നാടിന്റെ കരുതൽ കാത്ത് മല്ലപ്പള്ളി പബ്ലിക് സ്റ്റേഡിയം

മല്ലപ്പള്ളി : വോളീബോളിൽ ആദ്യ ദേശീയ കിരീടം നേടിയ മലയാളി, മല്ലപ്പള്ളി വർക്കിയുടെ നാട്ടിൽ കായികമേഖല വീണ്ടും കരുത്താർജിക്കുന്നു. വോളിയാണ് പാരമ്പര്യ കായികയിനമെങ്കിലും ഹാൻഡ് ബോളും ക്രിക്കറ്റും ഇവിടെ ഇടംപിടിച്ചുകഴിഞ്ഞു. എൺപത് സെന്റ് സ്ഥലത്ത് തല ഉയർത്തി നിൽക്കുന്ന ഇൻഡോർ സ്റ്റേഡിയം വിവിധ ടൂർണമെന്റുകൾ മുതൽ ആഘോഷങ്ങൾ നടത്താൻവരെ ഉപയോഗിക്കുന്നു. ജില്ലാതല സ്കൂൾ ഗെയിംസിലെ ഹാൻഡ് ബോൾ മത്സരങ്ങൾ ബുധനാഴ്ച ഇവിടെ തുടങ്ങുകയാണ്. ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ നിർമിച്ച നെറ്റ്‌സും ഉണ്ട്.

സ്കൂൾ, കോളേജ് തല ഹാൻഡ്‌ബോൾ പരിശീലനത്തിന്റെ ജില്ലാതല കേന്ദ്രംകൂടിയാണ് മല്ലപ്പള്ളി സ്റ്റേഡിയം. കോട്ടയം ജില്ലയിലെ നെടുംകുന്നത്തുനിന്നുള്ള കുട്ടികളും ഇവിടെയെത്തുന്നു. ഇവിടെ കോർട്ടിൽ ഇറങ്ങിയവരിൽനിന്ന് ആറുപേർ ഇന്ത്യൻ ടീമിലെത്തി. സംസ്ഥാന ടീമിൽ 115 പേരും ഇടം നേടി. യൂണിവേഴ്സിറ്റി ടീമിൽ 105 കുട്ടികൾ സർവകലാശാലകളുടെ നിറമണിഞ്ഞു. ക്രിക്കറ്റിൽ ഇക്കുറി അഞ്ചുപേർക്ക് ജില്ലാ ടീമിലേക്ക് പ്രവേശനം ലഭിച്ചു. വിവിധ ജില്ലകളിൽനിന്നായി മുപ്പതിലധികം കുട്ടികൾ ഇവിടെ ദിവസേനയുള്ള ക്ലാസുകളിൽ പങ്കെടുക്കുന്നു.

കളിയിൽ മികവുകാട്ടി ടീമിൽ ഇടം നേടിയാൽ സർക്കാർ ജോലി ലഭിക്കുമെന്നതാണ് ആകർഷകമായ കാര്യം. ഇന്ത്യൻ ആർമിയിൽ പത്തുപേരും കേരള പോലീസിൽ അഞ്ചുപേരും സ്പോർട്സ് ക്വാട്ടയിൽ നിയമനം ലഭിച്ച് സേവനമനുഷ്ഠിക്കുന്നു. നിരവധി സ്കൂളുകളിൽ കായിക പരിശീലകരായും മല്ലപ്പള്ളി സ്റ്റേഡിയത്തിൽനിന്നുള്ളവർ എത്തുന്നുണ്ട്.

കളിയിലെ കഴിവുകൾ വളർത്താനും കായികശേഷി വർധിപ്പിക്കാനുമാണ് ലക്ഷ്യമിടുന്നതെന്ന് പ്രധാന പരിശീലകൻ എസ്. ആനന്ദ് പറയുന്നു. വിവിധ കോളേജുകളിലെ കായികാധ്യാപകരായിരുന്ന പ്രൊഫ. തോമസ് സ്കറിയ, ഡബ്ല്യു.എ. ജോൺ എന്നിവരും സ്പോർട്സ് ഡയറക്ടർമാരാണ്. മല്ലപ്പള്ളി പബ്ലിക് സ്റ്റേഡിയം സൊസൈറ്റിയാണ് നേതൃത്വം നൽകുന്നത്.

കുരുന്നുപ്രതിഭകളെ തേച്ചുമിനുക്കിയെടുക്കുന്ന ഉരകല്ലായി മാറിയിട്ടും പരിശീലനകേന്ദ്രത്തിന്റെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്താൻ കഴിയുന്നില്ല. ജോസഫ് എം.പുതുശ്ശേരി എം.എൽ.എ. ആയിരുന്നപ്പോൾ നിർമിച്ച ഇരുമ്പുപാലമാണ് ബസ്‌സ്റ്റാൻഡിൽനിന്ന് ഇവിടേക്ക് എത്താൻ ഇന്നുമുള്ളത്. ഇത് തുരുമ്പിച്ച് തീരാറായി. പകരം കോൺക്രീറ്റ് പാലം തീർക്കേണ്ടതുണ്ട്. പ്രൊഫ. പി.ജെ. കുര്യൻ രാജ്യസഭാ ഉപാധ്യക്ഷനായിരുന്നപ്പോൾ ആന്റോ ആന്റണി എം.പി.യുമായി ചേർന്ന് അനുവദിച്ച ഫണ്ടിലാണ് മേൽക്കൂര നിർമിച്ചത്. വശങ്ങളിൽ സംരക്ഷണമില്ലാത്തതിനാൽ മഴയും കാറ്റും വരുമ്പോൾ ഉൾവശം നനയുന്നു.

ഓരോ വെള്ളംപ്പൊക്കം കഴിഞ്ഞും കോർട്ടിൽനിന്ന് ചെളി നീക്കംചെയ്ത് താരങ്ങളും പരിശീലകരും മടുത്തു. ഉപരിതലം ഉയർത്തിയശേഷം റബർ കട്ടകൾ പാകുന്നത് പ്രയോജനപ്പെടും. പഞ്ചായത്ത് മുതൽ സംസ്ഥാനതലംവരെയുള്ള പൊതുപരിപാടികൾക്ക് സൗജന്യമായി വിട്ടുനൽകുന്ന സ്റ്റേഡിയത്തിൽ അടിസ്ഥാന സൗകര്യങ്ങളൊരുക്കാൻ ഇന്നത്തെ ഓരോ ജനപ്രതിനിധിക്കും ഉത്തരവാദിത്വമുണ്ട്.