ചോരവീണ് എം.സി. റോഡ്

കുരമ്പാല പുത്തൻകാവിൽ ക്ഷേത്രകാണിക്കവഞ്ചിക്ക് സമീപമുണ്ടായ അപകടത്തിൽ സ്ത്രീ മരിച്ചു; ഭർത്താവിന് പരിക്ക്
പുതുശ്ശേരി ഭാഗത്തും വടക്കടത്തുകാവിലും രണ്ട് അപകടം; എട്ടുപേർക്ക് പരിക്ക്
വടക്കടത്തുകാവ് : എം.സി. റോഡിൽ അപകടങ്ങൾ പതിവാകുന്ന ബ്ലാക്ക് സ്പോട്ടുകളിൽ ദുരന്തം ഒഴിയുന്നില്ല. ബുധനാഴ്ച വടക്കടത്തുകാവ്-പുതുശ്ശേരി ഭാഗത്ത് രണ്ടുകിലോമീറ്ററിനുള്ളിൽ രണ്ട് അപകടമുണ്ടായി. രണ്ട് അപകടങ്ങളിലായി ഒൻപതുപേർക്ക് പരിക്കേറ്റു.
ആദ്യ അപകടം ബുധനാഴ്ച 2.30-ന് വടക്കടത്തുകാവിൽ കെ.എസ്.ആർ.ടി.സി. ബസും ഓട്ടോയും കൂട്ടിയിടിച്ചു. ഒാട്ടോഡ്രൈവർ വടക്കടത്തുകാവ് കടുവിങ്കൽ വടക്കേതിൽ പ്രകാശിന് പരിക്കേറ്റു. ഒന്നരമണിക്കൂറിനുശേഷം പുതുശ്ശേരി ഭാഗം ജങ്ഷനുസമീപം മൂന്ന് കാറുകൾ കൂട്ടിയിടിച്ചു. ഇതിൽ എട്ട് പേർക്കാണ് പരിക്കേറ്റത്. ചെങ്ങന്നൂർ കൊല്ലകടവ് തൈവിളയിൽ എം.ഷാജി (62), എഫ്.ഹസ (ആറ്), എഫ്. ഹാഷിദ (13), എഫ്.ഹൻസ (അഞ്ച്), എഫ്.ആമി ഫാത്തിമ (21), എഫ്.ഖദീജ (അഞ്ച്) എന്നിവർക്കും തമിഴ്നാട് തെങ്കാശി സ്വദേശി പി.സെൽവം (57), അടൂർ കളരിക്കൽ പുത്തൻപുരയിൽ ഷിയാസ് (44) എന്നിവർക്കാണ് പരിക്കേറ്റത്.ഏനാത്ത് ഭാഗത്തുനിന്ന് അടൂർ ഭാഗത്തേക്ക് വന്ന കാർ മറ്റൊരു വാഹനത്തെ മറികടക്കുമ്പോൾ അടൂർ ഭാഗത്തുനിന്നുവന്ന കാറിൽ ആദ്യം ഇടിച്ചു. തുടർന്ന് മറ്റൊരു കാറിലും ഇടിക്കുകയായിരുന്നു.
നടപ്പാകാതെ ശുപാർശകൾ
അടൂർ-ഏനാത്തിനുമിടയിൽ ഇപ്പോൾ അപകടം നടന്ന പുതുശ്ശേരി ഭാഗം, വടക്കടത്തുകാവ് സ്ഥലങ്ങളിൽ ചെയ്യേണ്ട ചില സുരക്ഷാ കാര്യങ്ങളും നിർദേശങ്ങളും മോട്ടോർ വാഹന വകുപ്പ് സൂചിപ്പിക്കുന്നുണ്ട്. എന്നാൽ ഒന്നും നടപ്പാകുന്നില്ല. പുതുശ്ശേരി ഭാഗത്ത്
500 മീറ്ററിനുള്ളിലെ പ്രധാന വളവുകൾ നേരെയാക്കണമെന്ന പ്രധാന നിർദേശം. എം.സി. റോഡ് മുറിച്ചുകടക്കുന്ന ചെറിയ റോഡുകളിൽ സ്പീഡ് ബ്രേക്കറുകൾ സ്ഥാപിക്കണം. നിലവിലുണ്ടായിരുന്ന സ്പീഡ് ക്യാമറകൾ പുനഃസ്ഥാപിക്കണം. തട്ടാരുപടി ഗവ. എൽ.പി. സ്കൂളിനു ശേഷമുള്ള ഏനാത്ത് ഭാഗത്തേക്കുള്ള ബസ് സ്റ്റോപ്പ് അനുയോജ്യമായ സ്ഥലത്തേക്ക് മാറ്റണം. റോഡിന്റെ ഇരുവശങ്ങളിലും ബസ് ബേ വേണം.
വടക്കടത്തുകാവ് ഭാഗത്ത് നാല് വളവുകളിലായാണ് അപകടസാധ്യത പ്രധാനമായുമുള്ളത്. കേരള ആംഡ് ബറ്റാലിയൻ മൂന്ന്, മണക്കാല ഭാഗങ്ങളിൽനിന്നുള്ള ചെറിയ റോഡുകളുടെ സംഗമസ്ഥലം കൂടിയാണിത്. ഉറക്കത്തിലേക്ക് വഴുതുന്ന ഡ്രൈവർമാർക്ക് വളവിൽ വാഹനത്തിന്റെ വേഗം കുറയ്ക്കാനോ ദിശമാറ്റാനോ കഴിയാതെ വരുന്നതാണ് പല അപകടങ്ങൾക്കും കാരണമാകുന്നത്.