അംബായാഗത്തിൽ ഇന്ന് ശ്രീചക്രപൂജ

റാന്നി : തോട്ടമൺകാവ് ഭഗവതീക്ഷേത്രത്തിലെ അംബായാഗത്തിന്റെ ഒമ്പതാംദിനമായ ശനിയാഴ്ച ശ്രീചക്രപൂജ നടക്കും. പ്രഭാതം, മധ്യാഹ്നം, സായാഹ്നം എന്നീ മൂന്ന് സമയങ്ങളിലായി ദേവിയെ നൃത്തസംഗീതവാദ്യ സഹിതം സർവ രാജോപചാരങ്ങളോടും കൂടി പൂജിക്കും. ദേവീ ആരാധനയിലെ ഏറ്റവും ഉന്നതമായ ഒരു താന്ത്രിക അനുഷ്ഠാനമാണിത്. ആദിപരാശക്തിയായ ലളിതാ ത്രിപുരസുന്ദരിദേവിയുടെ പവിത്രമായ വാസസ്ഥലമായിട്ടാണ് ശ്രീചക്രം(ശ്രീയന്ത്രം) കണക്കാക്കപ്പെടുന്നത്. രാവിലെ ഏഴരയോടെ ആരംഭിക്കുന്ന പൂജ രാത്രി എട്ടുമണയോടെയായിരിക്കും സമാപിക്കുന്നത്. ദേവി ഉപവിഷ്ഠയായിരിക്കുന്നത് ‘പഞ്ചബ്രഹ്‌മാസനം’ എന്ന് വിളിക്കപ്പെടുന്ന ഒരു ദിവ്യമഞ്ചത്തിലാണ്(കട്ടിലിൽ). ബ്രഹ്‌മ, വിഷ്ണു, മഹേശ്വര, ഈശ്വരന്മാർ കട്ടിൽ കാലുകളായും സദാശിവൻ കട്ടിൽ പലകയായും കാമേശ്വരന്റെ മടിത്തട്ടിൽ ഇരിക്കുന്ന കാമേശ്വരിയായ സാക്ഷാൽ മഹാത്രിപുരസുന്ദരിയാണ് ശ്രീചക്രത്തിന്റെ അധിദേവത. ഭോഗത്തെയും മോക്ഷത്തെയും ഒരുപോലെ ഭക്തർക്ക് ദേവി പ്രദാനം ചെയ്യുന്നു. ശിവന്റെയും ശക്തിയുടെയും ശരീരമാണ് ശ്രീചക്രം. ത്രികാലപൂജയായി ശ്രീചക്രപൂജ നടക്കുന്നത് അപൂർവമാണ്.

അനവധിയാഗങ്ങൾക്ക് പങ്കെടുത്ത ഫലമാണ് ഒരു ശ്രീചക്ര പൂജാ ദർശനത്തിലൂടെ ഭക്തർക്ക് ലഭിക്കുന്നതെന്ന് ആചാര്യന്മാർ പറയുന്നു. ശ്രീചക്ര നവാവരണമേളവും, നവാവരണ കീർത്തനവും, നവാവരണ നൃത്തവും ഇതോടൊപ്പം ഇതിൽ അവതരിപ്പിക്കപ്പെടുന്നു. വിഷ്ണു ആനന്ദ് നമ്പൂതിരിയുടെയും, യജ്ഞാചാര്യൻ റാന്നി ഹരിശങ്കറിന്റെയും പാടേരി വൈഷ്ണവ് നമ്പൂതിരിപ്പാടിന്റെയും മുഖ്യകാർമികത്വത്തിലാണ് ശ്രീ ചക്രപൂജ നടക്കുന്നത്.

ശ്രീചക്രനവാവരണ മേളം

കലാമണ്ഡലം ബലരാമനും സംഘവുമാണ് ശ്രീചക്രനവാവരണ മേളം അവതരിപ്പിക്കുന്നത്. ശ്രീചക്രത്തിന്റെ ഒമ്പത് ആവരണങ്ങളെ ആസ്പദമാക്കി രൂപപ്പെടുത്തിയ മേളഘടനയാണിത്. മുമ്മൂന്ന് ആവരണങ്ങളെ ചേർത്ത് ലളിതാസഹസ്രനാമാവലിയിലെ വാഗ്ഭവകൂടം, മധ്യകൂടം, ശക്തികൂടം എന്നീ നാമങ്ങളെ ആസ്പദമാക്കിയുള്ള മൂന്ന് കാലങ്ങളാക്കിയാണ് മേളത്തെ ചിട്ടപ്പെടുത്തിയിട്ടുള്ളത്. ശ്രീചക്രത്തിന്റെ ഉപരിതലത്തിലെ ത്രൈലോക്യമോഹനചക്രത്തിൽ തുടങ്ങി സർവാനന്ദമയം എന്ന ഉൾച്ചക്രത്തിൽ അവസാനിക്കുന്നു. ആവരണങ്ങളുടെ കണക്കനുസരിച്ച് മേളത്തിന്റെ താളവിഭജനവും വ്യത്യസ്ഥമാണ്.

നിലവിലുള്ള മറ്റ് മേളങ്ങളിലെ താളകാലനിർണയത്തിൽ നിന്നും വ്യത്യസ്തമായി ചിട്ടപ്പെടുത്തിയിരിക്കുന്നു എന്നതാണ് ശ്രീചക്രനവവാരണ മേളത്തിന്റെ പ്രത്യേകത. സംഗീതാർച്ചന താമരക്കാട് ഗോവിന്ദൻ നമ്പൂതിരിയും സംഘവുമാണ്.

അംബായാഗത്തിൽ ഇന്ന്

രാവിലെ 5.30 പാടേരി വൈഷ്ണവ് നമ്പൂതിരിയുടെ കാർമികത്വത്തിൽ മഹാഗണപതിഹോമം

ആറിന് ദേവീഭാഗവതപാരായണം

7.30 ശ്രീചക്രപൂജ

10-ന് ഭാഗവതപ്രവചനം ഇരളിയൂർ അരുണൻ നമ്പൂതിരി

11.30 പ്രഭാഷണം സ്വാമിനി നിത്യ ചിന്മയി

മൂന്നിന് ശ്രീചക്രപൂജ ആരാധന, ശ്രീചക്ര നവവാരണ സംഗീതാർച്ചന, ശ്രീചക്രനവാവരണ മേളം

രാത്രി 8.30 മുത്തപ്പൻ വെള്ളാട്ടം