പാർക്കിങ്ങിനായി പണിതു പാർക്ക് ചെയ്യാനാവില്ല !

പത്തനംതിട്ട : പാർക്കിങ് സംവിധാനത്തിനായി പദ്ധതി ആവിഷ്കരിച്ച് പണി പൂർത്തിയായി ഒന്നരവർഷം പിന്നിട്ടിട്ടും വാഹനങ്ങൾക്ക് പ്രവേശനമില്ല. പുതിയ സ്വകാര്യബസ് സ്റ്റാൻഡ് ഭാഗത്ത് നഗരസഭ നിർമിച്ച പേ ആൻഡ് പാർക്കിങ് സംവിധാനമാണ് പാഴാകുന്നത്. 28.42 ലക്ഷം രൂപ ചെലവഴിച്ച് കഴിഞ്ഞ ഭരണസമിതിയുടെ കാലത്താണ് പദ്ധതി പൂർത്തിയാക്കിയത്. പുതിയ ഭരണസമിതിവന്നിട്ടും പദ്ധതി ലക്ഷ്യത്തിലെത്തിക്കുന്നതിനുള്ള ശ്രമമില്ല.
ബസ്‌സ്റ്റാൻഡിലെ മാലിന്യ കൂനകൾ നീക്കംചെയ്ത് ഉദ്യാനവത്കരണം എന്നപേരിൽ 2023-24ൽ അംഗീകാരം ലഭിച്ച പദ്ധതി 2024-25ൽ പൂർത്തിയായതാണ്. സ്വകാര്യ ബസ്‌സ്റ്റാൻഡിനും തോടിനും ഇടയിലുള്ള 15 മീറ്റർ വീതിയുള്ള ഭാഗത്തെ മാലിന്യം നീക്കംചെയ്ത് പാർക്കിങ് ഏരിയ, കാൽനട യാത്രക്കാർക്ക് പാസേജ് എന്നിവ നിർമിക്കുകയിരുന്നു ലക്ഷ്യം. എസ്റ്റിമേറ്റ് പ്രകാരം ഇരുചക്ര വാഹനങ്ങൾക്ക് 162 ചതുരശ്രമീറ്റർ, കാറുകൾക്ക് 920 ചതുരശ്രമീറ്റർ എന്നിങ്ങനെയാണ് പാർക്കിങ് ഏരിയ നിശ്ചയിച്ചത്. പേ ആൻഡ് പാർക്ക് സംവിധാനം കൊണ്ടുവരണമെന്ന് 2022 ജൂണിലെ കൗൺസിൽ യോഗത്തിലാണ് തീരുമാനിച്ചത്. 2025 ഫെബ്രുവരിയിൽ പ്രവൃത്തി പൂർത്തിയാക്കിയെങ്കിലും ഇപ്പോഴും പാർക്കിങ് ഏരിയയുടെ പ്രവേശനകവാടം വാഹനങ്ങൾ കടക്കാത്തരീതിയിൽ ബാരിക്കേഡ് വെച്ച് അടച്ചിരിക്കുകയാണ്.
ബസ് സ്റ്റാൻഡിന് സമീപത്തെ ഹാപ്പിനസ് പാർക്ക്, ടൗൺ സ്ക്വയർ എന്നിവിടങ്ങളിൽ എത്തുന്നവർക്ക് വാഹനം പാർക്ക് ചെയ്യുന്നതിനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തുന്നത് ഉദ്ദേശിച്ചാണ് പദ്ധതി ആവിഷ്‌കരിച്ചത്. നിലവിൽ ഇവിടെയൊക്കെ എത്തുന്നവർ റോഡിന്റെ വശങ്ങളിലാണ് വാഹനം പാർക്ക് ചെയ്യുന്നത്. പദ്ധതി ലക്ഷ്യം കണ്ടിരുന്നെങ്കിൽ ദീർഘദൂരയാത്രയ്ക്കായി എത്തുന്നവർക്കും സ്റ്റാൻഡിൽ വാഹനം പാർക്ക് ചെയ്യാനുള്ള സാഹചര്യം ലഭിച്ചേനെ.
പൊതുജനങ്ങൾക്ക് ഉൾപ്പെടെ ഗുണകരമാവേണ്ട പാർക്കിങ് സംവിധാനമാണ് ഉപയോഗശൂന്യമായ നിലയിലുള്ളത്. ഹാപ്പിനസ് പാർക്ക് നിർമാണം നടന്നത് കാരണം പേ ആൻഡ് പാർക്ക് സംവിധാനം ആരംഭിക്കാൻ വൈകിയെന്നാണ് നഗരസഭാ അധികൃതർ ഓഡിറ്റ് വകുപ്പിന് നൽകിയ വിശദീകരണം.