ജെൻസീ അല്ല... മല്ലപ്പള്ളി ബസ് സ്റ്റാൻഡ് എൺപതിൽത്തന്നെ

#സതീഷ് മല്ലപ്പള്ളി

മല്ലപ്പള്ളി: മല്ലപ്പള്ളി ബസ്സ്റ്റാൻഡ് ഇന്നും എൺപചുകളിലാണ്. ഒടിഞ്ഞുവീണ ഇരിപ്പിടങ്ങളും പൊടിനിറഞ്ഞ പരിസരവുമാണ് മല്ലപ്പള്ളി സ്വകാര്യ ബസ് സ്റ്റാൻഡിലെത്തുന്നവരെ സ്വീകരിക്കുന്നത്.

നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ കസേരകൾകണ്ട് അതേ കമ്പനിയെക്കൊണ്ടാണ് ഇവിടെയും സ്ഥാപിച്ചത്. മൂന്ന് പേർക്കിരിക്കാവുന്ന ഇവയിൽ ചിലത് മോഷണം പോയി. ബാക്കിയുള്ളവയിൽ ഒന്ന് ഇന്നലെരാത്രി സമൂഹവിരുദ്ധർ ഇളക്കിയെടുത്ത് നിർമാണത്തിലിരിക്കുന്ന ശൗചാലയത്തിനു സമീപം കൊണ്ടുവച്ചനിലയിൽ കാണപ്പെട്ടു. പോലീസിൽ പരാതി നൽകിയതായി പഞ്ചായത്ത് അധികൃതർ പറയുന്നു. പത്തനംതിട്ട, കോട്ടയം ജില്ലകൾക്ക് അതിർത്തിയാകുന്ന താലൂക്ക് ആസ്ഥാനമാണ് മല്ലപ്പള്ളി. കോട്ടയം-കോഴഞ്ചേരി സംസ്ഥാനപാത ഇതിലെ കടന്നുപോകുന്നു.

തിരുവല്ല, ചങ്ങനാശ്ശേരി, കോട്ടയം, നെടുംകുന്നം, റാന്നി, കോഴഞ്ചേരി തുടങ്ങിയ പ്രധാന പട്ടണങ്ങളിലേക്കുള്ള വഴികൾ ഒന്നിക്കുന്നതും ഇവിടെയാണ്. യാത്രക്കാരുടെ നല്ല തിരക്കാണ് മിക്ക സമയങ്ങളിലും. പക്ഷേ യാത്രാ സൗകര്യങ്ങളുടെ കാര്യത്തിലും ബസ് സ്റ്റാൻഡിന്റെ സ്ഥിതിയിലും ഏറെ പിന്നാക്കമാണ് ഇവിടം.

വോളിബോളിന് പേരുകേട്ട മല്ലപ്പള്ളിയിലെ 'ഒളിമ്പ്യ' കളിക്കളമാണ് നികത്തിയെടുത്ത് ബസ് സ്റ്റാൻഡ് ആക്കിയത്. തുടങ്ങിയ കാലത്തുള്ള സജ്ജീകരണങ്ങളെ ഇന്നുമുള്ളൂ. മിക്ക ബസ് സ്റ്റേഷനുകളും പ്രധാന റോഡിനോട് ചേർന്നായിരിക്കും. എന്നാൽ ഇവിടെ ഇടുങ്ങിയ ആനിക്കാട് റോഡിലൂടെ വന്നാൽ മാത്രമേ ബസുകൾക്ക് അകത്ത് കടക്കാനാവുകയുള്ളൂ. കുപ്പിക്കഴുത്തുപോലെയുള്ള കവാടം കടന്നുകിട്ടാൻ പാടുപെടണം.

എല്ലായിടത്തും ബസുകൾക്ക് വരാനും പോകാനും രണ്ട് മാർഗങ്ങളുണ്ടാകും. അതേസമയം മല്ലപ്പള്ളി പഞ്ചായത്ത് ബസ് സ്റ്റാൻഡിൽ വന്ന വഴിയേ വേണേൽ പൊക്കോണം എന്നതാണ് നില. അസാമാന്യസിദ്ധിയുണ്ടെങ്കിൽ മാത്രമേ എങ്ങും തട്ടാതെ സ്റ്റാൻഡിൽ വണ്ടിയിറക്കി മടങ്ങാനാവുകയുള്ളൂ. മെയിൻ റോഡിലേക്കുള്ള പടവുകൾ ഒഴിവാക്കി അല്പം വീതി വർധിപ്പിച്ചാൽ ബസുകൾക്ക് ഒരു വഴികൂടി ഒരുക്കാം. നിർദേശങ്ങൾ ഉയർന്നെങ്കിലും ഇതുവരെ നീക്കമില്ല.

നൂറിലധികം ബസുകളാണ് ദിവസവും ഇതിലെ കടന്നുപോകുന്നത്. ആനിക്കാട് റോഡിലേക്ക് ആശുപത്രിപടിയിൽനിന്നുള്ള വഴി ചേരുന്നുണ്ട്. ഇതിനരികെ പുതിയ സ്റ്റാൻഡിന് ഇടംനൽകാൻ വസ്തു ഉടമകൾ തയ്യാറാണ്. എന്നാൽ ഇക്കാര്യത്തിലും മുന്നിട്ടിറങ്ങാൻ ആളില്ല. 115 ലക്ഷം രൂപയുടെ ശൗചാലയം സംസ്ഥാന സർക്കാർ ആസ്തിവികസന ഫണ്ടിൽ അനുവദിച്ചതാണ് പക്ഷേ നടപ്പാക്കാതെ പണം പാഴായി. ഇപ്പോൾ പഞ്ചായത്ത് നേരിട്ട് ഒരു കേന്ദ്രം ഒരുക്കുന്നുണ്ട്. ഒന്നര വർഷം മുൻപ് തുടങ്ങിയ പണി ഇഴഞ്ഞാണ് നടക്കുന്നതെന്ന് പരാതിയുണ്ട്.

ടി.എസ്.ജോൺ എം.എൽ.എ. ആയിരുന്ന സമയത്ത് വാങ്ങിനൽകിയ മൂന്നേക്കറോളം സ്ഥലത്ത് കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡ് പണിതു. ഇതിനോട് ചേർന്ന് സ്വകാര്യ സ്റ്റാൻഡുകൂടി തുടങ്ങുന്ന കാര്യവും പരിഗണിക്കാവുന്നതാണെന്ന് യാത്രക്കാർ പറയുന്നു. പലഘട്ടങ്ങളിലായി നിർമിച്ച ബസ് സ്റ്റാൻഡ് ഷോപ്പിങ് കോംപ്ലക്‌സും നാശോന്മുഖമാണ്. കെട്ടിടത്തിൽ പലയിടത്തും മരങ്ങൾ വളർന്നുനിൽക്കുന്നു.