ഇലന്തൂർ ആശാരിമുക്കിൽ മാലിന്യക്കൂമ്പാരം

ഇലന്തൂർ : ആശാരിമുക്ക് ജങ്‌ഷനിൽ മാലിന്യക്കൂമ്പാരം കാരണം ദുരിതത്തിലായി പ്രദേശവാസികൾ. ഹരിതകർമ്മസേന പ്രവർത്തകർ വിവിധയിടങ്ങളിൽനിന്ന് ശേഖരിക്കുന്ന മാലിന്യങ്ങൾ ജങ്‌ഷനിലെ സ്വകാര്യവ്യക്തിയുടെ റബ്ബർ തോട്ടത്തിലാണ് തള്ളുന്നത്. മിനി എം.സി.എഫ്. നിറഞ്ഞതിനെ തുടർന്നാണ് തോട്ടത്തിൽ മാലിന്യം തള്ളാൻ തുടങ്ങിയത്. എല്ലാ ആഴ്ചയും മിനി എം.സി.എഫ്. വൃത്തിയാക്കിയിരുന്നെങ്കിലും മാസങ്ങളായി ഇത് ചെയ്യുന്നില്ല. ഇതേ തുടർന്നാണ് മാലിന്യം കുന്നുകൂടിയത്.

വിഷയത്തിൽ പഞ്ചായത്ത് പ്രസിഡന്റിനോട് ഒട്ടേറെതവണ പരാതി പറഞ്ഞിട്ടും ഒരു നടപടിയും ഉണ്ടായില്ലെന്നാണ് നാട്ടുകാരുടെ പരാതി. റബ്ബർതോട്ടത്തിൽനിന്ന് മാലിന്യങ്ങൾ എടുത്തുമാറ്റാം എന്ന പറയുന്നതല്ലാതെ നടപടികൾ ഉണ്ടാകുന്നില്ലെന്നും നാട്ടുകാർ പറയുന്നു.ഹരിതകർമ്മസേനയുടെ മാലിന്യത്തിന് പുറമേ ഹോട്ടലുകളിൽനിന്നുള്ള ഭക്ഷണാവശിഷ്ടങ്ങളും ഇവിടെ തള്ളുന്നുണ്ട്. ഇത് തേടി തെരുവ്നായ്ക്കൾ കൂട്ടമായി എത്തുന്നു. മാലിന്യം അഴുകി പ്രദേശത്ത് രൂക്ഷമായ ദുർഗന്ധവും പരന്നിട്ടുണ്ട്. തെരുവ്നായ്ക്കളുടെ ശല്യംകാരണം സ്കൂളിലേക്ക് പോകുന്ന കുട്ടികൾ ഉൾപ്പെടെയുള്ളവർ ഭീതിയിലാണ്.