അംബായാഗശാലയെ ധന്യമാക്കി യതിപൂജ

റാന്നി : സന്ന്യാസിശ്രേഷ്ഠരെ പാദപൂജ നടത്തി ആദരിച്ച യതിപൂജ റാന്നി തോട്ടമൺകാവ് ഭഗവതീക്ഷേത്രത്തിലെ അംബായാഗശാലയെ ധന്യമാക്കി. ഇതൊടൊപ്പം നടന്ന ഉമാമഹേശ്വരിപൂജയും ദമ്പതീപൂജയും ഭക്തർക്ക് പുണ്യദർശനമായി.
ലൗകികസുഖങ്ങളും ആസക്തികളും ഉപേക്ഷിച്ച് ആത്മീയജീവിതം നയിക്കുന്ന സന്ന്യാസിമാരെയും ആത്മീയഗുരുക്കന്മാരെയും ആദരിക്കുകയും പൂജിക്കുകയും ചെയ്യുന്ന ചടങ്ങാണ് യതിപൂജ. മാർഗദർശകമണ്ഡലം ജനറൽ സെക്രട്ടറി സ്വാമി സത്സ്വരൂപാനന്ദ സരസ്വതി, ചെറുകോൽ ശുഭാനന്ദാശ്രമത്തിലെ സ്വാമി ഗീതാനന്ദ, പെരുനാട് ശുഭാനന്ദശാന്തി ആശ്രമത്തിലെ സ്വാമി ആനന്ദ, ചൈതന്യ, തൃശ്ശൂർ പൂങ്കുന്നം ശ്രീരാമകൃഷ്ണ മിഷനിലെ സ്വാമി നന്ദാത്മജാനന്ദ, കോടുകുളഞ്ഞി വിശ്വധർമ മഠത്തിലെ സ്വാമി ശിവബോധാനന്ദ, മറ്റക്കര ശ്രീരാമകൃഷ്ണാശ്രമത്തിലെ സ്വാമി വിശുദ്ധാനന്ദപുരി, വള്ളിക്കോട് ശ്രീരാമകൃഷ്ണ മിഷനിലെ സ്വാമി ഗീത സംഗാനന്ദ, വാഴൂർ തീർഥപാദാശ്രമത്തിലെ ബോധാനന്ദതീർഥപാദർ, സ്വാമി ശിവാത്മാനന്ദസരസ്വതി, ആറന്മുള രാജയോഗ മെഡിറ്റേഷൻ സെന്ററിലെ രാജയോഗിനി ഗീത, വാഴൂർ തീർഥപാദാശ്രമത്തിലെ സ്വാമിനി അന്തർയോഗിനിതീർഥ എന്നിവരെയാണ് യതിപൂജയിൽ ആദരിച്ചത്.
ക്ഷേത്രദേവസ്വം പ്രസിഡന്റ് അഡ്വ. ഷൈൻ ജി. കുറുപ്പ് യതിപൂജയ്ക്ക് ഭദ്രദീപം തെളിയിച്ചു. അമ്മമാർ സന്ന്യാസിമാരുടെ മുൻപിൽ നിലവിളക്ക് തെളിയിച്ച് പാദപൂജ നടത്തി ഹാരമണിയിച്ച് ആരതി ഉഴിഞ്ഞു. ക്ഷേത്രഭരണസമിതി ഭാരവാഹികളും ഭക്തരും ഇവർക്ക് പുഷ്പങ്ങൾ, വസ്ത്രം, പഴവർഗങ്ങൾ, ദക്ഷിണ തുടങ്ങിയവ നൽകി ആദരിച്ചു. യതിപൂജയ്ക്ക് ശേഷമാണ് ഉമാമഹേശ്വരപൂജയും ദമ്പതിപൂജയും നടന്നത്. നൂറുകണക്കിന് ഭക്തർ ദർശനത്തിനും പൂജയിൽ പങ്കെടുക്കാനുമായി എത്തിയിരുന്നു. അതിഥി ദേവോ ഭവ എന്നതുകൊണ്ട് പണ്ട് ഉദ്ദേശിച്ചിരുന്നത്, ദേശാടനം നടത്തിയെത്തുന്ന സന്ന്യാസിമാരെ സ്വീകരിച്ച് ആദരിക്കുന്ന ചടങ്ങായിരുന്നുവെന്ന്, സ്വാമി സത്സ്വരൂപാനന്ദ തീർഥപാദസരസ്വതി പറഞ്ഞു. വീടും കുടുംബവുമില്ലാതെ, സർവവും ഈശ്വരനിൽ സമർപ്പിച്ച് മനുഷ്യനന്മയ്ക്കായി സഞ്ചരിച്ച് പ്രവർത്തിക്കുന്നവർക്കായിരുന്നു ആദരവ് നൽകിയിരുന്നത്. സ്വീകരിക്കുന്നവരെ അനുഗ്രഹിച്ചും ഉപദേശം നൽകിയുമായിരുന്നു യതിമാർ മടങ്ങിയിരുന്നത്. ജ്ഞാനം ആർജിച്ച് പരമമായ ലക്ഷ്യത്തിലെത്താനായിരിക്കണം മനുഷ്യജന്മംകൊണ്ട് സാധിക്കേണ്ടത്. ജ്ഞാനാർജനത്തിന് ഏറ്റവും എളുപ്പമായ വഴി ഭക്തിയും ദേവീ ഉപാസനയും ആണെന്നും, സന്ന്യാസിമാർ പറഞ്ഞു.