ശബരിമല മണ്ഡലകാല ഒരുക്കങ്ങൾ അവസാനഘട്ടത്തിലേക്ക്

പത്തനംതിട്ട : മണ്ഡലകാല മുന്നൊരുക്കങ്ങളുടെ അവസാനവട്ട തയ്യാറെടുപ്പിലാണ് ജില്ല. കെ.എസ്.ആർ.ടി.സി. ഡിപ്പോ, ഇടത്താവളം എന്നിവിടങ്ങളിലെ ഒരുക്കങ്ങൾ പൂർത്തിയായി.
പമ്പയ്ക്ക് സർവീസ് നടത്താനുള്ള കെ.എസ്.ആർ.ടി.സി. ബസുകൾ പത്തനംതിട്ടയിൽ എത്തിത്തുടങ്ങി. 28 ബസുകളാണ് പമ്പ സർവീസ് നടത്തുന്നത്. ഞായറാഴ്ചയോടെ വിവിധ ഡിപ്പോകളിൽനിന്നുള്ള ബസുകൾ പൂർണമായും എത്തും.
പ്രധാന ഇടത്താവളമായ പത്തനംതിട്ട താഴെ വെട്ടിപ്പുറത്തെ ഇടത്താവളം തിങ്കളാഴ്ച വൈകീട്ട് തുറക്കും.
പമ്പയിൽ ഇത്തവണ പിതൃതർപ്പണത്തിനുള്ള ബലിപ്പുരയുടെ സ്ഥാനം മാറ്റിയിട്ടുണ്ട്. ത്രിവേണി വലിയപാലത്തിനു സമീപമാണ് പുതിയ സ്ഥാനം. നേരത്തേ, ത്രിവേണിവലിയ പാലത്തിനും ചെറിയ പാലത്തിനും സമീപമായിരുന്നു സ്ഥാനം. 20 കർമികൾക്കായി 20 ബലിപ്പുരകളാണ് പമ്പയിൽ അനുവദിച്ചിരിക്കുന്നത്.
നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിൽ ഡ്യൂട്ടിയുള്ള പോലീസുകാർ ഞായറാഴ്ച വൈകീട്ടോടെ എത്തിത്തുടങ്ങും.
എല്ലാ ഇടത്താവളങ്ങളിലും മൊബൈൽ ചാർജിങ് സ്റ്റേഷനുകളും ലൈറ്റുകളും തയ്യാറാക്കിയിട്ടുണ്ട്.
ഡ്രൈവർമാരുടെ സുരക്ഷയ്ക്കായി റോഡുകളിൽ സ്റ്റിക്കറുകളും ബ്ലിങ്കറുകളും സ്ഥാപിക്കുന്ന ജോലി പൂർത്തിയാകുന്നു.
വാട്ടർ അതോറിറ്റി വാട്ടർ കിയോസ്കുകൾ ആരംഭിക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്.