ജലജീവൻ പദ്ധതി പാതിവഴിയിൽ

ഇരവിപേരൂർ : വള്ളംകുളം-നന്നൂർ പാതയിൽ ചിറേപ്പടിക്കൽ ഇറക്കിയിട്ട കുടിവെള്ള പൈപ്പുകൾ നശിക്കുന്നു. ഇരവിപേരൂരിൽ ജലജീവൻ പദ്ധതിക്കായി രണ്ടുവർഷം മുന്നേ ഇറക്കിയിട്ടതാണിവ. ചിറേപ്പടിക്കൽ പാടത്താണ് പുല്ലും കാടും മൂടി ലക്ഷങ്ങൾ വിലവരുന്ന വലിയ പൈപ്പുകൾ കിടക്കുന്നത്.

17 വാർഡുകളിലെ 6,692 കണക്ഷനുകളാണ് നൽകേണ്ടിയിരുന്നത്. നാളിതുവരെ നൽകിയതാകട്ടെ 600 എണ്ണംമാത്രം. വിതരണ പൈപ്പുകളിടുന്ന പണികൾ ആറു വാർഡുകളിൽ മാത്രമേ പൂർത്തിയായുള്ളൂ. ജലജീവൻ മിഷനായി 49.51 കോടി രൂപയാണ് അനുവദിച്ചത്.

അതിൽ 47.71 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു. അതിനുവേണ്ടി പദ്ധതി തയ്യാറാക്കിയെങ്കിലും വെള്ളത്തിന്റെ കാര്യത്തിൽ നിലനിൽക്കുന്ന പ്രതിസന്ധി പദ്ധതിയെ ബാധിക്കുന്നു.

വെള്ളം തികയില്ല

മണിലയാറ്റിൽ പ്രയാറ്റുക്കടവിൽനിന്നാണ് പമ്പിങ്. ഇവിടെനിന്നാണ് പുറമറ്റം പഞ്ചായത്തിനും നൽകേണ്ടത്. അതുകൊണ്ട് മിക്കപ്പോഴും ആഴ്ചയിൽ മൂന്നോ നാലോ ദിവസമാണ് കിട്ടുക.

വേനൽക്കാലം വരുമ്പോൾ ഒരു പഞ്ചായത്തിലേക്കുപോലും പൂർണമായി ശുദ്ധജലം നൽകാൻ കഴിയുന്നില്ല. വെള്ളത്തിന്റെ കുറവ്മൂലം മിക്ക വാർഡുകളിലും വിതരണം സുഗമമായി നടക്കില്ല.

തോട്ടപ്പുഴയിൽ നിന്നടക്കം പമ്പിങ് നടത്തിയിട്ടും നാലുലക്ഷം ലിറ്റർ വെള്ളമേ നൽകാൻ ലഭിക്കൂ. ഇത്രയും വാർഡുകളിൽ വിതരണം നടത്താൻ അത് മതിയാവില്ല.

പൂവത്തൂർ പദ്ധതിയും നീളുന്നു

ഇരവിപേരൂർ ഉൾപ്പെടെ വിവിധ പഞ്ചായത്തുകൾക്ക് ഗുണകരമായ പൂവത്തൂരിലെ കുടിവെള്ള പദ്ധതിയും യാഥാർഥ്യമാകാതെ നീളുകയുമാണ്. തിരുവല്ല, ആറന്മുള, റാന്നി എന്നീ മൂന്നു നിയോജകമണ്ഡലങ്ങൾക്കുവേണ്ടി ആവഷ്‌കരിച്ചതാണിത്. മാത്യു ടി. തോമസ് വാട്ടർ അതോററ്റി മന്ത്രിയായയിരുന്ന കാലത്ത് അനുമതി നൽകിയതാണ്. ഇതിന്റെ പമ്പുഹൗസിന്റെ സ്ഥലമെടുപ്പിൽ തുടങ്ങിയ കാര്യങ്ങൾ കോടതി കയറി. ഇത്രയും കാലമായിട്ടും പ്രശ്‌നം പൂർണമായി പരിഹരിക്കാാൻ ആയിട്ടില്ല. 400 ലക്ഷം ലിറ്റർ വെള്ളം സംഭരണശേഷിയുള്ള കോടി ചെലവ് വരുന്ന ഈ ബൃഹത്പദ്ധതി പൂർത്തിയായാലേ ഇരവിപേരൂരിൽ എല്ലായിടത്തും ശുദ്ധജലം എത്തിക്കാൻ കഴിയൂ.