5.13 കോടി ഫയലിൽ: കോതേകാട്ട് പാലം പടിക്കെട്ടിൽത്തന്നെ

തിരുവല്ല : തിരുവല്ലയിൽ നാലരവർഷം മുമ്പ് ഭരണാനുമതി ലഭിച്ച പാലംപണി അനിശ്ചിതത്വത്തിൽ. കാരയ്ക്കൽ കോതേകാട്ട് സ്റ്റെപ്പ് പാലം പൊളിച്ച് പണിയാനുള്ള നടപടികളാണ് സ്തംഭിച്ചുകിടക്കുന്നത്. അഞ്ച് വർഷം മുമ്പ് 5.13 കോടി രൂപയാണ് പാലം പണിക്കായി അനുവദിച്ചത്. 2021 ഡിസംബറിലാണ് പാലംപണിക്ക് ഭരണാനുമതിയായത്. പഴയ ചവിട്ടുപടിപ്പാലം പൊളിച്ച് പുതിയത് പണിയുന്നതാണ് പദ്ധതി. പുതിയപാലത്തിന് 20 മീറ്റർ നീളം ഉണ്ടാകും 9.75 മീറ്ററാണ് വീതി.
നടപ്പാതയും ഉണ്ടാകും. പാലത്തിന്റെ അനുബന്ധ പാതയുടെ വീതികൂട്ടി ബി.എം.ബി.സി. നിലവാരത്തിൽ ടാർചെയ്യുന്നത് ഉൾപ്പടെയുള്ള പദ്ധതിയാണ് പ്രഖ്യാപിക്കപ്പെട്ടത്. പാലത്തേക്കാൾ വീതികൂട്ടിവേണം റോഡ് പണിയാൻ. നിലവിലുള്ള പാതയ്ക്ക് ശരാശരി ആറുമീറ്ററാണ് വീതി. 10 മീറ്ററെങ്കിലും പുതിയ പാതയ്ക്ക് വേണമെന്ന് പൊതുമരാമത്ത് വകുപ്പ് നിലപാട് എടുത്തിരുന്നു. ഇതിനായി സ്ഥലം ഏറ്റെടുക്കുന്നതിന് സർവേ നടത്തി കല്ലുകൾ സ്ഥാപിച്ചു. മുറിച്ചുനീക്കേണ്ട മരങ്ങളുടെ മൂല്യം കണക്കാക്കുന്ന നടപടികളും തുടങ്ങിയിരുന്നു. തുടർന്നിങ്ങോട്ട് പദ്ധതി നിലച്ചമട്ടിലായി. സർക്കാർ സാമ്പത്തിക ബുദ്ധിമുട്ടിലായതോടെ പാലംപണി സ്തംഭനാവസ്ഥയിലായി. അടുത്ത സംസ്ഥാന ബജറ്റിൽ പദ്ധതി ഉൾപ്പെടുത്താൻ ശ്രമിക്കുമെന്നാണ് ഇപ്പോൾ അധികൃതർ പറയുന്നത്. തിരുവല്ല നഗരസഭയെയും പെരിങ്ങര പഞ്ചായത്തിനെയും ബന്ധിപ്പിച്ച് കാരയ്ക്കൽ തോടിന് കുറുകെയാണ് കോതേകാട്ട് പാലം. പഞ്ചായത്ത് പ്രദേശത്തുള്ളവർക്കാണ് പാലംകൊണ്്്്െള പ്രയോജനം ഏറെയും. അരനൂറ്റാണ്ടിലധികം പഴക്കമുള്ളതാണ് നിലവിലെ പാലം. കൈവരികൾ തകർന്ന പാലത്തിൽനിന്ന് ഒട്ടേറെ യാത്രക്കാർ തോട്ടിൽ വീണിട്ടുണ്ട്. ഇരുവശത്തും 18 പടികൾ വീതമാണ് പാലത്തിനുള്ളത്. പടിയുടെ മധ്യഭാഗത്തുകൂടി ഇരുചക്രവാഹനം കയറ്റിക്കൊണ്ടുപോകാൻ റാമ്പ് പണിതിട്ടുണ്ട്.
വാഹനം കയറ്റിക്കൊണ്ടുപോകുന്നതിനിടെ തോട്ടിൽ വീണ് പരിക്കേറ്റയാൾ ചികിത്സയിലിരിക്കെ മരിച്ച സംഭവവും ഉണ്ടായി. പുതിയ പാലം പണിയുന്നതിന് 2003 ഏപ്രിലിൽ സ്ഥാപിച്ച ഫലകം കിഴക്കേകരയിലുണ്ട്. പഞ്ചായത്തും മുനിസിപ്പാലിറ്റിയും ചേർന്ന് പാലം പുതുക്കാനുള്ള പദ്ധതികളാണ് അക്കാലത്ത് നടന്നിരുന്നത്.
എന്നാൽ ഫണ്ട് തികയാതെ വന്നതോടെ ഉപേക്ഷിക്കപ്പെട്ടു. വെള്ളപ്പൊക്ക സമയത്ത് കാരയ്ക്കൽ തോട്ടിലൂടെ കനത്ത ഒഴുക്കാണ്.
പാലത്തിന്റെ പില്ലറുകളിൽ മരക്കമ്പുംപോളയും മറ്റും തടഞ്ഞുനിൽക്കും. ഒഴുക്ക് ശക്തമാകുമ്പോൾ പില്ലർ തകരുമോയെന്ന ഭയമുണ്ടെന്ന് പ്രദേശവാസിയായ അജയ് ഗോപിനാഥ് പറഞ്ഞു.