പുറത്ത് കൊടുംചൂട്, നെഞ്ചിൽ തീ

കാർഷിക വിളകളെ കരിയിച്ച് ചൂട് കനക്കുന്നതിനൊപ്പം വളം വിലക്കയറ്റം തുടരുന്നതും കർഷകരെ പ്രതിസന്ധിയിലാക്കുന്നു

പത്തനംതിട്ട : മാസങ്ങളായി തുടരുന്ന വളം വിലക്കയറ്റത്തിനൊപ്പം കടുത്ത ചൂടുമായതോടെ കർഷകർ പ്രതിസന്ധിയിൽ. സംസ്ഥാനത്ത് ഓരോ മാസവും വളത്തിന്റെ വില വർധിക്കുകയാണ്.

പശ്ചിമേഷ്യൻ യുദ്ധം, കേന്ദ്രസർക്കാർ നൽകിയിരുന്ന സബ്‌സിഡി കുറച്ചത് എന്നിവയാണ് പ്രധാന കാരണങ്ങളായി പറയുന്നത്. ഫെബ്രുവരിയിൽ ഫാക്ടംഫോസ് ചാക്കിന് 1425 രൂപയായിരുന്നു. ഇപ്പോഴത് 2350 രൂപയായി. പൊട്ടാഷ് വില 1500 രൂപയിൽനിന്ന് 2300 രൂപയായി. തുരിശിന്റെ വില 210-ൽനിന്ന് 540-ആയി ഉയർന്നു. ആവശ്യത്തിനു കിട്ടാനുമില്ല. റബ്ബർ, തെങ്ങ്, കുരുമുളക്, പച്ചക്കറികൾ എന്നിവ കൃഷിചെയ്യുന്നവരാണ് കുമിൾരോഗത്തിന് തുരിശടിക്കുന്നത്. യൂറിയ മാത്രമാണ് 300 രൂപയോളമായി ഏതാണ്ട് സമാന നിലയിൽ തുടരുന്നത്. നവംബറിൽ പുഞ്ചക്കൃഷി തുടങ്ങും.

ഇപ്പോൾ ഏറെയും ചാണകപ്പൊടി ഉപയോഗിക്കുകയാണെന്ന് തിരുവല്ല മേഖലയിലെ പ്രമുഖ കർഷകനായ സണ്ണി തോമസ് പറഞ്ഞു. തനിക്കു സ്വന്തമായി ഫാമുള്ളതുകൊണ്ട് അതു സാധിക്കും. സാധാരണ കർഷകർക്ക് പിടിച്ചുനിൽക്കാൻ കഴിയുന്ന വിലവർധനയാണ് ഇപ്പോഴത്തേതെന്ന് അദ്ദേഹം പറഞ്ഞു.

ചാണകപ്പൊടിയും കുറച്ച് യൂറിയയും ചേർത്താണ് ഇപ്പോൾ അദ്ദേഹത്തിന്റെ കൃഷി. അവസാനഘട്ടത്തിൽ കുറച്ച് മഗ്നീഷ്യവും ചേർക്കും. വാഴ, തെങ്ങ്, നെല്ല്, ഇടവിളകൾ എല്ലാം ഇദ്ദേഹത്തിനുണ്ട്. മല്ലപ്പള്ളി ഭാഗത്ത് കഴിഞ്ഞവർഷം 5000-6000 വാഴ അദ്ദേഹം കൃഷിചെയ്തിരുന്നു. മലയോര മേഖലയിൽ ഫാക്ടംഫോസ് നിർബന്ധമായതിനാൽ ഇത്തവണ വാഴവെക്കുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. നൂറുഗ്രാം വീതം ആറുതവണയെങ്കിലും ഏത്തവാഴയ്ക്ക് ഫാക്ടംഫോസ് ഇടണം. ഇതിന്റെ പണിക്കൂലി, മറ്റു ചെലവുകൾ എന്നിവയെല്ലാം ചേർത്താൽ അതു മുതലാകില്ല-സണ്ണി തോമസ് പറഞ്ഞു.

