കവിയൂർ പുഞ്ചയിൽ നെൽകൃഷിയുടെ പേരിൽ ആനുകൂല്യങ്ങൾ തട്ടുന്നു

കവിയൂർ : കവിയൂർ പുഞ്ചയിൽ പേരിന് നെൽകൃഷി നടത്തി സർക്കാർ ആനുകൂല്യങ്ങൾ തട്ടാൻ ശ്രമിക്കുന്നതായി ആക്ഷേപം. പാടങ്ങൾ പാട്ടത്തിനെടുത്ത് കൃഷി നടത്തുന്നവരാണ് ഇവരിൽ ഏറെയും. വേണ്ടവിധം നിലമൊരുക്കാതെ പായൽ കിടക്കുന്ന പാടങ്ങളിൽ വിത്തിട്ട് കിട്ടുന്ന വിളവെടുക്കുന്ന രീതി. ഇവരിൽ മിക്കവരും സമീപ ജില്ലയിൽനിന്നുള്ളവരാണ്.

തരിശുനില കൃഷിക്കുള്ള സബ്‌സിഡി ആനുകൂല്യങ്ങൾ അടക്കം ഇവർക്ക് കാലങ്ങളായി ലഭിക്കുന്നു. അതിനാൽ, ഏക്കറുക്കണക്കിന് പാടങ്ങൾ എടുത്താണ് കൃഷി ചെയ്യുന്നത്. കവിയൂർ പുഞ്ചയിൽ 100 ഏക്കറിന് മുകളിൽ നെൽകൃഷിയുണ്ട്. ഇതിൽ 50 ഏക്കറോളം പാട്ടകൃഷി വരും. കുട്ടനാട്ടിൽ നിന്നെത്തുന്നവർ ഒരുതവണ നിലംപൂട്ടി വിത നടത്തുന്നു. പായലും പോളയും പുല്ലുമൊന്നും വേണ്ടവിധം നീക്കാതെയാണിത്. അതുകൊണ്ട് വിത്തുകളാകട്ടെ അങ്ങുമിങ്ങുമെ കിളർത്തു പൊങ്ങൂ. ഇതിനിടെ പ്രതികൂല കാലാവസ്ഥയാൽ കൃഷിനശിച്ചാൽ നഷ്ടപരിഹാരവും ലഭിക്കും. ഇത്തരത്തിൽ വലിയ ചെലവില്ലാതെ കൃഷിനടത്തി കിട്ടുന്ന വിളവെടുത്ത് സബ്‌സിഡി തട്ടുന്ന പ്രവണത ഇവിടെ നിലനിൽക്കുന്നതായാണ് വെണ്ണീർവിള പാടശേഖരസമിതി ഭാരവാഹികളുടെ ആക്ഷേപം.