ഗുരുനാഥയായ അമ്മയ്ക്ക് ആർ.ഡി.ഒ. മകന്റെ ഗുരുവന്ദനം

പറക്കോട് : ഒരിക്കൽ വിദ്യാലയത്തിലെ മിടുക്കനായ വിദ്യാർഥി. വർഷങ്ങൾക്കിപ്പുറം അതേ വിദ്യാലയത്തിൽ ഔദ്യോഗിക പദവിയിലെത്തി തന്റെ ഗുരുനാഥയായ അമ്മയെയും സഹപാഠിയായ അധ്യാപികയെയും ഉൾപ്പെടെ ആദരിച്ച് അടൂർ ആർ.ഡി.ഒ. ടി.ബിനുരാജ്. അധ്യാപകദിനത്തോടനുബന്ധിച്ച് പറക്കോട് അമൃത ബി.എച്ച്.എസിൽ നടന്ന ഗുരുവന്ദനം പരിപാടിയിലാണ് അടൂർ ആർ.ഡി.ഒ. ടി. ബിനുരാജ് തന്റെ അമ്മ പി.സി. ദീനാമ്മയെയും അധ്യാപകരായ കെ.വി. രാധാമണിയമ്മ, ജി.പുഷ്പലത, എസ്.പ്രീത എന്നിവരെയും ആദരിച്ചത്. ഇതിൽ എസ്. പ്രീത ആർ.ഡി.ഒയുടെ സഹപാഠിയാണ് എന്ന പ്രത്യേകതയുമുണ്ട്.
1981-86 കാലഘട്ടത്തിൽ സ്കൂൾ ടോപ്പറായിരുന്ന ബിനുരാജ് തന്നെ അറിവിന്റെ ലോകത്തേക്ക് കൈപിടിച്ചുയർത്തിയ ഗുരുനാഥയായ അമ്മയെത്തന്നെ ആദരിച്ചത് അധ്യാപകദിനത്തിലെ അപൂർവ നിമിഷമായിമാറി. അധ്യാപകദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ഗുരുവന്ദനം പരിപാടി ആർ.ഡി.ഒ. ടി. ബിനുരാജ് ഉദ്ഘാടനംചെയ്തു. പി.ടി.എ. വൈസ് പ്രസിഡന്റ് സുനിൽകുമാർ അധ്യക്ഷനായി.
പൂർവവിദ്യാർഥിയും ശാസ്താംകോട്ട എൻജിനിയറിങ് കോളേജ് പ്രൊഫസറുമായ പ്രിൻസ്, എം. അജികുമാർ, ജി.മനോജ്, ലേഖ ജി.നായർ, ബാലാജി, പ്രിയ, പ്രഥമാധ്യാപിക കെ.ഇന്ദുകല, അജീഷ് കുമാർ എന്നിവർ പ്രസംഗിച്ചു.