ക്യാമറാകണ്ണുകളിൽ ക്ഷേത്രവും പരിസരവും

പന്തളത്ത് സുരക്ഷയൊരുക്കി പോലീസ്
പന്തളം : തീർഥാടനകാലത്ത് സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി വലിയകോയിക്കവൽ ക്ഷേത്രവും പരിസരവും ക്യാമറാകണ്ണുകളിലാക്കി. 18 ക്യാമറകളിൽനിന്നുള്ള വിവരങ്ങളാണ് മണികണ്ഠനാൽത്തറയ്ക്ക് സമീപമുള്ള പോലീസ് കൺട്രോൾ മുറിയിൽ ലഭിക്കുന്നത്. എം.സി.റോഡ്, ക്ഷേത്രത്തിലേക്കുള്ള വഴി, ക്ഷേത്രപരിസരം, പാർക്കിങ് സ്ഥലം തുടങ്ങിയിടങ്ങളിൽ ക്യാമറകളുണ്ട്. 24 മണിക്കൂർ പോലീസ് കൺട്രോൾ റൂം പ്രവർത്തിക്കും. ക്ഷേത്രപരിസരത്തെ ദൃശ്യങ്ങൾ നിരന്തരം നിരീക്ഷിക്കുന്നതിലൂടെ തിരക്ക് നിയന്ത്രിക്കുന്നതിനും അനിഷ്ടസംഭവങ്ങൾ തടയുന്നതിനും അടിയന്തരസാഹചര്യങ്ങളിൽ വേഗം ഇടപെടുന്നതിനും സാധിക്കും.
50 പോലീസ് ഉദ്യോഗസ്ഥരും 83 പ്രത്യേക പോലീസുമാണ് സേവനത്തിനുള്ളത്. കൂടാതെ മഫ്ത്തിയിലും പോലീസുണ്ടാകും. കുളനട മുതൽ പന്തളം കവലവരെ എം.സി. റോഡിലും പാർക്കിങ് മൈതാനം, കുളിക്കടവ്, അന്നദാനഹാൾ, ക്ഷേത്രത്തിലേക്കുള്ള വഴി എന്നിവിടങ്ങളിൽ പോലീസിനെ നിയോഗിച്ചിട്ടുണ്ട്. പന്തളത്തെത്തിയ ജില്ലാ പോലീസ് മേധാവി ആർ. ആനന്ദ് സുരക്ഷാ ക്രമീകരണങ്ങൾ പരിശോധിച്ചു.