കിണറ്റിൽവീണ പശുവിനെ അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി

കുന്നന്താനം : കാടുമൂടി ആൾമറ ഇല്ലാതെകിടന്ന കിണറ്റിൽവീണ പശുവിനെ അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി.പാലയ്ക്കാത്തകിടിയിൽ പാലമണ്ണിൽ വീട്ടിൽ തുളസീധര കൈമളിന്റെ പശുവിനെയാണ് രക്ഷിച്ചത്.20-അടിയോളം താഴ്ചയും അഞ്ചടിയോളം വെള്ളവുമുള്ള കിണറ്റിൽനിന്നാണ് കരയ്ക്ക് കയറ്റിയത്. ഇതിനെ മറ്റൊരു ഭാഗത്തേക്ക് അഴിച്ചുമാറ്റി കെട്ടുന്നതിനിടെയാണ് സംഭവം. മുന്നോട്ടുനടന്നു നീങ്ങുന്നതിനിടെ കാടുമൂടിയ കിണറ്റിലേക്ക് നിലതെറ്റി വീഴുകയായിരുന്നു. അതിനിടെ പശുവിനെ കെട്ടിയിരുന്ന കയർ തുളസീധര കൈമളിന്റെ കാലിൽ കുരുങ്ങി. നിലത്തുവീണ കൈമളുടെ കാലിന് നിസ്സാര പരിക്കേറ്റു. അഗ്‌നിരക്ഷാസേനയിലെ ഫയർ ഓഫീസർ ശരത്‌ലാൽ റോപ്പ് ഉപയോഗിച്ച് കിണറ്റിൽ ഇറങ്ങി പശുവിന്റെ ശരീരത്തിൽ ഹോസ് ബന്ധിച്ച് നാട്ടുകാരുടെ സഹായത്തോടെ കരയ്ക്ക് എത്തിച്ചു. തിരുവല്ല അഗ്‌നിരക്ഷാനിലയത്തിലെ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ഹരീഷ് കുമാറിന്റെ നേതൃത്വത്തിൽ സീനിയർ ഫയർ ഓഫീസർ ജയൻ മാത്യു, ഫയർ ഓഫീസർമാരായ അനിൽകുമാർ, ശ്രീദാസ് എന്നിവർ അടങ്ങുന്ന സംഘം രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.