തൃക്കാക്കരയിൽ പിടിയിലായവരോ; അടൂരിലെ മോഷണത്തിന് പിന്നിൽ

‘ഹെൽമെറ്റ് സംഘ’ത്തിന്റെ മോഷണം തട്ടയിൽ ശാസ്താക്ഷേത്രത്തിലും
അടൂർ : ശനി മുതൽ തിങ്കൾ വരെ തുടർച്ചയായി മൂന്നുദിവസം. ക്ഷേത്രം, പള്ളി, കട, വീട് എന്നിങ്ങനെ മോഷ്ടാക്കൾ കയറിയിറങ്ങിയതോടെ അടൂരിൽ ജനങ്ങൾക്ക് ഉറക്കമില്ല. മോഷ്ടാക്കളെ കണ്ടെത്താൻ പോലീസിനും വിശ്രമമില്ല.
മൂന്നുദിവസത്തിനിടെ അടൂരിലും പരിസരങ്ങളിലുമായി പത്തിടണ് മോഷണവും മോഷണശ്രമവും നടന്നത്. ഇതിനിടെ തുവയൂർ വടക്ക് അന്തിച്ചിറ കോട്ടൂർ ദേവീക്ഷേത്രത്തിലെ മോഷണവുമായി ബന്ധപ്പെട്ട് വഴിത്തിരിവുണ്ടായതായാണ് സൂചന. ക്ഷേത്രത്തിൽനിന്ന് മോഷ്ടിച്ച സാധനങ്ങളുമായി പോയ രണ്ടുപേർ എറണാകുളം തൃക്കാക്കര പോലീസിന്റെ പിടിയിലായതായാണ് വിവരം.
തൃക്കാക്കരയിൽ നടന്ന മോഷണവുമായി ബന്ധപ്പെട്ട് ഇവരെ അറസ്റ്റുചെയ്തപ്പോൾ, ഇവരുടെ കൈവശം കോട്ടൂർ ക്ഷേത്രത്തിൽനിന്ന് മോഷ്ടിച്ച സാധനങ്ങൾ കണ്ടെത്തിയതെന്നാണ് സൂചന. തൃക്കാക്കരയിലെ കേസിൽ ഇരുവരെയും റിമാൻഡ് ചെയ്തിട്ടുണ്ട്. കോട്ടൂർ ക്ഷേത്രമോഷണവുമായി ബന്ധപ്പെട്ട് ഇവരെ എറണാകുളം കോടതിയിൽനിന്ന് അടൂർ പോലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യംചെയ്യുമെന്നാണ് വിവരം. തുടർന്ന് ക്ഷേത്രത്തിലെത്തിച്ച് തെളിവെടുപ്പും നടത്തും.
ശനിയാഴ്ച പുലർച്ചെ കോട്ടൂർ ക്ഷേത്രത്തിൽ മോഷണം നടത്തിയശേഷം എറണാകുളത്തേക്ക് പോയ സംഘമാണ് ഞായറാഴ്ച തൃക്കാക്കര പോലീസിന്റെ പിടിയിലായതെന്നാണ് പോലീസിന് ലഭിച്ച വിവരം. എന്നാൽ, ഞായറാഴ്ച പുലർച്ചെയും തിങ്കളാഴ്ച പുലർച്ചെയും അടൂരിലും പരിസരങ്ങളിലും നടന്ന മോഷണപരമ്പരയിൽ ഇവർക്ക് പങ്കില്ലെന്നാണ് പോലീസ് പറയുന്നത്. അതിനാൽ ആ മോഷ്ടാക്കളെ കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണ്.
പ്രതിഷേധം
:അടൂരിൽ തുടർച്ചയായ മോഷണങ്ങൾ ജനങ്ങളിൽ വലിയ ആശങ്കയുണ്ടാക്കിയിരിക്കുകയാണ്. ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കാൻ പോലീസ് നടപടി സ്വീകരിക്കണമെന്ന് സി.പി.എം. ഏരിയ സെക്രട്ടറി അഡ്വ. എസ്. മനോജ് ആവശ്യപ്പെട്ടു. മോഷ്ടാക്കളെ കണ്ടെത്താനും നിയമനടപടി ശക്തമാക്കാനും പോലീസ് തയ്യാറാകണമെന്ന് സി.പി.ഐ. അടൂർ ഈസ്റ്റ്, വെസ്റ്റ് ലോക്കൽ കമ്മിറ്റി സെക്രട്ടറിമാരായ ഇ.കെ. സുരേഷ്, ബോബി മാത്തുണ്ണി എന്നിവർ ആവശ്യപ്പെട്ടു. രാത്രി പോലീസ് പട്രോളിങ് ശക്തമാക്കണമെന്നും ആവശ്യപ്പെട്ടു.