പുതിയ പള്ളിയോടത്തിന് റാന്നി ഒരുമിക്കുന്നു

റാന്നി : റാന്നിക്ക് പുതിയ പള്ളിയോടം എന്ന ലക്ഷ്യവുമായി ഒത്തൊരുമിച്ചുള്ള പ്രവർത്തനം നടത്താൻ പള്ളിയോട നിർമാണത്തിന് മുന്നോടിയായി ചേർന്ന സ്വാഗതസംഘ രൂപവത്കരണയോഗം തീരുമാനിച്ചു. പഴവങാടിക്കര എൻ.എസ്.എസ്. കരയോഗം, റാന്നി അവിട്ടം ജലോത്സവസമിതി എന്നിവയുടെ നേതൃത്വത്തിൽ റാന്നിയിലെ എല്ലാ ജനവിഭാഗങ്ങളുടെയും സഹായസഹകരണത്തോടെ പുതിയ പള്ളിയോടം പണിയുവാനാണ് തീരുമാനം.
യോഗം ക്നാനായസഭ റാന്നി ഭദ്രാസനാധിപൻ കുര്യാക്കോസ് മാർ ഈവാനിയോസ് മെത്രാപ്പൊലീത്ത ഉദ്ഘാടനം ചെയ്തു. പള്ളിയോടങ്ങളും വള്ളംകളിയും വള്ളസദ്യയും നാടിന്റെ സാംസ്കാരിക പാരമ്പര്യത്തിന്റെ അമൂല്യമായ തിരുശേഷിപ്പാണെന്നും ഇവ സംരക്ഷിക്കേണ്ടത് അനിവാര്യമാണെന്നും മെത്രാപ്പൊലീത്ത പറഞ്ഞു. മാവേലിക്കര ഉമ്പർനാട് സിദ്ധാശ്രമം മഠാധിപതി സ്വാമി സദ്സ്വരൂപാനന്ദ ഗിരി, പട്ടിമറ്റം പുത്തനങ്ങാടി മസ്ജിദുൽ ഖുബ ഇമാം വി.എം. അഷറഫ് മൗലവി സുൽത്താനി എന്നിവർ അനുഗ്രഹപ്രഭാഷണം നടത്തി.
ജേക്കബ് മാത്യു കരിംകുറ്റിയിൽ അധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ. രാജു എബ്രഹാം, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാരായ ബി. സുരേഷ്, ശശികല രാജ ശേഖരൻ, ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ ജൂലി സാബു,ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ അനി വലിയകാലാ, ജോൺ എബ്രഹാം, പഴവങ്ങാടിക്കര എൻ.എസ്.എസ്. കരയോഗം പ്രസിഡന്റ് കെ. ഗോപാലകൃഷ്ണക്കുറുപ്പ്, സെക്രട്ടറി പി.കെ. മോഹനൻനായർ, പള്ളിയോട പ്രതിനിധി എ.ജി. വേണുഗോപാൽ, അവിട്ടം ജലോത്സവസമിതി ഭാരവാഹികളായ റിങ്കു ചെറിയാൻ, അഡ്വ. ഷൈൻ ജി.കുറുപ്പ്, ടി.കെ. രാജപ്പൻ തുടങ്ങിയവർ പ്രസംഗിച്ചു. എൻ.എസ്.എസ്. യൂണിയൻ സെക്രട്ടറി കെ.എം .മഹേഷ്, അഖില കേരള വിശ്വകർമ മഹാസഭ യൂണിയൻ സെക്രട്ടറി പി.എസ്. മധുകുമാർ, കെ.പി.എം.എസ്. ജില്ലാ പ്രസിഡന്റ് മന്ദിരം രവീന്ദ്രൻ, പള്ളിയോട ശിൽപി അയിരൂർ സന്തോഷ് ആചാരി, പ്രസാദ് കുഴികാല, ശ്രീനി ശാസ്താംകോവിൽ, രവി കുന്നയ്ക്കാട്ട് തുടങ്ങി വിവധ സംഘടനാഭാരവാഹികൾ പങ്കെടുത്തു.