കെ.എസ്.ആർ.ടി.സി. ബസിന്റെ ചില്ല് പൊട്ടിച്ചു യുവാവ് അറസ്റ്റിൽ

റാന്നി : രാത്രിയിൽ കെ.എസ്.ആർ.ടി.സി. ഡിപ്പോയിലെത്തി ബസിന്റെ പിൻഭാഗത്തെ എമർജൻസി വാതിലിന്റെ ഗ്ലാസ് കല്ലുകൊണ്ട് ഇടിച്ചുപൊട്ടിച്ച യുവാവിനെ പോലീസ് പിടികൂടി.
ഒന്നരമാസത്തെ അന്വേഷണത്തിനൊടുവിലാണ് ഇയാളെ റാന്നി പോലീസ് പിടികൂടിയത്. റാന്നി അങ്ങാടി കരിങ്കുറ്റി മണിമലേത്ത് കാലായിൽ നിതിൻ ലെജു(21) ആണ് അറസ്റ്റിലായത്.
യുവാക്കൾ സഞ്ചരിച്ച ബൈക്കിന് ഏതോ കെ.എസ്.ആർ.ടി.സി. ബസ് സൈഡ് കൊടുത്തില്ലെന്ന കാരണത്താലാണ് ഇയാൾ രാത്രിയിൽ റാന്നി ഡിപ്പോയിൽകിടന്ന ബസിന് നാശനഷ്ടം വരുത്തിയതെന്ന് പോലീസ് പറഞ്ഞു.
സെപ്റ്റംബർ അഞ്ചിന് രാവിലെയാണ് റാന്നി ഡിപ്പോയിലെ ബസിന്റെ പിൻഭാഗത്തെ ചില്ല് തകർത്ത നിലയിൽ കണ്ടെത്തിയത്. ജീവനക്കാരുടെ പരാതിയിൽ പോലീസ് കേസെടുക്കുകയായിരുന്നു.
സംഭവദിവസം ബൈക്കിലെത്തി ബസ് ജീവനക്കാരുമായി തർക്കമുണ്ടാക്കിയ യുവാവിനെയും സുഹൃത്തിനെയും കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം നടത്തിയത്.
നിരവധി സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ച് ആ യുവാവിന്റെ സാന്നിധ്യം ബസ് സ്റ്റാൻഡ് പരിസരത്തുണ്ടെന്ന് കണ്ടെത്തി. തുടർന്നാണ് ഒളിവിലായിരുന്ന യുവാവിനെ പിടികൂടിയതെന്ന് പോലീസ് പറഞ്ഞു.
റാന്നി എസ്.ഐ. എസ്. സിബിയുടെ നേതൃത്വത്തിൽ എസ്.സി.പി.ഒ. മാരായ പി. പ്രദീപ്, എം.എൻ. അഞ്ജലൊ, പ്രസാദ് എന്നിവരുൾപ്പെട്ട പോലീസ് സംഘമാണ് യുവാവിനെ അറസ്റ്റുചെയ്തത്. റാന്നി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.