കരിഞ്ഞുണങ്ങി വിജയന്റെ സ്വപ്നങ്ങൾ

ഓമല്ലൂർ : ആകാശത്തേക്ക് നോക്കി നെഞ്ചുരുകി പ്രാർഥിക്കുകയാണ് ഓമല്ലൂർ ആറ്റരികം ഇല്ലിപ്ലാവിൽ വീട്ടിൽ ടി.ഡി. വിജയൻ (76) എന്ന കർഷകൻ. ജീവവായുപോലെ കൊണ്ടുനടന്ന കൃഷിയിടം കൺമുന്നിൽ കരിഞ്ഞുകിടക്കുന്നു.

പാട്ടത്തിനെടുത്ത ഒരേക്കറിലധികം വരുന്ന സ്ഥലത്താണ് വിജയൻ പച്ചക്കറികളും കിഴങ്ങുവിളകളും കൃഷിയിറക്കിയത്. രണ്ടരമാസം മുൻപ് വലിയ പ്രതീക്ഷയോടെ തുടങ്ങിയ കൃഷിയാണ് കഴിഞ്ഞ രണ്ടാഴ്ചയായി അനുഭവപ്പെടുന്ന അസാധാരണമായ ചൂടിൽ നശിച്ചത്. വിളവെടുപ്പിന് പാകമായിവന്ന 18 മണിയൻ പയർ, പടവലം, വെണ്ട എന്നിവയെല്ലാം കനത്ത വെയിലിൽ വാടിത്തളർന്നു. ചേന, ചുട്ടിച്ചേമ്പ്, ഇഞ്ചി തുടങ്ങിയ കിഴങ്ങുവിളകളുടെ തണ്ടുകൾ ഉണങ്ങിപ്പോയി.

കഴിഞ്ഞവർഷം കാട്ടുപന്നിക്കൂട്ടം 80,000 രൂപയോളം വിലമതിക്കുന്ന 350-ലധികം മൂട് കപ്പയാണ് നശിപ്പിച്ചത്. അതിൽനിന്ന് കരകയറാൻ ശ്രമിക്കുമ്പോഴാണ് അടുത്ത പ്രഹരമെത്തിയത്.

പ്രതീക്ഷിച്ച വിളവ് ലഭിക്കാതെ വന്നതോടെ ഓമല്ലൂർ കൃഷിഭവന്റെ കീഴിലുള്ള വിപണിയിലെത്തിക്കാനുള്ള ശ്രമങ്ങളും പാഴായി. എങ്കിലും തോറ്റുകൊടുക്കാൻ ഈ 76-കാരൻ തയ്യാറല്ല. കരിഞ്ഞുപോയ പയറുവള്ളികൾ വെട്ടിമാറ്റി അടുത്ത കൃഷിക്കായി വിത്തുവാങ്ങി സൂക്ഷിച്ചിരിക്കുകയാണ് അദ്ദേഹം, ആകാശത്ത് മഴമേഘങ്ങൾ കനിയുമെന്ന ഒരൊറ്റ പ്രതീക്ഷയിൽ.

‘സാധാരണ 10 മുതൽ 12 കിലോ വരെ തൂക്കം വരേണ്ട ചേനകൾ ചൂടുകാരണം നാലോ അഞ്ചോ കിലോയിൽ ഒതുങ്ങി. നനയ്ക്കാൻ ആവശ്യത്തിന് ജലസൗകര്യമില്ലാത്തതും തിരിച്ചടിയായി. മുപ്പതുവർഷത്തെ കാർഷിക ജീവിതത്തിനിടെ ഇങ്ങനെയൊരു പ്രതിസന്ധി നേരിടുന്നത് ആദ്യമായിട്ടാണെന്നും അദ്ദേഹം പറഞ്ഞു.