ദേവസ്വം ബോർഡിന്റെ അപകടകരമായ വാട്ടർടാങ്ക് പൊളിച്ചുനീക്കി

പന്തളം : പന്തളത്ത് ദേവസ്വം ബോർഡിന്റെ അന്നദാനഹാളിനോടുചേർന്ന് അപകടകരമായ നിലയിൽനിന്ന വാട്ടർടാങ്ക് പൊളിച്ചുനീക്കി. ഇവിടെ കലാപരിപാടികൾ നടത്താനായി താത്കാലിക സ്റ്റേജ് പണിയാനാണ് തീരുമാനം. തീർഥാടനകാലത്തിന്റെ മുന്നൊരുക്കമായാണ് ക്ഷേത്രത്തിനും പഴയ അന്നദാനമണ്ഡപത്തിനും ഇടയിലുള്ള ടാങ്കും അതിനുതാഴെയുള്ള സ്റ്റോർമുറിയും പൊളിച്ചത്.
ദേവസ്വം ഓഫീസ് പ്രവർത്തിക്കുന്ന പഴയ ഊട്ടുപുരക്കെട്ടിടത്തിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന അപ്പം-അരവണ നിർമാണ യൂണിറ്റ് പഴയ തീർഥാടകവിശ്രമകേന്ദ്രം പ്രവർത്തിച്ചിരുന്ന കെട്ടിടത്തിലേക്ക് മാറ്റുന്ന ജോലിയും ഉടൻ ആരംഭിക്കും.
മണ്ഡലകാലം ആരംഭിക്കാൻ 25 ദിവസംമാത്രം ബാക്കിനിൽക്കേ, ദേവസ്വം ബോർഡിന്റെ പുനരുദ്ധാരണപ്രവർത്തനങ്ങൾ വേഗത്തിൽ നടന്നുവരുകയാണ്. പുതിയ അന്നദാനമണ്ഡപത്തിന്റെ പെയിന്റിങ് ജോലികളും അറ്റകുറ്റപ്പണികളും പൂർത്തിയായിവരുന്നു.
ദേവസ്വം ഓഫീസ് പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ ഓടിട്ട മേൽക്കൂരയിലെ കേടുവന്ന തടികളും ഓടും മാറ്റി വൃത്തിയാക്കി. ക്ഷേത്രമുറ്റത്ത് തീർഥാടകർക്ക് വെയിലും മഴയുമേൽക്കാതെ നിൽക്കാനുള്ള പന്തൽപണി പൂർത്തിയായിട്ടുണ്ട്. ക്ഷേത്രത്തിന്റെ പുനരുദ്ധാരണപ്പണികളും വരുംദിവസങ്ങളിൽ പൂർത്തിയാകുമെന്ന് ദേവസ്വം ബോർഡ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ യു. ശ്രീക്കുട്ടൻ പറഞ്ഞു.