കാലുകൾ നഷ്ടമായിട്ടും അനക്കമില്ല; ഡിപ്പോയിലെ സുരക്ഷ ബ്രേക്കിൽ

അടൂർ കെ.എസ്.ആർ.ടി.സി. ഡിപ്പോയിൽ സുരക്ഷാവാഗ്ദാനം പാഴായി
അടൂർ : രണ്ട് അപകടങ്ങൾ,രണ്ട് മനുഷ്യരുടെ ജീവിതത്തിൽ തീരാവേദന. എന്നിട്ടും സുരക്ഷയ്ക്കായി തീരുമാനിച്ച ഡിവൈഡറിന് നീളം കൂടിയില്ല, ഹമ്പും വന്നില്ല. ഇനിയൊരു ദുരന്തം കൂടി ഉണ്ടായശേഷം മാത്രമേ ഇതൊക്കെ ഉണ്ടാകുകയുള്ളോവെന്ന നാട്ടുകാരുടെ ചോദ്യത്തിന് പ്രസക്തി ഏറെയാണ്. രണ്ട് വയോധികരുടെ കാലിലൂടെ ബസിന്റെ ചക്രം കയറി കാൽ നഷ്ടമായിട്ടും അടൂർ കെ.എസ്.ആർ.ടി.സി. ഡിപ്പോയിലെ സുരക്ഷാ സംവിധാനങ്ങൾക്ക് ഇന്നും അനക്കമില്ല. ഡിവൈഡറിന് നീളം കൂട്ടുമെന്ന പ്രഖ്യാപനമുണ്ടായി, ഹമ്പ് സ്ഥാപിക്കുമെന്നുമായിരുന്നു തീരുമാനം. എന്നാൽ, വാഗ്ദാനങ്ങൾക്ക് വേഗമുണ്ടായിരുന്നുവെങ്കിലും നടപടികൾക്ക് മാത്രം വേഗമില്ല. അടൂർ കെ.എസ്.ആർ.ടി.സി. ഡിപ്പോയിലേക്ക് ബസുകൾ കയറുകയും ഇറങ്ങുകയും ചെയ്യുന്ന ഭാഗത്തെ ഡിവൈഡറിന്റെ നീളം കൂട്ടി അടിത്തറ കെട്ടി വേലി സ്ഥാപിക്കുമെന്നായിരുന്നു തീരുമാനം. നിലവിൽ പൊക്കവിളക്ക് നിൽക്കുന്നഭാഗം തുറന്നുകിടക്കുന്നതിനാൽ ഇതുവഴി മറുഭാഗത്തേക്ക് കടക്കാൻ ശ്രമിക്കുന്ന യാത്രക്കാരാണ് അപകടത്തിൽപ്പെടുന്നത്. ഈ സാഹചര്യം ഒഴിവാക്കാനാണ് ഡിവൈഡർ നീട്ടാൻ തീരുമാനിച്ചത്.
തിരുവനന്തപുരം ഭാഗത്തുനിന്ന് ബസുകൾ ഡിപ്പോയിലേക്ക് പ്രവേശിക്കുന്ന ഭാഗത്തും പുറത്തേക്ക് ഇറങ്ങുന്ന ഭാഗത്തും റബ്ബർ ഹമ്പുകൾ സ്ഥാപിച്ച് വേഗം നിയന്ത്രിക്കാനും തീരുമാനിച്ചിരുന്നു. എന്നാൽ തീരുമാനങ്ങൾ വാക്കിൽ ഒതുങ്ങിയതല്ലാതെ സ്ഥലത്ത് യാതൊരു മാറ്റവുമുണ്ടായില്ല.
നവംബർ ഒൻപതിന് ഡിപ്പോ സന്ദർശിച്ച സി.വി. ശാന്തകുമാർ എം.എൽ.എ. സുരക്ഷാ ക്രമീകരണങ്ങൾ വേഗത്തിൽ നടപ്പാക്കാൻ പൊതുമരാമത്ത് അധികൃതർക്ക് നിർദ്ദേശം നൽകിയിരുന്നു. എന്നിട്ടും നടപടികൾ എങ്ങുമെത്തിയില്ല. റോഡിലൂടെ പായുന്ന അതേ വേഗത്തിലാണ് പല ബസുകളും ഇപ്പോഴും ഡിപ്പോയിലേക്ക് കയറുകയും ഇറങ്ങുകയും ചെയ്യുന്നത്.
തിരുവനന്തപുരം ഭാഗത്തുനിന്ന് എത്തുന്ന ബസുകളാണ് പ്രധാനമായും അപകടഭീഷണി ഉയർത്തുന്നത്. ഡിപ്പോയുടെ ഇടതുഭാഗത്തുകൂടി നടന്ന് മറുവശത്തേക്ക് കടക്കുന്ന യാത്രക്കാർക്ക് തൊട്ടരികിലൂടെയാണ് ബസുകളുടെ പാച്ചിൽ. നടക്കുന്നതിനിടെ അല്പമൊന്ന് വലതുഭാഗത്തേക്ക് നീങ്ങിയാൽ പോലും ബസിനടിയിൽപ്പെടാവുന്ന അവസ്ഥ. ഒക്ടോബർ 31-ന് കൂടൽ സ്വദേശിനിയായ വയോധിക അമ്മിണിക്കും നവംബർ ഏഴിന് നൂറനാട് സ്വദേശി ചന്ദ്രമോഹൻ പിള്ളയ്ക്കുമാണ് ഡിപ്പോയിൽവെച്ച് സമാനമായ ദുരന്തമുണ്ടായത്. ഇരുവരും നടന്ന് മറുഭാഗത്തേക്ക് കടക്കുന്നതിനിടെ ബസ് ഇടിക്കുകയും കാലിലൂടെ ചക്രം കയറി കാൽ നഷ്ടമാകുകയും ചെയ്തു.