. പെരുനാട് ഹൈസ്‌കൂൾ രണ്ടാംസ്ഥാനവും ഈട്ടിച്ചുവട് എബനേസർ മൂന്നാം സ്ഥാനവും നേടി. എൽ.പി., യു.പി. വിഭാഗം അറബി കലോത്സവത്തിൽ കൂനംകര തേവർവേലിൽ എൽ.പി.എസ്. മുന്നിലെത്തി.

സമാപന സമ്മേളനം ആന്റോ ആന്റണി എം.പി. ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ മേഴ്‌സി ഫിലിപ്പ് അധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ. രാജു എബ്രഹാം, ജില്ലാപഞ്ചായത്ത് അംഗങ്ങളായ ആരോൺ ബിജിലി പനവേലിൽ, ടി.കെ. സജി, വെച്ചൂച്ചിറ പ്രഞ്ചായത്ത് പ്രസിഡന്റ് എസ്. രമാദേവി, നാറാണംമൂഴി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എച്ച്. സുനിൽകുമാർ, റവ. ജോൺസൺ അലക്‌സാണ്ടർ, പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ബിന്ദു തോമസ്, പഞ്ചായത്ത് അംഗങ്ങൾ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ രജിത ആർ.നായർ, സാബു പുല്ലാട്ട് തുടങ്ങിയവർ പ്രസംഗിച്ചു.